നിങ്ങളുടെ വാഹനത്തിനും 30 മുതൽ 40 കി.മീ വരെ മൈലേജ് !

fuel-guage
SHARE

ഇന്ത്യൻ കാർ വിപണിയിലെ വിജയ ഫോർമുലകളിലൊന്നാണ് ഇന്ധനക്ഷമത. കൂടിയ മൈലേജ് നൽകുന്ന വാഹനങ്ങൾ‌ക്കാണ് എന്നും ഡിമാന്റ് കൂടുതൽ. നിർമാതാക്കൾ ലീറ്ററിന് 20 മുതൽ 25 വരെ മൈലേജ്  പറയുന്ന വാഹനങ്ങൾക്ക് അതിൽ കൂടുതൽ മൈലേജ് ലഭിക്കാനുള്ള വിദ്യയാണ് ഹൈപ്പർ മൈലിങ്. മാരുതി സുസുക്കി ‍ഡിസയറാണ് ഇന്ത്യയിൽ ഏറ്റവും അധികം മൈലേജുള്ള കാറുകളിലൊന്ന്. ലീറ്ററിന് 28.4 കിലോമീറ്ററാണ് എആർഎഐ സർട്ടിഫൈഡ് മൈലേജ്.  ടെസ്റ്റ് ഡ്രൈവ് അന്തരീക്ഷത്തിൽ നിന്നും നമ്മൾ ഉപയോഗിക്കുന്ന സാഹചര്യം വിഭിന്നമായതിനാൽ അത്രയും ഇന്ധനക്ഷമത ലഭിക്കണമെന്നില്ല. 25 കിലോമീറ്റർ വരെയാണ്  ലഭിക്കാറ്. എന്നാൽ ഹൈപ്പർമൈലിങ് എന്ന ഡ്രൈവിങ് രീതിയിലൂടെ ലീറ്ററിന് 45.8 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമത്രേ !

എന്താണ് ഹൈപ്പർമൈലിങ്?

ഏറ്റവും കൂടുതൽ ഇന്ധനക്ഷമത കിട്ടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുക എന്നാണ് ഹൈപ്പർമൈലിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഏകദേശം 37 ശതമാനം വരെ ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കും. 

ഹൈപ്പർമൈലിങ്ങിനെ സഹായിക്കുന്ന ഘടകങ്ങൾ

∙ വാഹനം ഓടിക്കുന്ന ശൈലിയിൽ മാത്രമല്ല വാഹനത്തിന്റെ കണ്ടിഷനും ഹൈപ്പർമൈലിങ്ങിനെ ബാധിക്കും. എപ്പോഴും ഏറ്റവും മികച്ച കണ്ടിഷനായിരിക്കണം വാഹനം. നിർമാതാക്കൾ നിർദ്ദേശിക്കുന്ന എൻജിൻ ഓയിലും ഘടകങ്ങളും ഉപയോഗിക്കുക. മോഡിഫിക്കേഷനുകൾ നടത്താതിരിക്കുക.

∙ ടയറുകൾ പ്രധാന ഘടകമാണ്. ശരിയായ അളവിലുള്ള വായു മാത്രമേ ടയറുകളിൽ കാണാവൂ. കൂടാതെ വീൽ അലൈൻമെന്റും കൃത്യമായിരിക്കണം.

∙ വാഹനത്തിൽ അധികം ഭാരം നൽകുന്ന സാധനങ്ങളെല്ലാം നീക്കം ചെയ്യാം. കാരണം ഭാരം കൂടുന്നതിന് അനുസരിച്ച് വാഹനം വലിക്കണമെങ്കിൽ കൂടുതൽ കരുത്ത് വേണം അത് എൻജിന്റെ ജോലി ഭാരം വർദ്ധിപ്പിക്കുകയും ഇന്ധനമത കുറയ്ക്കുകയും ചെയ്യും.

ഹൈപ്പർമൈലിങ്

വാഹനം പൂർണ്ണമായും മികച്ച രീതിയിൽ സജ്ജീകരിച്ചാൽ പിന്നെ ഡ്രൈവിങ് രീതികൾ ശരിയാക്കാം. സിറ്റി ട്രാഫിക്കിൽ ഹൈപ്പർമൈലിങ് സാധ്യമല്ലാത്തതിനാൽ ഹൈവേകളാണ് ഏറ്റവും അഭികാമ്യം.

∙ കഴിവതും ഒരേ വേഗത്തിൽ ഓടിക്കാൻ ശ്രമിക്കുക. ഇന്ധനക്ഷമത കൂടുതൽ ലഭിക്കും എന്ന് കമ്പനി പറയുന്ന വേഗമായിരിക്കും (ഏകദേശം 60 കി.മീ മുതൽ 70 കി.മീ വരെ) ഏറ്റവും അഭികാമ്യം. ക്രൂസ് കൺട്രോളുള്ള വാഹനങ്ങളിൽ അത്തരം ക്രമീകരണങ്ങൾ നടത്തുന്നത് നന്നായിരിക്കും. കഴിയുന്ന സമയങ്ങളിലെല്ലാം ടോപ്ഗിയറിൽ തന്നെ വാഹനമോടിക്കുക.

∙ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ബ്രേക്ക് ഉപയോഗിക്കുക. പുതിയ വാഹനങ്ങളിൽ ആക്സിലേറ്ററിൽ നിന്ന് കാൽ എടുത്താൽ ഫ്യൂവൽ ഇഞ്ചക്റ്റർ പ്രവർത്തിക്കില്ല അതുകൊണ്ട് തന്നെ ഇറക്കങ്ങളിൽ ആക്സിലേറ്ററിൽ നിന്ന് കാൽ എടുക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും.  

∙വാഹനത്തിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും എസിയും ഓഫ് ചെയ്യുന്നതും പെട്ടെന്നുള്ള ആക്സിലറേഷനും ബ്രേക്കിങ്  ഒഴിവാക്കുന്നതും കൂടുതൽ മൈലേജ് ലഭിക്കുന്നതിന് നല്ലതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA