വിപണിയിലെത്തും മുമ്പെ കാർ ഡീലർഷിപ്പിൽ

2016 അവസാനമോ 2017 ആദ്യമോ പുറത്തിറങ്ങുമെന്നു കരുതുന്ന ഫോക്സ്‌വാഗൻ റ്റിഗ്വാൻ ബെംഗളൂരുവിലെ ഒരു ഡീലറുടെ അടുത്തുണ്ടെന്ന് റിപ്പോർട്ട്. ചില പ്രമുഖ ഓൺലൈൻ പോർട്ടലുകളാണു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ‌

ഗ്രേറ്റർ നോയിഡയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പൊയിൽ ഫോക്സ്‌വാഗൻ അവതരിപ്പിച്ച മൂന്നു പ്രധാന മോഡലുകളിലൊന്നാണു റ്റിഗ്വാൻ. ഡീലറുടെ കൈയ്യിലുള്ള വാഹനം ഓട്ടോ എക്സ്പൊയിൽ അവതരിപ്പിച്ച മോഡലാണെന്നും സൂചനയുണ്ട്. എന്തായാലും വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇന്ത്യയിലെ എസ്‌യുവി വിപണി കൈയ്യടക്കാൻ ഫോക്സ്‌വാഗൻ പ്രയോഗിക്കാനിരിക്കുന്ന പ്രധാന ആയുധമാണു റ്റിഗ്വാൻ. സ്കോഡ ഒക്ടാവിയ, ഫോക്സ്‌വാഗൻ പസാറ്റ് തുടങ്ങിയ മോഡലുകൾ നിർമിച്ചിരിക്കുന്ന മോഡുലർ എംക്യൂബി പ്ലാറ്റ്ഫോമിലാണ് ഈ എസ്‌യുവിയുമെത്തുന്നത്. എൽഇ‍ഡി ഹെഡ്‌ലൈറ്റോടു കൂടിയെത്തുന്ന ആദ്യ ഫോക്സ്‌വാഗൻ മോഡലെന്ന പ്രത്യേകതയും റ്റിഗ്വാനുണ്ട്.

ക്രോമിൽ നിർമിതമാണു ഗ്രിൽ. ഗ്ലാസ് സൈഡ്‌ വിൻഡോസിനു തൊട്ടുതാഴെയും അടിഭാഗത്തുമായി ഇരുവശങ്ങളിലും ക്രോം ലൈനിങ് നൽകിയിരിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകൾ. സ്പ്ലിറ്റ് എൽഇഡി ടെയിൽലൈറ്റുകൾ, സ്പോർട്ടി റിയർ സ്പോയ്‌ലർ, വൈഡ് ടെയിൽഗേറ്റ്, പിൻബംപറിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ഇരട്ട പുകക്കുഴൽ എന്നിവ തികച്ചും പൗരുഷലുക്ക് പ്രദാനം ചെയ്യുന്നു.

ആഗോള വിപണിയിൽ രണ്ട് എൻജിൻ വകഭേദങ്ങൾ ലഭ്യമാണ്. 2.0 ലിറ്റർ റ്റിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എൻജിനു 177 ബിഎച്ച്പി കരുത്തുണ്ട്. 320 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്. 148 ബിഎച്ച്പിയാണു 2.0 ലിറ്റർ റ്റിഡിഐ ടർബോചാർജ്ഡ് ഡീസൽ എൻജിന്റെ കരുത്ത്. പരമാവധി ടോർക് 340 ന്യൂട്ടൺ മീറ്റർ. ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമറ്റിക് ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറു സ്പീഡ് മാനുവൽ ഗിയർബോക്സ് എന്നിങ്ങനെ രണ്ടു ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ‍ ഇരുവകഭേദങ്ങളും ലഭ്യമാണ്.