ഹാൻഡിലിങ് ചാർജ്: 320 കോടിയുടെ തട്ടിപ്പ്

ഹാൻഡ്‌ലിങ് ചാർജ് എന്ന പേരിൽ വാഹനം വാങ്ങുന്നവരിൽ നിന്നു പണം ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നു സംസ്ഥാനത്തെ വിവിധ വാഹന ഡീലറുമാരുടെ ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ റെയ്ഡ്. ‌ഓപ്പറേഷൻ ആന്റി ലൂട്ടിങ് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 5000 രൂപമുതൽ ലക്ഷങ്ങൾ വരെയാണ് ഹാൻഡിലിങ് ചാർജായി ഈടാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഹാൻഡ്‌ലിങ് ചാർജ് ഇനത്തിൽ വേണ്ടിവരുന്ന തുക വാഹന നിർമാണ കമ്പനികൾ തന്നെ ഡീലർമാർക്ക് നൽകുന്നുണ്ട്. ഇക്കാര്യം മറച്ചുവച്ച് ആർടിഒ ഓഫിസിലേക്ക് എന്ന പേരിൽ ഹാൻഡ്‌ലിങ് ചാർജ് വാങ്ങിയായിരുന്നു തട്ടിപ്പ്. കേരളത്തിൽ പ്രതിവർഷം ശരാശരി എട്ടു ലക്ഷം വാഹനങ്ങളാണ് വിൽക്കുന്നത്. ഇതിൽ ആറു ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. ഇരുചക്രവാഹനങ്ങൾക്ക് 5000 രൂപവരെയും മാരുതി ആൾട്ടോയ്ക്ക് 7000 രൂപ വരെയും പ്രീമിയം കാറിന് ഒന്നര ലക്ഷം വരെയുമാണ് ഹാൻഡ്‌ലിങ് ചാര്‍ജായി പിരിക്കുന്നത്. പ്രതിവർഷം ഇത്തരം തട്ടിപ്പിലൂടെ 320 കോടിയോളം രൂപയാണ് ഡീലർമാരുടെ കൈകളിലെത്തിയിരുന്നത്.

ഹാൻഡ്‌ലിങ് ചാർജ് ഇനത്തിൽ അന്യായമായി പണം വാങ്ങുന്നതായി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപിടി. തട്ടിപ്പിൽ ഇതിൽ ഉൾപ്പെട്ട വാഹന ഡീലർമാരുടെ ട്രേഡ് ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു