ഇന്ധനക്ഷമത വർദ്ധിപ്പിക്കാനുള്ള പൊടിക്കൈകൾ

എപ്പോഴും മൈലേജ് കൂടുതൽ ആഗ്രഹിക്കുന്നവരാണ് നാം. അതുകൊണ്ട് തന്നെയാണ് ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾക്ക് ഇന്ത്യയിൽ ഇത്ര അധികം പ്രചാരം ലഭിച്ചതും. കാറുകളുടെ മൈലേജ് വർദ്ധിപ്പിക്കാനുള്ള എളുപ്പവഴികൾ

ടയർ പ്രഷർ

യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകൾ പ്രകാരം കൃത്യമായ ടയർ പ്രഷർ ഒരു ദിവസം എട്ട് ലക്ഷം ബാരൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കും. ഇടയ്ക്കിടെ ടയറിന്റെ പ്രഷർ പരിശോധിക്കുക. പഠനങ്ങൾ പറയുന്നതു പ്രകാരം വാഹനത്തിന്റെ മൈലേജ് 3 ശതമാനം കണ്ടുയർത്താൻ ടയർ പ്രഷറിന്റെ കൃത്യതയ്ക്ക് സാധിക്കും. അതുപോലെ തന്നെ കുറഞ്ഞ റോളിംഗ് റെസിസ്റ്റുള്ള ടയറുകൾ ഉപയോഗിക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. കാറിന്റെ മൈലേജ് 1.5 ശതമാനം മുതൽ 4.5 ശതമാനം വരെ വർധിപ്പിക്കാൻ കുറഞ്ഞ റോളിംഗ് റസിസ്റ്റൻസുള്ള ടയറുകൾക്ക് സാധിക്കും.

വേഗത കുറയ്ക്കൂ ഇന്ധനക്ഷമത കൂട്ടു

നിർമ്മാതാവ് നിർദ്ദേശിക്കുന്ന ഇക്കണോമി വേഗതയിൽ ഓടിക്കുകയാണ് ഇന്ധനക്ഷമത കൂട്ടാനുള്ള മറ്റൊരു മാർഗം. ഒട്ടുമിക്ക കാറുകളിലും 60-80 കിലോമീറ്ററുകൾക്കുള്ളിലാണ് മികച്ച ഇന്ധനക്ഷമത കാണിക്കുന്നത്. ഇതിനെക്കാൾ വളരെ കൂടുതലോ വളരെ കുറവോ വേഗതയിൽ കാറോടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്ന്. അതുപോലെ ദൂര യാത്രകളിൽ ഒരേ വേഗത നിലനിർത്തുന്നതും ഇന്ധനക്ഷമത വർദ്ധിപ്പിക്കും. കൂടിയ വേഗതിൽ ഓടുന്ന കാർ 33ശതമാനം വരെ ഇന്ധനക്ഷമത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ട്രാഫിക്ക് സിഗ്നലുകളിൽ വാഹനം ഓഫ് ചെയ്യുക

ഗതാഗത കുരുക്കിലോ സിഗ്നലുകളിലോ വെച്ച് വാഹനം ഓഫാക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. 60 സെക്കൻഡിലധികം നിറുത്തിയിടേണ്ടി വരികയാണെങ്കിൽ കാർ ഓഫ് ചെയ്യുകയാണ് ഉത്തമം. 60 സെക്കൻഡിൽ കുറവാണ് കാത്തുനിൽക്കേണ്ടതെങ്കിൽ ഓഫാക്കാതിരിക്കുക. എൻജിൻ വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്നതാണ് കാര്യം.

എസി ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക

എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നഗരങ്ങളിലൂടെ വിന്റോകൾ തുറന്നിട്ട് ഒാടിക്കുന്ന അത്ര സുഖകരമായ ഏർപ്പാടല്ലെങ്കിലും പരമാധി എസിയുടെ ഉപയോഗം കുറയ്ക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. ഓട്ടാമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളുള്ള കാറിൽ ഓട്ടോമോഡിലിടുകയാണെങ്കിൽ എസിയുടെ ഉപയോഗം കാർ തന്നെ നിയന്ത്രിക്കും. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എൺപത് കിലോമീറ്ററിൽ അധികം വേഗതയിൽ പോകുമ്പോൾ ചില്ലുകൾ ഉയർത്തി എസിയിട്ട് യാത്ര ചെയ്യുക, കാരണം വിൻഡോകൾ താഴ്ത്തി, ഉയർന്ന വേഗതയിൽ പോകുമ്പോൾ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് മൂലം കുറയുന്ന ഇന്ധനക്ഷമത എസി ഉപയോഗിക്കുമ്പോൾ കുറയുന്ന ഇന്ധനക്ഷമതയേക്കാൾ കുടുതലായിരിക്കും.

ആക്‌സിലറേഷനും ഗിയർ ഷിഫ്റ്റും സ്മൂത്താക്കുക

രണ്ടായിരം മുതൽ രണ്ടായിരത്തി അഞ്ചൂറുവരെ ആർപിഎമ്മിൽ വാഹനമോടിക്കാൻ ശ്രമിച്ചാൽ ഇന്ധനക്ഷമത വർദ്ധിക്കും. അധികം റേവ് ചെയ്ത് ഗിയർ മാറ്റാതിരിക്കാനും, കൃത്യമായ ഇടവേളകളിൽ ഗിയർമാറ്റാനും എപ്പോഴും ശ്രദ്ധിക്കുക. ട്രാഫിക്കിൽ റെഡ് ലൈറ്റ് ദൂരെ നിന്നേ കാണുകയാണെങ്കിൽ കാറിന്റെ വേഗത പതുക്കെ കുറച്ചുകൊണ്ടുവന്ന് പതിയെ നിർത്തുന്നതായിരിക്കും നല്ലത്.

ക്യത്യമായ സർവീസ്

കമ്പനി നിർദ്ദേശിക്കുന്ന ഇടവേളകളിൽ സർവീസ് നടത്താൻ ശ്രദ്ധിക്കുക, കാറിന്റെ എയർ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ, സ്പാർക് പ്ലഗ്ഗുകൾ എന്നിവ സ്ഥിരമായി പരിശോധനയ്ക്ക് വിധേയമാക്കണം. കേടായ എയർഫിൽറ്ററും, ഫ്യൂവൽ ഫിൽറ്ററുമെല്ലാം കാറിന്റെ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കും.

ഭാരം കുറയ്ക്കുക

അനാവശ്യമായ ഭാരങ്ങൾ വാഹനത്തിൽ നിന്ന് ഒഴിവാക്കുക. ഭാരം കൂടുന്നതുമൂലം വാഹനം ചലിപ്പിക്കാൻ കൂടുതൽ ശക്തിയും അതുവഴി എഞ്ചിന് കൂടുതൽ ജോലിഭാരവും വന്നുചേരുന്നു അതുവഴി ഇന്ധനത്തിന്റെ ഉപയോഗവും കൂടുന്നു.

അനാവശ്യമായി ബ്രേക്കും ക്ലച്ചു ഉപയോഗിക്കാതിരിക്കുക

അനാവശ്യമായ സഡൻ ബ്രേക്ക് പിടിക്കാതിരിക്കുക. വേഗത കുറച്ചുകൊണ്ട് വന്ന് ബ്രേക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. അതുപോലെ തന്നെ ഹാഫ് ക്ലച്ചിൽ വാഹനമോടിക്കാതിരിക്കാനും വളരെ അധികം ശ്രദ്ധിക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും.