ചരിത്രമായി ‘വനിതാ വിമാനം’

വനിതാദിനത്തിൽ കൊച്ചിയിൽ നിന്നു ദുബായിലേക്കു പോയ എയർ ഇന്ത്യ വിമാനം നിയന്ത്രിച്ച മലയാളി പൈലറ്റ് ബിന്ദു സെബാസ്റ്റ്യനൊപ്പം (വലത്തെയറ്റം) സഹപ്രവർത്തകരായ ബിനു സഞ്ജയ്, പി.എ. ടിൻഡിയ, ‍ഡോ. ജോർജിയ ജോർജ്, സിത്താര രാമചന്ദ്രൻ, മിനി രാജൻ, നിഷ പീറ്റർ, ജീനോ ജോർജ്, സഹ പൈലറ്റ് സലോനി റാവൽ, ലിഷി ജോഷി, സൂര്യ സന്തോഷ് എന്നിവർ.

ഉച്ചയ്ക്ക് 12.50. എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി–ദുബായ് വിമാനം (ഐഎക്സ് 435) പുറപ്പെടാനൊരുങ്ങുന്നു - ക്യാപ്റ്റൻ ഈരാറ്റുപേട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യൻ. കോ–പൈലറ്റ് ഉത്തർപ്രദേശ് സ്വദേശിനി സലൗനി റാവത്ത്. നിർദേശങ്ങൾ‌ നൽകുന്നത് എയർ ട്രാഫിക് കൺട്രോൾ ടവറിൽ എം.ബി. ഷംലയും നാവിക നിരീക്ഷണ കേന്ദ്രത്തിൽനിന്ന് എൽ.ടി. രഞ്ജിനിയും ജെ.ടി. സിബിയും.

1.08നു വിമാനം പറന്നുയർന്നു. ലോക വനിതാ ദിനത്തിന്റെ ചരിത്രത്തിൽ പങ്കാളികളാവുകയായിരുന്നു ഈ ‘ആകാശ സംഘം. വിമാനത്തിന്റെയും വ്യോമ നിയന്ത്രണോപാധികളുടെയും പൂർണ ചുമതലകൾ വനിതകൾ മാത്രം നിർവഹിച്ച മുഹൂർത്തത്തിന്റെ നേർപങ്ക്.

വനിതാദിനത്തിന്റെ ഭാഗമായി കൊച്ചി സിയാൽ എയർ ട്രാഫിക്ക് കൺട്രോൾ ചുമതല വഹിക്കുന്ന വനിതാ ഉദ്യോഗസ്ഥരായ കല പി. നായർ, പി. മിനി, എം.ബി. ഷംല, സി. അനിത എന്നിവർ.

എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെ കൊച്ചി–ദുബായ് സെക്ടറിലും മടക്കയാത്രയിലും സർവീസ് നടത്തിയ നാലു വിമാനങ്ങളുടെ പൂർണ നിയന്ത്രണം വനിതാ പൈലറ്റുമാർക്കായിരുന്നു. ഇവർക്കു പുറമേ വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ജീവനക്കാരും ചുമതലയുള്ള എൻജിനീയറും ഡോക്ടറുമെല്ലാം വനിതകൾ തന്നെ. കൊച്ചിയിൽനിന്നു ദുബായിലേക്കു പറന്ന വിമാനത്തിൽ ക്യാബിൻ ജീവനക്കാരായി സൂര്യ സന്തോഷ്, ലിഷി, സായുജ്യ ജോൺ, സൂര്യ സുധൻ എന്നിവർ. സാങ്കേതിക സംവിധാനങ്ങൾ പരിശോധിച്ചു പറക്കാൻ അനുമതി നൽകുന്ന ഫ്ലൈറ്റ് എൻജിനീയർ ബിനു സഞ്ജയ്.

ഒപ്പം ക്യാബിൻ ജീവനക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡോക്ടർ ജോർജിന ജോർജും. ഈ വിമാനത്തിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ പൂർണമായി നിർവഹിച്ചതും വനിതകൾ തന്നെ. വിമാനത്താവളത്തിൽ കൗണ്ടറിലും ലഗേജുകൾ കയറ്റുന്നതു നിയന്ത്രിക്കുന്ന ലോഡ് കൺട്രോളറും സുരക്ഷാ ജീവനക്കാരും എല്ലാം വനിതകൾ തന്നെ. കോ–ഓർഡിനേറ്റർ ജിനോ ജോർജിന്റെ നേതൃത്വത്തിലായിരുന്നു ഈ വിഭാഗങ്ങളെല്ലാം.

ജോയിന്റ് ജനറൽ മാനേജർ കല പി. നായർ, അസി. ജനറൽ മാനേജർ സി. അനിത എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം വനിതകളാണ് ഇന്നലെ എയർ ട്രാഫിക് കൺട്രോൾ ടവറിന്റെയും കമ്യൂണിക്കേഷൻ നാവിഗേഷൻ സർവയലൻസ് വിഭാഗത്തിന്റെയും ചുമതലയിലുണ്ടായിരുന്നത്.