സംതൃപ്തിയിൽ മുന്നിൽ ടൊയോട്ടയുടെ ഡീലർമാർ

ഇന്ത്യൻ വാഹന വ്യാപാരികളിൽ ഏറ്റവും സംതൃപ്തർ ടൊയോട്ട വിൽക്കുന്നവരെന്നു ജെ ഡി പവർ ഏഷ്യ പസഫിക് സർവേ. മാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായ് തുടങ്ങിയവയുടെ ഡീലർമാരെ പിന്തള്ളിയാണു ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഈ നേട്ടം കൈവരിച്ചത്. സംതൃപ്തരായ ഡീലർമാരെ കണ്ടെത്താനുള്ള ജെ ഡി പവർ സർവേയിൽ ആയിരത്തിൽ 826 പോയിന്റോടെയാണ് ടി കെ എം ഇക്കൊല്ലവും ആദ്യ സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ വർഷം 827 പോയിന്റാണു ടൊയോട്ട നേടിയത്.

ഡീലർമാരുടെ സംതൃപ്തിയിൽ 919 പോയിന്റ് നേടാൻ ടൊയോട്ടയ്ക്കു കഴിഞ്ഞു. വിൽപ്പന, വിപണന നടപടികൾ, ഉൽപന്നം, വാഹന ഓർഡറും ഡെലിവറിയും, സെയിൽസ് ടീം, പാർട്സ്, വാറന്റി ക്ലെയിം, വിൽപ്പനാന്തര സർവീസ് ടീം, പരിശീലനം, നിർമാതാവിന്റെ പിന്തുണ തുടങ്ങിയ ഘടകങ്ങളിലെല്ലാം ടൊയോട്ട എതിരാളികളെ പിന്തള്ളി.

രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനാണു സർവേയിൽ രണ്ടാം സ്ഥാനം: 885 പോയിന്റ്. ഒറ്റ പോയിന്റ് വ്യത്യാസത്തിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് മൂന്നാമതെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 25 പോയിന്റ് നേട്ടം(883 പോയിന്റ്) കൈവരിച്ച കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനാണു നാലാം സ്ഥാനം.

ഡീലർമാരെ സംതൃപ്തരാക്കുന്നതിൽ ഏറ്റവുമധികം പുരോഗതി കൈവരിച്ചതു ജപ്പാനിൽ നിന്നുള്ള നിസ്സാൻ ആണ്. 2014നെ അപേക്ഷിച്ച് 63 പോയിന്റ് നേട്ടത്തോടെ 756 പോയിന്റാണു കമ്പനി ഇക്കൊല്ലം സ്വന്തമാക്കിയത്.

ജെ ഡി പവർ സർവേയിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയ ടൊയോട്ടയുടെയും മാരുതിയുടെയും ഹോണ്ടയുടെയും ഹ്യുണ്ടായിയുടെയും ഡീലർമാരാണ് ഇക്കൊല്ലത്തെ പ്രവർത്തനത്തിൽ ലാഭം പ്രതീക്ഷിക്കുന്നവരുടെ പട്ടികയിലും മുന്നിട്ടു നിൽക്കുന്നത്. വാഹന നിർമാതാക്കളുടെ പ്രവർത്തനത്തിൽ ഡീലർമാർക്കുള്ള സംതൃപ്തി വിലയിരുത്തുമ്പോൾ ഇക്കൊല്ലം 826 പോയിന്റാണു ലഭിക്കുന്നതെന്നാണു ജെ ഡി പവറിന്റെ കണ്ടെത്തൽ. 2014ലാവട്ടെ ശരാശരി 827 പോയിന്റായിരുന്നു.

പഠനവിധേയമാക്കിയ ഒൻപതു ഘടകങ്ങളിൽ പാർട്സ് ലഭ്യത, വിൽപ്പനാന്തര സേവന ടീം, വാറന്റി ക്ലെയിം തുടങ്ങി അഞ്ചു കാര്യങ്ങളിൽ നിർമാതാക്കൾ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കമ്പനികളുടെ ഉൽപന്ന ശ്രേണിയെപ്പറ്റി 25% ഡീലർമാർക്കും മതിപ്പില്ലെന്നു പഠനം വ്യക്തമാക്കുന്നു.

പുതിയ മോഡലുകളുടെയും വകഭേദങ്ങളുടെയും അവതരണവേളയിൽ ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് 27% ഡീലർമാർക്കും പരാതിയുണ്ട് . വിപണിയിൽ കാര്യക്ഷമമായ മത്സരം കാഴ്ചവയ്ക്കാനുള്ള ശ്രേണി നിർമാതാക്കൾക്കില്ലെന്നാണ് 24% ഡീലർമാരുടെ വിലയിരുത്തൽ.