കിങ് മടങ്ങുന്നു; തിയറി ലസ്പിയോക് ഔഡി ഇന്ത്യ മേധാവി

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ഇന്ത്യയിലെ മേധാവിയായിരുന്ന ജോ കിങ് ജർമനിയിലേക്കു മടങ്ങി. 2013 സെപ്റ്റംബർ മുതൽ ഔഡി ഇന്ത്യയെ നയിച്ച കിങ്ങിന് ഔഡി എ ജിയിൽ രാജ്യാന്തര തലത്തിലാണു പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. ഫോക്സ്‌വാഗൻ ഗ്രൂപ് സെയിൽ ഇന്ത്യ മാനേജിങ് ഡയറക്ടറായ തിയറി ലസ്പിയോക്കിനാണ് ഔഡി ഇന്ത്യ മേധാവിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. 2014 മേയ് മുതൽ ഫോക്സ്‌വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ മേധാവിയാണു ലസ്പിയോക്.

കിങ്ങിന്റെ നേതൃത്വത്തിൽ ഔഡി ഇന്ത്യയുടെ വിൽപ്പനിയൽ ഗണ്യമായ വർധന കൈവരിച്ചിരുന്നു. 2013ൽ 10,002 യൂണിറ്റ് വിറ്റത് 2015ൽ 11,192 കാറുകളായി ഉയർന്നു. 2014ലാവട്ടെ 10,851 യൂണിറ്റ് വിൽപ്പനയോടെ പ്രധാന എതിരാളികളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയെ പിന്തള്ളാനും ഔഡിക്കു സാധിച്ചു; 10,201 യൂണിറ്റായിരുന്നു ബെൻസിന്റെ അക്കൊല്ലത്തെ വിൽപ്പന. പക്ഷേ കഴിഞ്ഞ വർഷം ശക്തമായ തിരിച്ചുവരവ് നടത്തിയ മെഴ്സീഡിസ് ബെൻസ് നാട്ടുകാരായ ഔഡിയെയും ബി എം ഡബ്ല്യുവിനെയും തറപറ്റിച്ചു; ബെൻസ് 13,152 യൂണിറ്റ് വിറ്റപ്പോൾ ഔഡിയുടെ വിൽപ്പന 11,192 യൂണിറ്റിലൊതുങ്ങി. ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരിച്ചതിനൊപ്പം പരിശീലന വിഭാഗത്തിലും ഗണ്യമായ നിക്ഷേപം നടത്തിയാണു കിങ് മടങ്ങുന്നത്. ഇന്ത്യയിലെ ഡീലർഷിപ്പുകളുടെ എണ്ണം 42 ആയി ഉയർത്തിയതിനൊപ്പം ‘ഔഡി മൊബൈൽ ടെർമിനൽ ടൂർ’ പോലുള്ള ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികൾ ആവിഷ്കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

യൂണിവേഴ്സിറ്റി ഓഫ് മെൽബണിൽ പഠനം പൂർത്തിയാക്കിയ കിങ്ങിന് വാഹന വ്യവസായ മേഖലയിൽ 26 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. 1990ൽ ഓസ്ട്രേലിയയിൽ ടൊയോട്ടയ്ക്കൊപ്പം ഔദ്യോഗിക ജീവിതം ആരംഭിച്ച ജോ കിങ് പിന്നീട് ബി എം ഡബ്ല്യുവിൽ ചേർന്നു; അവിടെ നിന്നാണ് ഔഡിയിലേക്കു ചേക്കേറുന്നത്. ഔഡി ഓസ്ട്രേലിയയിലെ മാനേജ്മെന്റ് ടീമിൽ അംഗമായിരിക്കെയാണു കിങ് ഇന്ത്യയിൽ ഔഡിയെ നയിക്കാനെത്തുന്നത്. കിങ്ങിന്റെ താൽക്കാലിക പകരക്കാരനായ ലസ്പിയോക്കിനാവട്ടെ വാഹനവ്യവസായത്തിൽ 37 വർഷത്തെ പ്രവർത്തന പരിചയമാണുള്ളത്. 2004ൽ ഫോക്സ്‌വാഗനൊപ്പം ചേർന്ന ലസ്പിയോക് നേരത്തെ ടൊയോട്ട ഫ്രാൻസ് മേധാവിയായും റെനോ നിസ്സാൻ സ്വിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്.