യൂബറിൽ നിക്ഷേപത്തിനൊരുങ്ങി ടൊയോട്ട

ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ ഓൺ ഡിമാൻഡ് റൈഡ് ഹെയ്‌ലിങ് കമ്പനിയായ യൂബറിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. റൈഡ് ഹെയ്‌ലിങ് രംഗത്തു പ്രവർത്തിക്കുന്ന യൂബർ പോലുള്ള കമ്പനികളെ എതിരാളികളായി കാണാതെ പങ്കാളികളും ഇടപാടുകാരും വിലയേറിയ വിവരങ്ങൾ ലഭിക്കുന്ന സ്രോതസുമായി പരിഗണിക്കാനുള്ള വാഹന നിർമാതാക്കളുടെ ശ്രമത്തിന്റെ തുടർച്ചയായാണു ടൊയോട്ടയുടെ ഈ നടപടി. യൂബർ ഡ്രൈവർമാർക്കു വാഹനങ്ങൾ പാട്ടത്തിനെടുക്കാനുള്ള പുതിയ സാധ്യതകളാണു കമ്പനിയും ടൊയോട്ടയുമായുള്ള സഖ്യം സൃഷ്ടിക്കുക. യൂബർ ഡ്രൈവർമാർക്ക് ആകർഷക വായ്പാ പദ്ധതികളുമായി ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് രംഗത്തെത്തും. യൂബറിൽ നിന്നുള്ള വരുമാനത്തിലൂടെ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യവും ടൊയോട്ടയുമായുള്ള പുതിയ സഖ്യം സൃഷ്ടിക്കുമെന്നാണു സൂചന. യൂബറിലെ നിക്ഷേപം എത്രയാവുമെന്നു ടൊയോട്ട വ്യക്തമാക്കിയില്ല; എന്നാൽ വാഹന വായ്പയ്ക്കപ്പുറത്തേക്ക് ഈ സഖ്യം വളരാനാണു സാധ്യത.

വിജ്ഞാനം പങ്കിടാനും ഗവേഷണം ത്വരിതപ്പെടുത്താനുമുള്ള നടപടികൾ ഇരു പങ്കാളികളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വയം ഓടുന്ന കാറുകളിലും സഞ്ചാരികളെ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള മാർഗങ്ങളിലുമൊക്കെ ടൊയോട്ടയും യൂബറും ഗവേഷണം നടത്തുന്നുണ്ട്. വാഹനം വാങ്ങുന്നത് ഉപേക്ഷിച്ച് ധാരാളം പേർ റൈഡ് ഹെയ്ലിങ് ആപ്ലിക്കേഷൻ വഴി യാത്ര ചെയ്യുന്നതാണ് യൂബർ പോലുള്ള കമ്പനികളോടുള്ള ശത്രുത ഉപേക്ഷിക്കാൻ പരമ്പരാഗത വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്. പുത്തൻ വാണിജ്യ സാധ്യത തിരിച്ചറിഞ്ഞതോടെ യൂബർ പോലുള്ള കമ്പനികളുമായി സഖ്യത്തിലേർപ്പെടാൻ വാഹന നിർമാതാക്കൾക്കിടയിൽ മത്സരം തന്നെ മുറുകുന്നുണ്ട്.

ഇതോടെ ആപ്പിളും ആൽഫബെറ്റിന്റെ ഗുഗിളും മാത്രമല്ല യൂബറിലേക്കും ഗണ്യമായ നിക്ഷേപം ഒഴുകുന്നുണ്ട്. യൂബറിന്റെ മൂല്യമാവട്ടെ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിനും മുകളിലായണു ചിലർ കണക്കാക്കുന്നത്. മാപ്പിങ് അടക്കം സ്വതന്ത്ര സാങ്കേതികവിദ്യയിലാണു യൂബർ നിക്ഷേപം നടത്തുന്നത്; യു എസിൽ ഗവേഷണ ലാബുകൾ തുറന്നു കൃത്രിമ ബുദ്ധിശക്തിയുടെയും സ്വയം ഓടുന്ന കാറുകൾക്കുള്ള റോബോട്ടിക്സിനുമായി 2020നകം 100 കോടി ഡോളർ(ഏകദേശം 6740 കോടി രൂപ) നിക്ഷേപിക്കാനാണു ടൊയോട്ട ഒരുങ്ങുന്നത്.