Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർച്യൂണറിന് ഭീഷണിയാകാൻ ഹോണ്ട സിആർ–വി ഡീസൽ

honda-cr-v Honda CR-V

ഇന്ത്യൻ വിപണിക്കായി അണിയിച്ചൊരുക്കിയ മൂന്നു മോഡലുകളാണു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ(എച്ച് സി ഐ എൽ) കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രധാനമായും അണിനിരത്തിയത്. ഇതിൽ എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’ ദിവസങ്ങൾക്കകം ഔപചാരികമായി അരങ്ങേറ്റവും കുറിക്കും. അതേസമയം സെഡാനായ ‘സിവിക്’, സ്പോർട്  യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സി ആർ — വി’ എന്നിവ എപ്പോഴാവും വിൽപ്പനയ്ക്കെത്തുകയെന്നു ഹോണ്ട പ്രഖ്യാപിച്ചിരുന്നില്ല. നടപ്പു സാമ്പത്തിക വർഷം ഇവ രണ്ടു വിപണിയിലെത്തുമെന്നു മാത്രമായിരുന്നു കമ്പനിയുടെ വാഗ്ദാനം.

New Gen Honda CR-V Unveiled at Auto Expo 2018

‘അമെയ്സി’നു പിന്നാലെ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാവും പുത്തൻ ‘സിവിക്കും’ ‘സി ആർ — വി’യും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയെന്നാണു പുതിയ വിവരം. നവരാത്രി — ദീപാവലി ഉത്സവകാലത്തോടെയാവും ‘സി ആർ — വി’യെ ഹോണ്ട പടയ്ക്കിറക്കുക. വർഷാവസാനത്തോടെയോ പുതുവർഷത്തിലോ പുത്തൻ ‘സിവിക്കി’നെയും ഇന്ത്യയിൽ പ്രതീക്ഷിക്കാം. ഇടക്കാലത്ത് ഇന്ത്യയോടു വിട പറഞ്ഞ ‘സിവിക്കി’ന്റെ രണ്ടാം വരവാകുമിതെന്ന പ്രത്യേകതയുമുണ്ട്. 

‘സി ആർ — വി’യിലൂടെ ഹോണ്ടയിൽ നിന്നുള്ള പുത്തൻ ഡീസൽ എൻജിനും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. പുതിയ ‘സി ആർ — വി’യിലൂടെയാവും 1.6 ലീറ്റർ, ഐ — ഡി ടെക് ടർബോചാർജ്ഡ് ഡീസൽ എൻജിൻ ഇന്ത്യയിൽ ലഭ്യമാവുക. പരമാവധി 118 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക; എന്നാൽ യൂറോപ്യൻ വിപണികളിൽ ഇതിലേറെ കരുത്തും ടോർക്കുമാണ് ഈ എൻജിനിൽ പിറക്കുന്നത്. ഇതിനു പുറമെ 2.4 ലീറ്റർ ഐ — വി ടെക് പെട്രോൾ എൻജിൻ സഹിതവും ‘സി ആർ — വി’ വിൽപ്പനയ്ക്കെത്തും; 186 ബി എച്ച് പി വരെ കരുത്തും 226 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

വിദേശ നിർമിത കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ സംയോജിപ്പിച്ചാവും പുതിയ ‘സി ആർ — വി’യും വിൽപ്പനയ്ക്കെത്തുക. നിലവിലുള്ള ‘സി ആർ — വി’യെ അപേക്ഷിച്ച് മൂന്നാം നിര സീറ്റോടെ ഏഴു പേർക്കു യാത്രാസൗകര്യം വാഗ്ദാനം ചെയ്താവും പുതിയ മോഡലിന്റെ വരവ് എന്നതാണു ഹോണ്ട നേരിടുന്ന വെല്ലുവിളി. ഇതോടെ ഫോഡ് ‘എൻഡേവറി’നോടും ടൊയോട്ട ‘ഫോർച്യൂണറി’നോടുമൊക്കെയാവും ‘സി ആർ — വി’യുടെ മത്സരം. 

‘സി ആർ — വി’യെ പോലെ പുതിയ ‘സിവിക്കി’ലും ഡീസൽ എൻജിൻ ലഭ്യമാക്കാൻ ഹോണ്ട ഒരുങ്ങുന്നുണ്ട്. ‘സി ആർ — വി’യിലൂടെ അരങ്ങേറുന്ന 1.6 ലീറ്റർ ഡീസൽ എൻജിൻ തന്നെയാവും പ്രീമിയം സെഡാനായ  ‘സിവിക്കി’ലു ഇടംപിടിക്കുക; അതുപോലെ എൻജിന്റെ പ്രകടനക്ഷമതയിലും മാറ്റമൊന്നുമുണ്ടാവില്ല. ഇതിനു പുറമെ 1.8 ലീറ്റർ പെട്രോൾ എൻജിനോടെയും ‘സിവിക്’ ലഭിക്കും; 138 ബി എച്ച് പി കരുത്തും 174 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പെട്രോൾ എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ, സി വി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ ഉണ്ടാവും. എന്നാൽ ഡീസൽ എൻജിനൊപ്പം മാനുവൽ ഗീയർബോക്സ് മാത്രമാവും ലഭിക്കുക.