രാജകീയം ഈ രാജധാനി

സംസ്ഥാന തലസ്ഥാനങ്ങളിൽ നിന്ന് രാജ്യ തലസ്ഥാനത്തിലേയ്ക്കോടുന്ന രാജധാനി നാം ഇന്ത്യക്കാർക്കിടയിൽ മാത്രമല്ല പ്രശസ്തം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രെയിനുകളിലൊന്നാണ് രാജധാനി എന്നാണ് സർവ്വേ ഫലം. ബ്രിട്ടനിലെ നാഷണൽ ട്രെയിൻ മ്യൂസിയവും യൂഗോവും ചേർന്ന് നടത്തിയ സർവ്വേയിലാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രെയിനുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് രാജധാനി എത്തിയിരിക്കുന്നത്.

1862 ൽ തുടങ്ങി ഇംഗ്ലണ്ടിന്റേയും സ്കോട്ട്ലാന്റിന്റേയും തലസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്രയിങ് സ്കോട്സ്മാൻ എന്ന ട്രെയിൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ നേർത്ത വ്യത്യാസത്തിനാണ് രാജധാനിയുടെ ആദ്യ സ്ഥാനം നഷ്ടമായതെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. യുകെയിലേയും, യുണേറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ 5000 ആളുകളെ ഉൾപ്പെടുത്തി നടത്തിയാണ് നാഷണൽ റെയിൽവേ മ്യൂസിയം സർവ്വേ നടത്തിയത്. ഫ്ലയിങ് സ്കോട്സ്മാന്റെ 81-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സർവ്വേ നടന്നത്. ഒന്നും രണ്ടും സ്ഥാനങ്ങൾ ഇംഗ്ലണ്ടിലേയും ഇന്ത്യയിലേയും ട്രെയിനുകൾ സ്വന്തമാക്കിയപ്പോൾ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ യാത്ര നടത്തുന്ന ലക്ഷ്വറി ട്രെയിനായ ഓറിയന്റൽ എക്സ്പ്രെസാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

സംസ്ഥാന തലസ്ഥാനങ്ങളെ രാജ്യ തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി 1969 ലാണ് രാജധാനി എക്സ്പ്രെസ് സർവീസ് തുടങ്ങുന്നത്. കൽക്കത്തയിലെ ഹൗറയിൽ നിന്ന് ന്യൂഡൽഹിലേയ്ക്ക് സർവീസ് നടത്തിക്കൊണ്ടായിരുന്നു രാജധാനി എക്സ്പ്രെസിന്റെ തുടക്കം. ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ രാജധാനി തന്നെയാണ് രാജ്യത്തെ ആദ്യ ഫുൾ‌ എസി ട്രെയിൻ.