യൂബർ: പ്രത്യേക വായ്പ പദ്ധതിയുമായി ടൊയോട്ട

റൈഡ് ഷെയറിങ് ആപ്ലിക്കേഷനായ യൂബറുമായി സഹകരിക്കാൻ ടൊയോട്ട കിർലോസ്കർ മോട്ടോറും(ടി കെ എം) രംഗത്ത്. സ്വന്തമായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന യൂബർ ഡ്രൈവർമാർക്കു പരിപൂർണ പിന്തുണയാണു ടി കെ എം വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ ഉപസ്ഥാപനമായ ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ(ടി എഫ് എസ് ഐ) വഴി വാഹന വിലയുടെ 90% വരെ വായ്പ ലഭിക്കുക. യൂബർ ഡ്രൈവർമാർക്ക് ‘എത്തിയോസ്’, ‘ലിവ’ മോഡലുകളാണു ടി കെ എം ഈ പദ്ധതി പ്രകാരം ലഭ്യമാക്കുക. സാധാരണ ഗതിയിൽ ഷോറൂം വില അടിസ്ഥാനമാക്കിയാണു വാഹന വായ്പ അനുവദിക്കുക. എന്നാൽ അക്സസറികളുടെ വിലയും സർവീസ് പാക്കേജ്, റജിസ്ട്രേഷൻ, റോഡ് ടാക്സ്, ഇൻഷുറൻസ് ചെലവുകളുമുൾപ്പെട്ട ഓൺ റോഡ് വിലയുടെ 90% വായ്പയാണു ടി എഫ് എസ് ഐ വാഗ്ദാനം ചെയ്യുന്നത്. ഡിസംബർ അവസാനം വരെ ഈ പദ്ധതി പ്രാബല്യത്തിലുണ്ടാവും.

ഇന്ത്യയിലെ റൈഡ് ഷെയറിങ് വിപണിയുടെ മൂല്യം 2020 ആകുമ്പോഴേക്ക് 700 കോടി ഡോളർ(ഏകദേശം 46,723 കോടി രൂപ) ആയി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. യൂബറുമായി സഹകരിച്ചുള്ള പുതിയ പദ്ധതി അവതരിപ്പിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നു ടി കെ എം ഡയറക്ടറും വിൽപ്പന — വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റുമായ എൻ രാജ അഭിപ്രായപ്പെട്ടു. റൈഡ് ഷെയറിങ് വിപണിയുടെ വളർച്ചയ്ക്ക് ഈ ആകർഷക വാഹന വായ്പാ പദ്ധതി വഴി തെളിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘എത്തിയോസ്’ ഉറപ്പു നൽകുന്ന മൂല്യം രാജ്യമെങ്ങുമുള്ള ഫ്ളീറ്റ് ഓപ്പറേറ്റർമാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു രാജ അവകാശപ്പെട്ടു. എല്ലാ വകഭേദത്തിലും ഇരട്ട എയർബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനുമൊക്കെയായി ‘എത്തിയോസും’ ‘ലിവ’യും സുരക്ഷയ്ക്കു പുതിയ നിലവാരം സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.