തടിയിലൊരു കിടിലൻ കാർ ‌

Toyota Setsuna

പുതിയതായി അവതരിപ്പിച്ച കൺസെപ്റ്റ് കാറിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജപ്പാനിൽ നിന്നുള്ള പ്രമുഖ കാർനിർമാതാക്കള്‍ ‌ടൊയോട്ട. സാധാരണ കാറുകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് സെറ്റ്സുന എന്നു പേരിട്ടിരിക്കുന്ന ഈ കൺസെപ്റ്റ് കാർ. കാരണം ഇതിന്റെ ബോഡി ഏറെക്കുറെ പൂർണമായും നിർമിച്ചിരിക്കുന്നത് തടിയിലാണ്. ഇതു തന്നെയാണ് ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയും ആകർഷണവും. പൂർണമായും പ്രവർത്തനസ‍ജ്ജമായ കാറിനു പക്ഷേ നിരത്തിലിറങ്ങാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

Toyota Setsuna

രണ്ടു പേർക്കു സഞ്ചരിക്കാനാകുന്ന കാറിന് മണിക്കൂറിൽ 28 മൈലാണ് പരമാവധി വേഗത. അതിനാൽത്തന്നെ റോഡിലെ ഉപയോഗത്തേക്കാളുപരി ആകർഷണവസ്തുവായി സൂക്ഷിക്കാനുതകുന്നതാണ് ഈ കാറെന്നു വ്യക്തം. അടുത്ത ആഴ്ച നടക്കുന്ന മിലാൻ ഡിസൈൻ വീക്കിൽ പ്രദർശിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ടൊയോട്ട. "ഹെയർലൂം ക്രാഫ്റ്റഡ് ഇൻ വുഡ്" (heirloom crafted in wood) എന്നാണ് കമ്പനി കാറിനെ വിശേഷിപ്പിക്കുന്നത്.

Toyota Setsuna

ആണിയും സ്ക്രൂവും ഉപയോഗിക്കാതെ ജപ്പാനിലെ പരമ്പരാഗത ഇന്റർലോക്കിങ് സിസ്റ്റമായ ഒകുയ്ററി, കുസാബി എന്നിവ ഉപയോഗിച്ചാണ് പാനലുകൾ ഉറപ്പിച്ചിരിക്കുന്നത്. ആകെ 86 പാനലുകള്‍. ശരിക്കും ഒരു ജിഗ്സോ കടങ്കഥ പൂർത്തിയാക്കുന്നതു പോലെ പാനലുകൾ അനായാസം എടുത്തുമാറ്റാനും തിരിച്ചുപിടിപ്പിക്കാനും ഇതുമൂലം സാധിക്കും.

Toyota Setsuna

അകത്തളത്തിലും തടിയുടെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. എന്നാൽ യാത്രാസുഖം ഉറപ്പാക്കുന്നതിനു തുകലിന്റെ ഫിനിഷിങ് നൽകിയിരിക്കുന്നു. വീൽ ക്യാപ്പുകൾ, സീറ്റ് ഫ്രെയ്മുകൾ, സ്റ്റിയറിങ് വീൽ എന്നിവയിൽ അലൂമിനിയം ഉപയോഗിച്ചിട്ടുണ്ട്. ഡാഷ്ബോർഡിൽ നൽകിയിരിക്കുന്ന ക്ലോക്കിനും പ്രത്യേകതയുണ്ട്. സമയത്തിനു പുറമെ വർഷവും ഇതു കാണിക്കുന്നു. നൂറു വർഷം വരെ ഈ ക്ലോക്കിൽ കാണാനാകുമെന്ന് കമ്പനി പറയുന്നു. കലണ്ടർ വർഷത്തിനു പകരം ഉടമയും കാറും തമ്മിലുള്ള ബന്ധമാണ് ഇതു സൂചിപ്പിക്കുക. കാലപഴക്കത്തിനനുസരിച്ച് തടിയുടെ നിറം മാറുന്നു. ഇത് ഉപയോക്താവും കാറും തമ്മിലുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഇതാണ് പ്രധാനമായും തടി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും കമ്പനി പറയുന്നു.