ഇന്നോവ ഇല്ല, ഇനി ക്രിസ്റ്റ

Innova Crysta

കണ്ടു കൊതി തീരും മുന്നേ ക്വാളിസ് പോയി ഇന്നോവ വന്നത് മറന്നു വരുന്ന തേയു ള്ളൂ. ഇപ്പൊഴിതാ ഇന്നോവയ്ക്കും അതേ ഗതി. ഇന്നോവ വാങ്ങിയേക്കാം എന്നൊ രു തീരുമാനവുമെടുത്തിരിക്കുമ്പോഴാണറിയുന്നത് ഉത്പാദനം നിർത്തി. ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തിനു മുന്നിൽക്കിടക്കുന്നു ക്രിസ്റ്റ. അഥവാ പുതിയ ഇന്നോവ.

പുതിയ പ്ലാറ്റ്ഫോമിൽ ആധുനികവും ആഡംബരവും കൂടുതൽ സുഖസൗകര്യ ങ്ങളുള്ളതുമായ പുതിയ വാഹനം. പഴയ ഇന്നോവയെക്കാൾ വലുപ്പവും ചന്തവും മാത്രമല്ല വിലയും തെല്ലു കൂടുതൽ. വിലക്കൂടുതൽ ഒരു ദോഷമായിക്കാണരുത്. കാരണം അതിനുള്ള പുരോഗമനം ഇന്നോവയ്ക്കുണ്ടായിട്ടുണ്ട്.

Innova Crysta

∙ പഴയ ഇന്നോവ: ഇന്ത്യയിൽ തികച്ചും പുതുമകളുള്ള സങ്കൽപമായിരുന്നു ഇന്നോവ. എസ്റ്റേറ്റ് കാറിന്റെ ചേല്. ധാരാളം വലുപ്പം. മൂന്നുനിര സീറ്റുകൾ. ഉൾവശത്തിന് ടൊയോട്ടയുടെ ലക്ഷ‍്വറി കാറായ കാംമ്രിയോട് സാദൃശ്യം. ക്വാളിസിന്റെ പകരക്കാരൻ മോശക്കാരനായിരുന്നില്ല.

ഇന്തൊനീഷ്യയും മലേഷ്യയും ബ്രൂണെയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രചാരത്തി ലുണ്ടായിരുന്ന കിജാങ് എന്ന വാഹനത്തിന്റെ ഇന്ത്യൻ രൂപമായിരുന്നു ക്വാളിസ് എങ്കിൽ കിജാങിന്റെ പുതിയ മോഡലായ കിജാങ് ഇന്നൊവയാണ് ഇന്ത്യയിൽ വെറും ഇന്നൊവയായി എത്തിയത്.നീളം 4555 മി മി, വീതി 1770 മി മി, ഉയരം 1745 മി മി, വീൽബേസ് 2750 മി മി.

Innova Crysta

കാറിന്റെ ഗുണമേന്മയും സുഖസൗകര്യങ്ങളുമുള്ള ഇന്നൊവ ഒട്ടേറെ പുതുമകളുടെ സങ്കലനവുമായിരുന്നു. കാറുകളുടേതിനു സമാനമായ സീറ്റിങ് പൊസിഷനുള്ള മൂന്നു നിര സീറ്റുകളുടെ ഫിനിഷ് കൂടിയ മോഡലുകളിൽ ബീജ് ലെതറിലാണ്. ഡാഷ് ബോർഡും കാറുകൾക്കു സമാനം. ഉൾവശമാകെ അന്നത്തെ കാംമ്രിക്കു സമാനം.

∙ പുതിയ ക്രിസ്റ്റ: ഇന്നോവ എന്തൊക്കെയായിരുന്നുവോ അതിന്റെയൊക്കെ കാലികമായ രൂപാന്തരമാണ് ക്രിസ്റ്റ. ടി എം ജി എ പ്ലാറ്റ്ഫോമിലാണ് ക്രിസ്റ്റ നിർമിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് രൂപമാറ്റം. വലുപ്പക്കൂടുതൽ കാഴ്ചയിൽ പെട്ടെന്നു പെടും കാരണം പഴയതിനെക്കാൾ 180 മി മി. നീളവും 60 മി മി വീതിയും 45 മിമി ഉയരവും കൂടുതലുണ്ട്. വീൽബേസ് മാറ്റമില്ല.

Innova Crysta

കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായി എത്തുന്ന ക്രിസ്റ്റ ചില ഏഷ്യൻ വിപണികളിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. 2.5 ലീറ്റർ എൻജിനു പകരം 2.4 ലിറ്റർ എൻജിനായിരിക്കും. 147 ബി എച്ച് പി കരുത്തും 360 എൻ എം ടോർക്കുമുണ്ട്.

സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ രൂപകൽപന. ഹെഡ്‌ലൈറ്റുമായി ചേർത്തുവെച്ചിരിക്കുന്ന ഹെക്സ ഗണൽ ഗ്രിൽ, വലിയ ഫോഗ് ലാംപ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. വീതി കൂടുതലുള്ള പിൻവശം പ്രത്യേകം ശ്രദ്ധേയം.

ഉള്ളിലേക്കു കടന്നാൽ ആദ്യം ശ്രദ്ധയിൽപ്പെടുക കാറുകളെ വെല്ലുന്ന ഡാഷ് ബോർഡാണ്. ഡ്യുവൽ ടോൺ സീറ്റുകൾ, അലുമിനിയം വുഡൻ ട്രിമ്മുകൾ, ഓട്ടൊമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. വലിയ സീറ്റുകൾ. ധാരാളം ലെഗ് റൂം. ഏറ്റവും പിൻ നിരയിലും സ്ഥലം ഇഷ്ടം പോലെ. എ ബി എസ്, എയർബാഗ് അടക്കമുള്ള സുരക്ഷ. 12 മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

2005 ൽ ഇറങ്ങിയ പഴയ ഇന്നോവ ഏറ്റവും വിൽപനയുള്ള മൾട്ടി പർപസ് വാഹനമായി വിരാജിക്കയാണ് വിടവാങ്ങുന്നത്. യാത്രാസുഖത്തിലും കരുത്തിലും കാഴ്ചയിലും ഒരുപോലെ മികവുള്ള ഇന്നോവ ടാക്സി വിഭാഗത്തിൽ തുടർന്നും വിൽപനയ്ക്കുണ്ടാകുമെന്നു ശ്രുതികളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല.