കോംപാക്ട് എസ് യു വി വിപണി പിടിക്കാൻ ടൊയോട്ടയും

ഇന്ത്യൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വും പ്രീമിയം സെഡാനും അവതരിപ്പിക്കാൻ ടൊയോട്ട ആലോചിക്കുന്നു. ‘എത്തിയോസ്’ ശ്രേണി സമ്മാനിച്ച നിരാശയെ അതിജീവിക്കാനാണു ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയ്ക്കായി പുതിയ കോംപാക്ട് എസ് യു വിയും 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള പ്രീമിയം സെഡാനും പരിഗണിക്കുന്നത്.

ഇന്ത്യൻ വാഹന വിപണിയിൽ 10% വിഹിതമെന്ന ടൊയോട്ടയുടെ മോഹം ഇതുവരെ പൂവണിഞ്ഞിട്ടില്ല. ഈ ലക്ഷ്യത്തിനായി അവതരിപ്പിച്ച എൻട്രി ലവൽ സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യും പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാത്തതാണു ടൊയോട്ടയുടെ സംയുക്ത സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം) തിരിച്ചടിയാവുന്നത്.

ഒന്നര പതിറ്റാണ്ടിലേറെയായി രംഗത്തുണ്ടായിട്ടും ഇന്ത്യയിൽ ടി കെ എമ്മിന്റെ വിപണി വിഹിതം അഞ്ചു ശതമാനത്തിനപ്പുറമായിട്ടില്ല. വിപണി വിഹിതം ഉയരാത്തത്തിനാൽ കർണാടകത്തിലെ ബിദഡിയിലുള്ള നിർമാണശാലയുടെ 3.10 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയും പൂർണതോതിൽ വിനിയോഗിക്കപ്പെടുന്നില്ല. വിൽപ്പന വർധിപ്പിക്കുന്നതിനു പുറമെ ഉൽപ്പാദനശാലയുടെ ശേഷി വിനിയോഗം ഇപ്പോഴത്തെ 50 ശതമാനത്തിൽ നിന്ന് ഗണ്യമായി ഉയർത്താനുള്ള വഴികളാണു കമ്പനി തേടുന്നതെന്ന് ഇഷി വിശദീകരിക്കുന്നു.

കഴിഞ്ഞ വർഷം ടി കെ എം കൈവരിച്ച വിൽപ്പന 1.32 ലക്ഷം യൂണിറ്റായിരുന്നു; 2013ൽ നേടിയ 1.45 ലക്ഷം യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് ഒൻപതു ശതമാനത്തോളം കുറവ്. 2012ൽ രേഖപ്പെടുത്തിയ 1.72 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് ഏറെ കുറവും.

വിൽപ്പന മെച്ചപ്പെടുത്താൻ മോഹമുണ്ടെങ്കിലും മൂന്നു മുതൽ ഏഴു ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾ ഇടംപിടിക്കുന്ന ചെറുകിട, ഇടത്തരം വിഭാഗങ്ങളിലേക്കു കമ്പനി ഇല്ലെന്നാണു ടി കെ എം മാനേജിങ് ഡയറക്ടർ നവോമി ഇഷി വ്യക്തമാക്കുന്നത്. ഈ വിഭാഗങ്ങളിൽ ഉന്നത സാങ്കേതികവിദ്യയുടെ പിൻബലത്തോടെ സുരക്ഷിതത്വവും മലിനീകരണ നിയന്ത്രണവും ഉറപ്പാക്കുന്ന വാഹനങ്ങൾ അവതരിപ്പിച്ചു മാരുതി സുസുക്കിയോടും ഹ്യുണ്ടായിയോടുമൊക്കെ മത്സരിക്കാവുന്ന വിലകളിൽ വിൽക്കുക എളുപ്പമാവില്ലെന്നാണു ടി കെ എമ്മിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ സമ്പന്ന മധ്യവർഗത്തെ ലക്ഷ്യമിട്ട് ഫാഷൻ തുളുമ്പുന്ന സെഡാനും കോംപാക്ട് എസ് യു വിയുമൊക്കെ അവതരിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി.

ഉപയോക്താക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ ‘എത്തിയോസ്’ വിജയിച്ചില്ലെന്ന് ഇഷി അംഗീകരിക്കുന്നു. പെട്രോൾ, സങ്കര ഇന്ധന എൻജിനുകളോടെ എത്തിയ പരിഷ്കരിച്ച ‘കാംറി’ സെഡാന്റെ അവതരണത്തിനെത്തിയതായിരുന്നു ഇഷി. ന്യൂഡൽഹി ഷോറൂമിൽ യഥാക്രമം 28.80, 31.92 ലക്ഷം രൂപയാണു പെട്രോൾ, ഹൈബ്രിഡ് ‘കാംറി’ക്കു വില.

ഇന്ത്യയ്ക്കായി പുതിയ വിപണന തന്ത്രങ്ങൾ പരിഗണിക്കുമ്പോൾ ടൊയോട്ടയ്ക്കു മുന്നിൽ സാധ്യതകൾക്കു പഞ്ഞമില്ലെന്നാണ് ഇഷിയുടെ പക്ഷം. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന ‘വയോസി’നെ 10 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ഇന്ത്യയിൽ അവതരിപ്പിക്കാനാവും. ഹോണ്ട ‘സിറ്റി’, ഹ്യുണ്ടായ് ‘വെർണ’, മാരുതി സുസുക്കി ‘സിയാസ്’ തുടങ്ങിയവയ്ക്കു യോജിച്ച എതിരാളിയാവും ‘വയോസ്’ എന്നാണു വിലയിരുത്തൽ.

വിൽപ്പന സാധ്യതയേറിയ കോംപാക്ട് എസ് യു വി വിഭാഗത്തിലാവട്ടെ ‘റഷ്’ ആണു പ്രതീക്ഷ. ഇന്ത്യയ്ക്കായി ട്യൂണിങ് അടക്കമുള്ള ഘടകങ്ങൾ പരിഷ്കരിച്ചും ഡീസൽ എൻജിൻ ഘടിപ്പിച്ചും ‘റഷി’നെ പടയ്ക്കിറക്കാം. പോരെങ്കിൽ പല വിപണികളിലും ബജറ്റ് ബ്രാൻഡായ ഡയ്ഹാറ്റ്സുവിന്റെ ശ്രേണിയിൽ ‘ടെറിയോസ്’ എന്ന പേരിൽ ടൊയോട്ട ‘റഷ്’ വിൽക്കുന്നുമുണ്ട്.