കിയ വഴി ഹ്യുണ്ടേയ് വീണ്ടും

Kia Soul

ഹ്യുണ്ടേയ് ഇന്ത്യയിൽ ഇനി പിടി മുറുക്കുന്നത് കിയ വഴിയാണ്. ഹ്യുണ്ടേയ് ഉപസ്ഥാപനമായ കിയ ലോകവിപണികളിൽ പലേടത്തും ഹ്യുണ്ടേയ്ക്കൊപ്പമോ അതിനുമുപരിയോ ജനപ്രിയമാണ്.

∙ ഇന്ത്യയിൽ നിർമാണം: 10000 കോടിമുടക്കി ആന്ധ്രയിലെ അനന്തപുർ ജില്ലയിൽ ആരംഭിക്കുന്ന പ്ലാന്റിൽ നിന്നാകും കിയ ഓടിയിറങ്ങുക. ജന്മനാടായ കൊറിയയ്ക്കു പുറമെ യുറോപ്പിലും ചൈനയിലും യു എസിലുമൊക്കെ കിയ ഉത്പാദിപ്പിക്കയും വിൽക്കുകയും ചെയ്യുന്നുണ്ട്.

Kia Sportage

∙ ഏതൊക്കെ കാറുകൾ: കാംപോക്ട് എസ് യു വിയായ സ്പോട്ടേജ്, ക്രോസ് ഓവറായ സോൾ, ഹാച്ച്ബാക്കായ റിയോ, ചെറുകാറായ പിക്കാൻറോ എന്നിവയിലായിരിക്കും തുടക്കം. ചെറു കാർ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാനാവും കിയ പ്രധാനമായും ശ്രമിക്കുക.

∙ കാത്തിരിപ്പ്: അടുത്ത വർഷം അവസാനത്തോടെ കിയ ഇന്ത്യയിൽ വിൽപനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു വിപണികളിലെ പോലെ വ്യത്യസ്ത വിപണന ശൃംഖല സ്ഥാപിച്ചാവും ഇന്ത്യയിലും കിയയുടെ കാർ വിൽപന. വിപണനത്തിൽ ഹ്യുണ്ടേയുമായി പ്രത്യക്ഷത്തിൽ ബന്ധം പുലർത്തില്ല.

Rio

∙ പിന്നാമ്പുറം: ഷോറൂമിൽ സഹകരണമില്ലെങ്കിലും നിർമാണത്തിൽ സഹകരിക്കും. അസംസ്കൃത വസ്തു സമാഹരണത്തിലും മറ്റും ഹ്യുണ്ടേയ്ക്ക് ഇന്ത്യയിലുള്ള പരിചയ സമ്പത്ത് കിയ പ്രയോജനപ്പെടുത്തും. ലോജിസ്റ്റിക്സ് രംഗത്തും സഹകരിക്കാൻ സാധ്യതയുണ്ട്.

∙ പിക്കാന്റോ: രാജ്യാന്തര വിപണിയിലെ കിയയുടെ ജനപ്രിയ കാറുകളിലൊന്നായ പിക്കാന്റോയുടെ പുതിയ രൂപം ഇന്ത്യയിലെത്തിയേക്കും. വാഹനം ഈ വർഷം അവസാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യന്തര വിപണിയിൽ പെട്രോൾ എൻജിൻ മാത്രമേ പിക്കാന്റോയ്ക്കുള്ളു. 1.25 ലീറ്റർ പെട്രോൾ കൂടാതെ 100 ബി എച്ച് പി 1 ലീറ്റർ എൻജിനും രാജ്യാന്തര വകഭേദത്തിനുണ്ട്.

Picanto

∙ ജർമനാ...അല്ലിയോടാ... 2004 ൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം തലമുറയാണിപ്പോൾ വിപണിയിലുള്ള പിക്കാന്റോ. ജർമനിയിൽ ഡിസൈൻ ചെയ്ത രണ്ടാം തലമുറ കൊറിയ, യു എസ്, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ മൂന്ന് ഡോർ കാറായും യൂറോപ്പിൽ അഞ്ച് ഡോർ കാറായും വിൽപനയിലുണ്ട്.

Soul

∙ സോൾ: എസ് യു വി വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്ക് സോൾ വരുന്നു. 2008 മുതൽ വിപണിയിലുള്ള സോളിന്റെ നാലാം തലമുറയായിരിക്കും ഇന്ത്യയിലെത്തുക.

∙ എൻജിനുകൾ: 1.6 ലീറ്റർ ഡീസൽ എൻജിന് 136 പി എസ്, 1.6 ലീറ്റർ പെട്രോൾ എൻജിന് 124 പി എസ് , 2 ലീറ്റർ എൻജിന് 152 പി എസ്.