ഡീസൽ വെന്റോ വിൽപ്പന ‌നിർത്തി‌വെച്ചു

കാർബൺ മോണോക്സൈഡ് പുറന്തള്ളുന്നതിലെ അസ്ഥിരത പരിഗണിച്ച് 3,877 ‘വെന്റോ’ സെഡാൻ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു ഫോക്സ്‌വാഗൻ ഇന്ത്യ. 1.5 ലീറ്റർ ഡീസൽ എൻജിനും മാനുവൽ ഗീയർബോക്സുമുള്ള കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക. ഇതോടൊപ്പം മാനുവൽ ട്രാൻസ്മിഷനുള്ള ഡീസൽ ‘വെന്റോ’യുടെ വിൽപ്പന ഉടനടി പ്രാബല്യത്തോടെ താൽക്കാലികമായി നിർത്തി വയ്ക്കാനും ഫോക്സ്‌വാഗൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയതാണു ഫോക്സ്‌വാഗനെ ആഗോളതലത്തിൽ തന്നെ പ്രതിസന്ധിയിലാക്കിയത്. ഈ ‘ഡീസൽഗേറ്റ്’ വിവാദത്തെ തുടർന്ന് ഓട്ടമൊബീൽ റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) നടത്തിയ കൺഫോമിറ്റി ഓഫ് പ്രൊഡക്ഷൻ പരിശോധനയിലാണു ‘വെന്റോ’യിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് മലിനീകരണത്തിലെ വൻഏറ്റക്കുറച്ചിൽ കണ്ടെത്തിയത്; പലപ്പോഴും കാർബൺ മോണോക്സൈഡ് വിഹിതം അനുവദനീയ പരിധിക്കു മുകളിലാണെന്നും എ ആർ എ ഐ വ്യക്തമാക്കിയിരുന്നു.

‘വെന്റോ’യുടെ മലിനീകരണ പ്രശ്നത്തെപ്പറ്റി ഫോക്സ‌്‌വാഗൻ വിശദ പഠനം ആരംഭിച്ചിട്ടുണ്ട്. പുകയിൽ കാർബൺ മോണോക്സൈഡിന്റെ അളവിലെ ചാഞ്ചാട്ടം പരിഹരിക്കാനുള്ള നടപടികൾ കമ്പനി എ ആർ എ ഐയുമായി ചർച്ച ചെയ്യുന്നുമുണ്ട്. പരിഹാര നടപടികൾക്ക് എ ആർ എ ഐയുടെ അംഗീകാരം ലഭിച്ചാലുടൻ ഡീസൽ എൻജിനുള്ള ‘വെന്റോ’യുടെ ഉൽപ്പാദനവും വിൽപ്പനയും പുനഃരാരംഭിക്കാനാണു ഫോക്സ്വാഗന്റെ തീരുമാനം. പുതിയ കാറുകളിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ക്രമേണ നിലവിൽ നിരത്തിലുള്ള ‘വെന്റോ’യിലും ലഭ്യമാക്കുമെന്നും കമ്പനി വിശദീകരിക്കുന്നു. ‘വെന്റോ’യുടെ 1.5 ലീറ്റർ ഡീസൽ എൻജിനും മാനുവൽ ഗീയർബോക്സുമുള്ള മോഡലുകൾക്കു മാത്രമാണു പരിശോധന ബാധകമാവുകയെന്നു ഫോക്സ്വാഗൻ വ്യക്തമാക്കുന്നു. ഒപ്പം നൈട്രജൻ ഓക്സൈഡ് മലിനീകരണത്തിന്റെ പേരിൽ ആഗോളതലത്തിൽ നേരിടുന്ന പ്രശ്നങ്ങളുമായി ഇന്ത്യയിലെ പരിശോധനയ്ക്കു ബന്ധമില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഓട്ടമാറ്റിക് ട്രാൻസ്മിഷൻ(ഡി എസ് ജി) സഹിതമെത്തുന്ന ‘വെന്റോ’ 1.5 ടി ഡി ഐ, ഡീസൽ എൻജിനുള്ള ‘പോളോ’ തുടങ്ങിയവയെയൊന്നും ഇപ്പോഴത്തെ നടപടികൾ ബാധിക്കില്ലെന്നും ഫോക്സ്വാഗൻ ഇന്ത്യ വെളിപ്പെടുത്തുന്നു.