Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

29 നഗരങ്ങളിൽ ഇനി ‘ഡയൽ ആൻ യൂബർ’ സേവനം

Uber-mobile

ഫോൺ വിളിച്ചാലുടൻ ടാക്സി കാർ ലഭ്യമാവുന്ന ‘ഡയൽ ആൻ യൂബർ’ സേവനം ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ യൂബർ രാജ്യത്തെ 29 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. മൊബൈൽ ഫോണിൽ യൂബർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർക്കും ഓൺലൈൻ ടാക്സി സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു കമ്പനി ‘ഡയൽ ആൻ യൂബർ’ അവതരിപ്പിച്ചത്. നിരക്കു കുറഞ്ഞ ടാക്സി സർവീസായ ‘യൂബർ ഗോ’യാണ് ഈ സംവിധാനത്തിൽ ലഭ്യമാവുക. തുടക്കത്തിൽ നാഗ്പൂർ, കൊച്ചി, ഗുവാഹത്തി, ജോധ്പൂർ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പദ്ധതിയാണു കമ്പനി ഇപ്പോൾ ദേശീയ തലത്തിലേക്കു വ്യാപിപ്പിക്കുന്നത്.

ഓൺലൈൻ ടാക്സി സേവനം കൂടുതൽ പേരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യൂബർ പുതിയ പദ്ധതി ആവിഷ്കരിച്ചതെന്നു കമ്പനി എൻജിനീയറിങ് മേധാവി അപൂർവ ദലാൽ അറിയിച്ചു. സാങ്കേതിക മേഖലയിൽ കമ്പനിക്കുള്ള മേധാവിത്തത്തിലൂടെ വിശ്വസനീയമായ യാത്രാസൗകര്യം കൂടുതൽ പേരിലെത്തിക്കാനാണു യൂബർ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ദലാൽ വിശദീകരിച്ചു. മൊബൈൽ ഫോൺ ബ്രൗസറിൽ ഡയൽ ഡോട്ട് യൂബർ ഡോട്ട് കോം എന്ന വെബ്സൈറ്റ് ലോഗ് ചെയ്ത് സ്വന്തം ഫോൺ നമ്പർ നൽകിയാൽ ‘ഡയൽ ആൻ യൂബർ’ സേവനം പ്രയോജനപ്പെടുത്താം.

നമ്പർ നൽകുന്നതോടെ ടാക്സി ചാർജ്, ഏകദേശ യാത്രക്കൂലി എന്നിവയെല്ലാം ലഭിക്കും; ഒറ്റത്തവണ ക്ലിക്ക് ചെയ്താൽ ടാക്സി ബുക്ക് ചെയ്യാനുമാവും. തുടർന്ന് യൂബർ ടാക്സി ഡ്രൈവറുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭിക്കും. യാത്ര പൂർത്തിയാക്കുമ്പോൾ വാടക പണമായി അടയ്ക്കാനുമാവും. ഇന്റർനെറ്റ് കണക്ഷൻ ദുർബലമായ പ്രദേശങ്ങളിൽ നിന്നും ഓൺലൈൻ ടാക്സി സേവനം പ്രയോജനപ്പെടുത്താമെന്നതാണു ‘ഡയൽ ആൻ യൂബറി’ന്റെ ആകർഷണമായി കമ്പനി കരുതുന്നത്.  

Your Rating: