പഴഞ്ചൊല്ലിൽ പഞ്ചറില്ല

Toyota Innova

ടൊയോട്ട കമ്പനി ഇന്നോവ നിർത്തി ക്രിസ്റ്റ റോഡിലിറക്കാൻ തുടങ്ങുമ്പോൾ ഒരു സംശയം, അന്ന് ക്വാളിസ് നിർത്തി ഇന്ന് ഇന്നോവ... എന്താ കാരണം.

ഫസ്റ്റ് ഗിയർ: സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണം !(അപ്പോൾ, പാട്ടു നിർത്താൻ ആദ്യം വേണ്ടതു നല്ല സ്വരമാണ്)

സ്വരവും പാട്ടും അഥവാ വാഹനവും വിൽപനയും നന്നായിരുന്നപ്പോൾ ടൊയോട്ട കമ്പനി ക്വാളിസ് നിർത്തി. അന്തിച്ചു നിന്ന വാഹനപ്രേമികൾക്കു മുന്നിൽ ഇന്നോവ പിറവിയെടുത്തു. ആറാം തമ്പുരാനിൽ ഹരിമുരളീരവം ദാസേട്ടൻ പാടിപ്പെരുക്കിയ പോലെ പെരുമയുടെ ഉച്ചിയിൽ ഇന്നോവയുടെ കാര്യവും പാട്ടുംപാടി ടൊയോട്ട അവസാനിപ്പിച്ചു. പുതിയ ഇന്നോവ ക്രിസ്റ്റയുടെ ഈണം പിന്നണിയിൽ മുഴങ്ങിത്തുടങ്ങി. ഗംഗേ... എന്നു വടക്കുംനാഥനിൽ ദാസേട്ടൻ തന്നെ നീട്ടിപ്പിടിക്കും പോലെ ക്രിസ്റ്റയും നീണാൾ വാഴട്ടെ.

സെക്കൻഡ് ഗിയർ: ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം ! (അപ്പോൾ, കിടക്കാൻ പാകത്തിന് ഒരു ഉലക്കയാണ് ആദ്യം വേണ്ടത്)

രണ്ടു ചക്രത്തിലോടിയ നമ്മുടെ സ്വപ്നങ്ങൾക്കു നാലു ചക്രംവച്ചു തന്നതു മാരുതിയാണ്. ശീലിച്ചു സുഖിച്ചിടത്തേക്കു സ്ഥലസൗകര്യത്തിന്റെ പെരുമയോടെ സുമോയെത്തി. അവർ തെളിച്ച ചക്രച്ചാലിൽ ടൊയോട്ടക്കാർ ക്വാളിസ് ഇറക്കി. അതുവരെ കാറിൽ ഇരുന്നു ശീലിച്ചവർ ക്വാളിസിൽ കിടന്നു ശീലിച്ചു. പഴം പോലെ മൃദുലമായ സസ്പെൻഷന്റെ താങ്ങിൽ സീറ്റു ചരിച്ചു മയങ്ങിയപ്പോൾ വീടു വിട്ടാലും വീട് എന്ന സങ്കൽപത്തിലേക്കു വണ്ടി വളർന്നു. ദൂരം നമുക്കു മടുപ്പല്ലാതായി. നിറഗ്ലാസ് കപ് ഹോൾഡറിൽ അടങ്ങിയിരിക്കുന്നതു കണ്ടു നമ്മുടെ മനസിൽ ലഹരി നിറഞ്ഞു. യാത്രകളിൽ ചിലപ്പോൾ മുത്തശ്ശനും മുത്തശ്ശിയും കൂട്ടിനെത്തി. കുട്ടികൾക്കും ആവേശമായി. അങ്ങനെ കുടുംബയാത്രയ്ക്കു ക്വാളിസ് പര്യായമായി. ഉലക്കയുടെ ബലം കുടുംബബന്ധങ്ങൾക്കുണ്ടായി.

തേർഡ് ഗിയർ: നാടോടുമ്പോൾ നടുകെ ഓടണം ! (അപ്പോൾ, നടുവിനു കേടില്ലെങ്കിൽ മാത്രമേ നന്നായി ഓടാനാവൂ)

toyota Qualis

ഇന്തൊനീഷ്യയിൽ കിജാങ് ആയിരുന്നു ക്വാളിസ്. ഇവിടെയെത്തിയപ്പോ‍ൾ ജനറേഷൻ പഴക്കം. ഇന്നൊവേറ്റിവ് ഇന്റർനാഷനൽ മൾട്ടിപർപ്പസ് വെഹിക്കിൾ പ്ലാറ്റ്ഫോം എന്ന നൂതന വാഹന സങ്കൽപം ടൊയോട്ടയിൽ ഇതിനിടെ വണ്ടിയോടിച്ചെത്തി. ക്വാളിസിനെ ഗൃഹാതുര സ്വപ്നമാക്കി നിലനിർത്തി ഇന്നോവ എന്ന സുന്ദരയാഥാർഥ്യത്തിലേക്കു നമ്മൾ കടന്നിരുന്നു. എൻജിൻ മികവിലും യാത്രാസുഖത്തിലും ക്വാളിസിനെ കടന്നു ഇന്നോവ. മികച്ച ഇന്റീരിയർ കൂടിയായപ്പോ‍ൾ വീട്ടിലെ ലിവിങ് റൂമിനു പകരമായി ഇന്നോവയുടെ ഉള്ളിലിരിപ്പ്. നടുവിനു കേടില്ലാതെ യാത്രയുടെ സുഖം നമ്മൾ പഠിച്ചു. വിൽപനയുടെ ഗ്രാഫ് വീണ്ടും വാണം പോലെ. കണ്ണഞ്ചിച്ചു പൊട്ടി അതും വിസ്മയാകാശത്തെ പൊലിപ്പിച്ച് അവസാനിപ്പിക്കുന്നു.

ഫോർത്ത് ഗിയർ: അടിക്കുമ്പോൾ പത്തി താഴ്ത്തി അടിക്കണം ! (അപ്പോൾ, താഴ്ത്തിയടിക്കാൻ പാകത്തിൽ പൊങ്ങിയ ഒരു പത്തി വേണം)

അംബാസഡർ എന്നു നീട്ടിയും ആംബിയെന്ന സ്നേഹച്ചുരുക്കത്തിലും വിളിച്ച ഒരു കാറുണ്ടായിരുന്നു. ‘ശ്രീപത്മനാഭന്റെ നാലു ചക്രം’ പോലെ അധികാരത്തിന്റെ പര്യായം. ബലിഷ്ഠനായ ഒരാളുടെ തള്ളവിരലമർത്തിയാൽ തുറക്കുന്ന പിൻവാതിൽക്കൽ നിന്നു തുകൽച്ചെരുപ്പണിഞ്ഞ കാലും വെള്ളമുണ്ടിന്റെ കരയും കണ്ടാൽ അധികാരം അഞ്ചര– ആറടി നീളത്തിൽ നമുക്കു മുന്നിൽ അവതരിക്കുമെന്നുറിപ്പിക്കാം. ആ മനസ്സുകളിലേക്കാണ് ഇന്നോവ ഓടിക്കയറിയത്. ഞെക്കിത്തുറന്ന വാതിലുകൾ വലിച്ചു മലർക്കെ തുറക്കാമെന്നായതോടെ അധികാരം ജനങ്ങളുടെ ഇടയിലേക്കു വേഗമിറങ്ങി. നാടായ നാടെല്ലാം ഇന്നോവ കൊടിവച്ചോടി. പത്തിരുപതു പേരുടെ യാത്ര, ഒരാളുടെ മടിയിൽ യാത്ര തുടങ്ങിയ നൂതന പരിപാടികളും തുടങ്ങി.

Innova Crysta

ഫിഫ്ത്ത് ഗിയർ: നനഞ്ഞിറങ്ങി, കുളിച്ചു കയറാം ! (അപ്പോൾ, സുഖമായി കുളിക്കാൻ പാകത്തിൽ വെള്ളം വേണം)

ഇന്നോവയുടെ സുഖം ഒന്നു കൂടി കൂട്ടി ഇന്നോവ ക്രിസ്റ്റ വരുന്നു. സുഖപ്രദമായ സീറ്റ്, കൂടുതൽ ലെഗ്റൂം, മികച്ച ഇന്റീരിയർ, കൂടുതൽ മൈലേജ് തുടങ്ങി ഇത്രയും കാലം കൊതിപ്പിച്ചതിനെല്ലാം അതുക്കും മേലെയാണു ക്രിസ്റ്റയിൽ. ഉള്ളിലേക്കു കയറി ഇരുന്നോളൂ, സീറ്റ് അൽപം ചെരിക്കൂ, റേഡിയോ മാംഗോ എഫ്എം ട്യൂൺ ചെയ്യൂ, ഡ്രൈവർ വണ്ടിയെടുക്ക് എന്നു പറയൂ. ഇനി യാത്ര തുടരൂ. വില എത്രയെന്ന് ടൊയോട്ട പറഞ്ഞിട്ടില്ല.