Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസൈല്‍ ആക്രമണം ചെറുക്കും ട്രംപിന്റെ ഹൈടെക്ക് ബീസ്റ്റ്

obama-cadallic-one President Obama's Cadillic One

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം കാഡിലാക്ക് വണ്‍ എന്നായിരിക്കും, അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി സഞ്ചരിക്കുന്ന ഈ വാഹനത്തില്‍ സുരക്ഷ സംവിധാനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഒബാമയ്ക്ക് ശേഷം അധികാരത്തിലെത്തിയ ട്രംപിന്റെ ഔദ്യോഗിക വാഹനം ജനറല്‍ മോട്ടോഴ്‌സ് ഉടന്‍ കൈമാറും. ട്രംപിനായി നിർമിക്കുന്ന നാലാം തലമുറ ബീസ്റ്റുകൾക്കായി ഏകദേശം 15 ദശലക്ഷം ഡോളറിന്റെ (ഏകദേശം 100 കോടി രൂപ) കരാറാണ് ജനറൽ മോട്ടോഴ്സിന് ലഭിച്ചത്. ബീസ്റ്റിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.

lincoln-presidential-llimousine-1989 George H.W. Bush 1989 Lincoln presidential limousine

പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തും കുതിര വണ്ടികളിലായിരുന്നു അമേരിക്കയുടെ പ്രസിഡന്റ് സഞ്ചരിച്ചിരുന്നത്. 1897 മുതല്‍ 1901 വരെ പ്രസിഡന്റ് ആയിരുന്ന വില്യം മക്കെന്‍ലിയാണ് കാറില്‍ യാത്രചെയ്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റ്, ആവിയന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാറായിരുന്നു അത്. വില്യം മക്കെന്‍ലി കൊല്ലപ്പെട്ടതിന് ശേഷം അധികാരത്തിലെത്തിയ ടെഡി റൂസ്‌വെല്‍റ്റാണ് വൈറ്റ് ഹൗസിലേക്ക് ആദ്യമായി വാഹനം വാങ്ങുന്നത്. പിന്നീട് അധികാരത്തിലെത്തിയ രാഷ്ട്ര തലവന്മാര്‍ കാഡിലാക്ക് കണ്‍വേര്‍ട്ടബിള്‍, കാഡിലാക്ക് ടൗണ്‍ കാര്‍ തുടങ്ങിയ വാഹനങ്ങളിലായിരുന്നു യാത്ര. എന്നാല്‍ 1933ല്‍ പ്രസിഡന്റായ ഫ്രാങ്ക്‌ളിന്‍ ഡി റൂസവെല്‍റ്റിന് നേരെയുണ്ടായ അക്രമണമാണ് പ്രസിഡന്റിനായി പ്രത്യേക സുരക്ഷയുള്ള കാര്‍ എന്ന ആശയത്തില്‍ അമേരിക്കന്‍ സീക്രട്ട് സര്‍വീസിനെ എത്തിച്ചത്. 1938ല്‍ പ്രത്യേകം നിര്‍മിച്ച രണ്ട് കാഡിലാക്ക് കാറുകള്‍ പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിന്റെ ഭാഗമായി. ക്യൂന്‍ മേരി, ക്യൂന്‍ എലിസബത്ത് എന്നായിരുന്നു രണ്ട് കാറുകളുടെ പേര്. 1939ല്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളോടും അര്‍മര്‍ പ്ലെയിറ്റുകളോടും കൂടിയ സണ്‍ഷൈന്‍ സ്‌പെഷ്യല്‍ ലിമോസിനായി പ്രസിഡന്റിന്റെ വാഹനം.

presidential-limousine-1972 The 1972 Presidential Limousine

അതിനു ശേഷം ലിങ്കണ്‍ സീരീസ് ലിമോസിനുകളായിരുന്നു ഏറെക്കാലം പ്രസിഡന്റുമാരുടെ വാഹനം. 1963 നവംബര്‍ 23ന് 35-ാമത്തെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെടുന്നത് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലിങ്കണിന്റെ കോണ്ടിനെന്റല്‍ കണ്‍വര്‍ട്ടബിളില്‍ യാത്ര ചെയ്യുമ്പോഴാണ്. ഈ സംഭവത്തിന് ശേഷമാണ് കണ്‍വേര്‍ട്ടബിളുകള്‍ ഔദ്യോഗിക വാഹന വ്യൂഹത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് 1983 വരെ ലിങ്കണിന്റെ ലിമോകള്‍ക്ക് സുരക്ഷാ മോഡിഫിക്കേഷനുകള്‍ വരുത്തിയായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നു. 1993 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന ബില്‍ ക്ലിന്‍ഡന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത് കാഡിലാക്കിന്റെ ഫ്‌ളീറ്റ് വുഡ് ലിമോസിനാണ്.

Cadillac-Limousine 1983 Cadillac Limousine used by President Ronald Reagan

ബീസ്റ്റ്

2001 ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് ബുഷാണ് ബീസ്റ്റില്‍ ആദ്യമായി യാത്ര ചെയ്യുന്ന രാഷ്ട്ര തലവന്‍. വിപണിയിലുള്ള കാറുകള്‍ക്ക് മോഡിഫിക്കേഷനുകള്‍ വരുത്തിയാണ് അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നതെങ്കില്‍ 2001ല്‍ പ്രസിഡന്റിന് വേണ്ടി ജനറല്‍ മോട്ടോഴ്‌സ് പ്രത്യേകം നിര്‍മിച്ച കാറാണ് ബീസ്റ്റ്. അതിന് ശേഷം അധികാരത്തിലെത്തിയ ഒബാമയും ഇപ്പോള്‍ അധികാരത്തിലൂള്ള ട്രംപും ഉപയോഗിക്കുക ബീസ്റ്റ് തന്നെയാണ്.

Ten Things to Know About the President's Limo

ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റുകള്‍ നിര്‍മിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യുട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്ന് കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന്‍ കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്. കാറുകള്‍ അവസാനവട്ട പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു.

President Trump's 'Cadillac One'

ഒബാമയുടെ ബീസ്റ്റ്

2009 ലാണ് ഒബാമ ഉപയോഗിച്ചുകൊണ്ടിരുന്ന കാഡിലാക്ക് വണ്‍ നിര്‍മിച്ചത്. ഏകദേശം 7 കോടിരൂപയാണ് ഒരു കാറിന്റെ വില. ഷെവര്‍ലെയുടെ എല്‍എസ് 3 വി8 എന്‍ജിനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍, ഐഇഡി, രാസ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തരണം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒബാമയുടെ ബീസ്റ്റിലുണ്ടായിരുന്നു. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒബാമ പിന്നിലുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. ഇതില്‍ സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്. വെടിയുണ്ടയേല്‍ക്കാത്ത എട്ടിഞ്ചു കനത്തിലുള്ള വാതിലുകളാണ് കാറിന്റേത്. ബോയിങ് 757 ജെറ്റ് വിമാനത്തിന്റെ വാതിലിന്റെ തൂക്കമാകും ഇതിന്റെ ഡോറിനും.

obama-cadallic-one-1 President Obama's Cadillic One

കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന കാമറകളും ചെറു തോക്കുകളും ടിയര്‍ ഗ്യാസും അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള സീറ്റല്‍ റിമ്മുകള്‍ ടയറില്‍ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചര്‍ ആകാത്ത തരത്തിലുള്ള ടയറുകളാണിവ. കാറിന് 18 അടി നീളവും അഞ്ചടി പത്തിഞ്ച് ഉയരവും എട്ടു ടണ്‍ ഭാരവുമാണുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാവും 15 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗം കൈവരിക്കാനും കഴിയും.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ വിന്‍ഡോ മാത്രമാണ് മൂന്നിഞ്ചുവരെ തുറക്കാന്‍ കഴിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റും സംസാരിക്കുന്നതിന് ആണിത്. ഡ്രൈവറുടെ ഡാഷ്ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്നെസ് സ്റ്റീലും, അലുമിനിയവും ടൈറ്റാനിയവും സൈറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്.