ഐ പി എൽ: ഗുജറാത്ത് ലയൺസിന്റെ പങ്കാളി ടി വി എസ് ടയേഴ്സ്

ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ ഒൻപതാം സീസണിൽ കളത്തിലിറങ്ങുന്ന പുതിയ ടീമായ ഗുജറാത്ത് ലയൺസിന്റെ പ്രധാന സ്പോൺസറായി ടി വി എസ് ടയേഴ്സ് രംഗത്ത്. ഏപ്രിൽ ഒൻപതിനു തുടങ്ങുന്ന ഐ പി എൽ ടൂർണമെന്റിൽ മത്സരിക്കാനായി രാജ്കോട്ട് ആസ്ഥാനമായി രൂപീകൃതമായ ഈ പുത്തൻ ടീമിനെ നയിക്കുന്നത് ഇന്ത്യൻ താരമായ സുരേഷ് റെയ്നയാണ്. ടീമിന്റെ പ്രിൻസിപ്പൽ സ്പോൺസറെന്ന നിലയിൽ ഗുജറാത്ത് ലയൺസ് കളിക്കാരുടെ ജഴ്സികളിലും പരിശീലന കിറ്റുകളിലുമൊക്കെ ‘ടി വി എസ് ടയേഴ്സ്’ എന്ന പേര് ഇടം നേടും. ബ്രൻഡൻ മക്കല്ലം, ആരോൺ ഫ്ളിഞ്ച്, ഡ്വെയ്ൻ സ്മിത്ത്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവൊ, ദിനേഷ് കാർത്തിക്, ഡെയ്ൽ സ്റ്റെയ്ൻ, ആൻഡ്രൂ ടൈ, അമിത് മിശ്ര, ഉമേഷ് ശർമ തുടങ്ങിയവരാണു ഗുജറാത്ത് ലയൻസിലുള്ളത്. രാജ്കോട്ടും കാൺപൂരുമാണു ടീമിന്റെ ഹോം ഗ്രൗണ്ടുകൾ; ഇരു മൈതാനങ്ങളിലെയും ഓരോ സ്റ്റാൻഡിന്റെ പേരും ‘ടി വി എസ് ടയേഴ്സ് സ്റ്റാൻഡ്’ എന്നാവും.

പുതിയ ഐ പി എൽ സീസണിൽ ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം കുറിക്കുന്ന ഗുജറാത്ത് ലയൺസ് ടീമിന്റെ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ടി വി എസ് ശ്രീചക്ര ലിമിറ്റഡ് ഡയറക്ടർ പി വിജയരാഘവൻ അഭിപ്രായപ്പെട്ടു.ആവേശകരമായ ഐ പി എൽ പ്ലാറ്റ്ഫോം വഴി കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ബ്രാൻഡ് എത്തിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലീഗിൽ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും വിജയരാഘവൻ പ്രത്യാശിച്ചു.ടി വി എസ് ടയേഴ്സ് പോലെ കരുത്തുള്ള ബ്രാൻഡിനെ പങ്കാളിയായി ലഭിച്ചതിൽ ടീം ഉടമയും ഇന്റെക്സ് ടെക്നോളജീസ് ഡയറക്ടറുമായ കേശവ് ബൻസാൽ ആഹ്ലാദം പ്രകടിപ്പിച്ചു. ബ്രാൻഡിന് കൂടുതൽ അംഗീകാരം തേടി ടി വി എസ് ടയേഴ്സിനെ പോലെ ഇന്റെക്സും കായിക ഇനങ്ങളിൽ പങ്കാളിത്തം തേടാറുള്ള കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഐ പി എല്ലിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രേക്ഷകശ്രദ്ധ നേടാനാവുമെന്നതിനാൽ പുതിയ കൂട്ടുകെട്ട് ഇരുകൂട്ടർക്കും ഗുണകരമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.