വെനസ്വേലയിൽ ടൊയോട്ടയുടെ കാർ നിർമാണം വീണ്ടും

ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ കാർ നിർമാണം പുനഃരാരംഭിച്ചതായി ജപ്പാനിൽ നിന്നുള്ള ടൊയോട്ട മോട്ടോർ കോർപറേഷൻ. കറൻസി ക്ഷാമത്തെ തുടർന്ന് ആറു മാസത്തോളമായി ടൊയോട്ട വെനസ്വേലയിലെ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കളായ ടൊയോട്ട ഉൽപ്പാദനം പുനഃരാരംഭിച്ചത് തുടർച്ചയായ സാമ്പത്തിക മാന്ദ്യവും ഫാക്ടറി പൂട്ടലുമൊക്കെ നേരിടുന്ന വെനസ്വേലയ്ക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്.

കഴിഞ്ഞ ജനുവരി — ജൂൺ കാലത്ത് വെനസ്വേലയിലെ വാഹന നിർമാണത്തിൽ 2015ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 86% ഇടിവു നേരിട്ടിരുന്നു. പൂർണമായും ഇറക്കുമതി വഴി രാജ്യത്തെത്തുന്ന വാഹനഘടകങ്ങൾക്കു നേരിട്ട ക്ഷാമമാണ് നിർമാണത്തിനു കനത്ത തിരിച്ചടി സൃഷ്ടിച്ചത്. വെനസ്വേലയിലെ കുമന പ്ലാന്റിൽ ഏതാനും ആഴ്ച മുമ്പുതന്നെ വാഹന നിർമാണം പുനഃരാരംഭിച്ചതായി ടൊയോട്ട വെനസ്വേല പ്രസിഡന്റ് റഫേൽ ചാങ് ആണു പ്രഖ്യാപിച്ചത്.

‘കൊറോള’, ‘ഹൈലക്സ്’, ‘ഫോർച്യൂണർ’ മോഡലുകളാണു ശാലയിൽ നിർമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രാദേശിക വിപണിയിൽ വിൽക്കുന്നതിനൊപ്പം അടുത്ത വർഷം പകുതിയോടെ വെനസ്വേലയിൽ നിന്നു കാർ കയറ്റുമതി ചെയ്യാനും ടൊയോട്ടയ്ക്കു പദ്ധതിയുണ്ടെന്നു ചാങ് വെളിപ്പെടുത്തി. വെനസ്വേലയിലെ പ്രവർത്തനം നിലനിർത്താനായി കഴിഞ്ഞ വർഷം മുതൽ ടൊയോട്ട ആ രാജ്യത്തു നിന്നു യന്ത്രഘടകങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.