ഇന്ത്യയിൽ കളം മാറ്റി കളിക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യൻ വിപണിയിൽ വേറിട്ട പാത പിന്തുടരാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ തീരുമാനം. വിൽപ്പന സാധ്യതയേറിയ ചെറുകാറുകൾക്കു പകരം കൂടുതൽ സുരക്ഷയും ഉയർന്ന ഗുണനിലവാരം ഉറപ്പു നൽകുന്ന, വിലയേറിയ പ്രീമിയം വിഭാഗത്തിലേക്കു പ്രവർത്തനം പരിമിതപ്പെടുത്താനാണു കമ്പനിയുടെ ഉപസ്ഥാപനമായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഒരുങ്ങുന്നത്. രണ്ടു പതിറ്റാണ്ടോളമായി രംഗത്തുണ്ടായിട്ടും ഇന്ത്യൻ കാർ വിപണിയിൽ കാര്യമായ സ്വാധീനം നേടാൻ ടി കെ എമ്മിനു കഴിഞ്ഞിട്ടില്ല. അഞ്ചു ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾക്ക് സമഗ്രാധിപത്യമുള്ള വിപണിയിലെ മേധാവിത്തം ജപ്പാനിൽ നിന്നുള്ള എതിരാളികളായ മാരുതി സുസുക്കിക്കും കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോറിനുമാണ്. ഈ സാഹചര്യത്തിലാണ് എണ്ണത്തിൽ വിട്ടുവീഴ്ച ചെയ്തും ഗുണമേന്മയ്ക്ക് പ്രാഥമിക പരിഗണന നൽകാനുള്ള ടൊയോട്ടയുടെ നീക്കം.

വകഭേദ വ്യത്യാസമില്ലാതെ എല്ലാ മോഡലിലും ഇരട്ട എയർബാഗ് പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാവുമെന്നാണു ടി കെ എം മാനേജിങ് ഡയറക്ടർ നവോമി ഇഷിയുടെ പ്രതീക്ഷ. വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇന്നോവ’യുടെയും എസ് യു വിയായ ‘ഫോർച്യൂണറി’ന്റെയും വിൽപ്പന ഗണ്യമായി വർധിപ്പിച്ച ഇന്ത്യൻ വിപണിയിലെ വിഹിതം ഉയർത്താമെന്നും ഇഷി കണക്കുകൂട്ടുന്നു. വില അടിസ്ഥാനമാക്കി മാത്രം മത്സരിക്കുന്ന കാർ പുറത്തിറക്കാൻ ടൊയോട്ടയില്ലെന്നും ഇഷി വ്യക്തമാക്കുന്നു. ആഗോള വാഹന വിപണികളിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിലവിൽ അഞ്ചു ശതമാനത്തോളമാണ് ടൊയോട്ടയുടെ വിഹിതം.

ചെറു കാർ ആണെങ്കിൽ പോലും ടൊയോട്ട പുറത്തിറക്കുമ്പോൾ സുരക്ഷ, ഇന്ധനക്ഷമത, പരിസ്ഥിതി മലിനീകരണം തുടങ്ങിയവയിലൊക്കെ നിലവാരം പുലർത്തണമെന്നു കമ്പനിക്കു നിർബന്ധമുണ്ട്. ഇതുമൂലം വില ഉയരുമെങ്കിലും വിപണിക്കു തന്നെ ദിശാബോധം നൽകാൻ ടൊയോട്ടയ്ക്കു കഴിയുമെന്ന് ഇഷി അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിക്കായി ഇടക്കാല, ദീർഘകാല തന്ത്രങ്ങൾ മെനയാനായി കഴിഞ്ഞ വർഷമാണു ടൊയോട്ട ഇഷി(50)യെ ജപ്പാനിൽ നിന്നു ടി കെ എമ്മിന്റെ മേധാവിയാക്കിയത്. മാനേജിങ് ഡയറക്ടർ പദവി കയ്യാളുന്നവരിലെ ചെറുപ്പക്കാരനാണെങ്കിലും ഗ്ലോബൽ പ്രോഡക്ട് സ്ട്രാറ്റജി, വിലനിർണയം തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിനു ദീർഘനാളത്തെ പരിചയമുണ്ട്. പോരെങ്കിൽ ടൊയോട്ടയുടെ ഭാവി പദ്ധതികൾക്കു നേതൃത്വം നൽകിയ പരിചയവുമായാണ് ഇഷി ഇന്ത്യയിലെത്തുന്നത്.

ഇന്ത്യൻ കാർ വിപണിയുടെ മേൽത്തട്ട് ലക്ഷ്യമിട്ടാവും ടി കെ എം പുതിയ മോഡലുകൾ അവതരിപ്പിക്കുകയെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്ന ഇന്ത്യൻ സമ്പന്നരിലാണു കമ്പനിയുടെ നോട്ടം. വരും നാളുകളിൽ കോംപാക്ട് യൂട്ടിലിറ്റി വാഹനവും സെഡാനുമാവും ടി കെ എം പുറത്തിറക്കുകയെന്നാണു സൂചന; ഹോണ്ട ‘സിറ്റി’യെ നേരിടാൻ ടൊയോട്ട ‘വയോസി’നെ പടയ്ക്കിറക്കാനും സാധ്യതയേറെ. എന്നാൽ പുതിയ മോഡൽ അവതരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇഷി പ്രതികരിച്ചിട്ടില്ല.

ബജറ്റ് ബ്രാൻഡായ ഡയ്ഹാറ്റ്സുവിന്റെ അരങ്ങേറ്റത്തിനു വഴിയൊരുക്കാനാണ് ടൊയോട്ടയുടെ ചുവടുമാറ്റമെന്നും കരുതുന്നവരുണ്ട്. ഇന്ത്യൻ വിപണിയിലെ വിൽപ്പന സാധ്യതയേറിയ വിഭാഗത്തിൽ ടൊയോട്ടയ്ക്ക് നേട്ടമുണ്ടാക്കാനാവാതെ പോയതിനാൽ ഡയ്ഹാറ്റ്സുവിലൂടെ തിരിച്ചെത്താനാണത്രെ കമ്പനിയുടെ നീക്കം. ഇന്ത്യയോടു സാമ്യമുള്ള ഇന്തൊനീഷൻ വിപണിയിൽ ടൊയോട്ട — ഡയ്ഹാറ്റ്സു സഖ്യം നേട്ടം കൊയ്ത അനുഭവവും കമ്പനിക്കു മുന്നിലുണ്ട്. അതേസമയം ഡയ്ഹാറ്റ്സു ഇന്ത്യയിലെത്താനുള്ള സാധ്യത തള്ളുന്നില്ലെങ്കിലും ഇതിനുള്ള നീക്കം തുടങ്ങിയിട്ടില്ലെന്ന നിലപാടിലാണ് ഇഷി.