എഫ് സി വിയിൽ സഹകരിക്കാൻ ടൊയോട്ടയും മസ്ദയും

ഇന്ധന സെൽ വാഹന(എഫ് സി വി) സാങ്കേതികവിദ്യ മേഖലയിലെ പങ്കാളിത്തം വ്യാപിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനും മസ്ദ മോട്ടോർ കോർപറേഷനും ആലോചിക്കുന്നു. വിവിധ ലോക രാജ്യങ്ങൾ മലിനീകരണ നിയന്ത്രണ നിലവാരം കർശനമാക്കിയതു മൂലമുള്ള അമിത ചെലവ് നേരിടാനാണു ടൊയോട്ടയും മസ്ദയും പരസ്പര സഹകരണം ഊർജിതമാക്കാനുള്ള മാർഗങ്ങൾ ആരായുന്നത്. ഇതു സംബന്ധിച്ച് ഇരുകമ്പനികളും വൈകാതെ ധാരണയിലെത്തുമെന്നാണു സൂചന.

സാങ്കേതികവിദ്യ, ഉൽപ്പാദന രംഗങ്ങളിൽ ഇപ്പോൾ തന്നെ ടൊയോട്ടയും മസ്ദയുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി മസ്ദയ്ക്ക് ഇന്ധന സെൽ, പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യകൾ കൈമാറാനാണു ടൊയോട്ട ആലോചിക്കുന്നതത്രെ. പകരം ടൊയോട്ടയ്ക്കു മസ്ദ ‘സ്കൈആക്ടീവ്’ ശ്രേണിയിലെ പെട്രോൾ, ഡീസൽ എൻജീൻ സാങ്കേതികവിദ്യകളാണു വാഗ്ദാനം ചെയ്യുക. ഇന്ധനക്ഷമതയേറിയ പെട്രോൾ, ഡീസൽ എൻജിനുകളാണു മസ്ദയുടെ ‘സ്കൈആക്ടീവ്’ ശ്രേണിയിലുള്ളത്.

നേരത്തെ സ്വന്തം നിലയിൽ എഫ് സി വി വികസിപ്പിക്കാനായിരുന്നു മസ്ദയുടെ ശ്രമം. എന്നാൽ പ്രവർത്തന ചെലവ് പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടാണു കമ്പനി ടൊയോട്ടയോടു സഹകരിക്കുന്നത്. ആഗോളതലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വിൽക്കപ്പെടുന്ന ഇന്ധന സെൽ കാറായ ‘മിരൈ’യുടെ നിർമാതാക്കളാണു ടൊയോട്ട.

പരമ്പരാഗത കാറുകളെ അപേക്ഷിച്ചു പൂർണമായും മലിനീകരണ വിമുക്തമായ ബദൽ സാധ്യതയാണ് എഫ് സി വിയെന്നാണു ടൊയോട്ടയുടെ അവകാശവാദം. സാധാരണ കാറുകൾക്കു സമാനമായ ദൂര പരിധിയും ഇന്ധനം നിറയ്ക്കൽ സൗകര്യവും വാഗ്ദാനം ചെയ്യുന്നു എന്നതാണ് എഫ് സി വികളുടെ മറ്റൊരു സവിശേഷത.

അതിനിടെ എഫ് സി വി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ധന സെൽ സാങ്കേതികവിദ്യയിലെ ചില പേറ്റന്റുകൾ സൗജന്യമായി പങ്കുവയ്ക്കാനും ടൊയോട്ട സന്നദ്ധത പ്രകടിപ്പച്ചിട്ടുണ്ട്.