ജപ്പാനിൽ ടൊയോട്ട കാർ നിർമാണം സാധാരണനിലയിൽ ‌‌

ജപ്പാനിലെ വാഹന നിർമാണം സാധാരണ നില വൈകരിച്ചതായി ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ. അസംസ്കൃത വസ്തുദാതാക്കളായ ഐചി സ്റ്റീലിൽ നടന്ന വൻ സ്ഫോടനത്തെത്തുടർന്നാണു ടൊയോട്ട കഴിഞ്ഞ എട്ടു മുതൽ 13 വരെ ജപ്പാനിലെ വാഹന, യന്ത്രഘടക നിർമാണശാലകൾ അടച്ചിട്ടത്. ഭൂചലനവും സുനാമിയും മൂലം 2011 മാർച്ചിലാണ് ഇതിനു മുമ്പ് ടൊയോട്ട ഇതിലുമേറെ കാലം ഉൽപ്പാദനം നിർത്തിവച്ചത്; വടക്കുകിഴക്കൻ ജപ്പാനെ തച്ചുതകർത്ത പ്രകൃതിദുരന്തത്തിന്റെ ഫലമായി 10 ദിവസമാണു കമ്പനിയുടെ പ്രവർത്തനം നിലച്ചത്.

ടൊയോട്ടയ്ക്കു കൂടി ഓഹരി പങ്കാളിത്തമുള്ള ഐചി സ്റ്റീലിലെ പൊട്ടിത്തെറിയെ തുടർന്നു കമ്പനിയുടെ നിർമാണശാലകളിൽ അസംസകൃതവസ്തു ദൗർലഭ്യം രൂക്ഷമായിരുന്നു. ഇതോടെയാണു ജപ്പാനിലെ വാഹന നിർമാണം താൽക്കാലികമായി നിർത്താൻ കമ്പനി തീരുമാനിച്ചത്. ഒപ്പം കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള വാഹനഘടന നിർമാണശാലകളും എട്ടിന് അടച്ചിടാൻ ടൊയോട്ട തീരുമാനിച്ചു. പിന്നീട് ഈ ശാലകളുടെ പ്രവർത്തനവും 13 വരെ താൽക്കാലികമായി നിർത്താൻ ടൊയോട്ട തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച മുതൽ വാഹന, അനുബന്ധ ഘടക നിർമാണം പുനഃരാരംഭിച്ചതായും സ്ഥിതിഗതി സാധാരണ നില കൈവരിച്ചതായും ടൊയോട്ട അറിയിച്ചു. ഐചി സ്റ്റീലിന്റെ മറ്റു പ്രൊഡക്ഷൻ ലൈനുകളിൽ നിന്നും രാജ്യത്തെ ഇതര ഉരുക്ക് ഉൽപ്പാദകരിൽ നിന്നും അസംസ്കൃത വസ്തുക്കൾ ലഭിച്ചതോടെ ജപ്പാനിലെ 29 അസംബ്ലി, പാർട്സ് പ്ലാന്റുകൾ പ്രവർത്തനം പുനഃരാരംഭിച്ചതായി ടൊയോട്ട വിശദീകരിച്ചു.

പ്ലാന്റ് പ്രവർത്തനം താൽക്കാലികമായി നിർത്തിയത് 2016ലെ ഉൽപ്പാദനലക്ഷ്യത്തെ ബാധിക്കില്ലെന്നാണു ടൊയോട്ടയുടെ പ്രതീക്ഷ; ഇക്കൊല്ലം ആഗോളതലത്തിൽ 1.0196 കോടി വാഹനങ്ങൾ നിർമിക്കാനാണു കമ്പനി തയാറെടുക്കുന്നത്. ഇതിൽ 41.34 ലക്ഷം യൂണിറ്റാണു ജപ്പാന്റെ വിഹിതം. അവധി ദിവസങ്ങളിലും അധിക സമയവുമൊക്കെ പ്ലാന്റുകൾ പ്രവർത്തിപ്പിച്ച് ഈ ലക്ഷ്യത്തിലെത്താനാണു ടൊയോട്ടയുടെ പദ്ധതി. പുതിയ വർഷത്തെ പ്രതിദിന ഉൽപ്പാദനലക്ഷ്യം വെളിപ്പെടുത്താൻ ടൊയോട്ട തയാറായിട്ടില്ല. എന്നാൽ 2015ൽ ദിവസവും 14,000 കാറുകളാണു കമ്പനി നിർമിച്ചിരുന്നതെന്നാണു കണക്ക്. വാഹന നിർമാണത്തിനുള്ള പ്രത്യേകതരം ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന ഐചി സ്റ്റീലിൽ ജനുവരി എട്ടിനാണു വൻപൊട്ടിത്തെറിയുണ്ടായത്. ഇതോടെ കമ്പനിയുടെ ഉൽപ്പാദനകേന്ദ്രം തന്നെ താറുമാറായി. ഐചി സ്റ്റീലിൽ ഉൽപ്പാദനം സാധാരണ നിലയിലെത്താൻ മാർച്ച് ആകുമെന്നാണു പ്രതീക്ഷ.