Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏദൻ തോട്ടത്തിലെ സുന്ദരിയുടെ യാത്രകൾ

Anu Sithara Anu Sithara, Photos: Vishnu Prasad

നൃത്തം ചെയ്യുമ്പോൾ കൈമുദ്രകൾ ചലിക്കുന്നതുപോലെയാണു യാത്രകൾ.. ഓരോ പദം ആടുമ്പോഴും അതിലേക്കു കൂടുതൽ കൂടുതൽ ലയിച്ചിരിക്കുന്നതുപോലെയാണ് ഓരോ യാത്രയും. അതു ലൊക്കേഷനിലേക്കായാലും അല്ലെങ്കിലും. ഇപ്പോൾ ഈ യാത്രകൾ കൂടുതൽ ജീവസ്സുറ്റതാക്കാൻ എസ്–ക്രോസിന്റെ കരുതൽ ഉണ്ട്.. അനു സിതാര തന്റെ പ്രയാണങ്ങളെക്കുറിച്ചു വാചാലയാകുകയാണ്. ‘രാമന്റെ ഏദൻ തോട്ടത്തിലെ’ ആ നൃത്തം ചെയ്യുന്ന സുന്ദരി..മണിമുത്തുകൾ പോലുള്ള ചിരി, വിടർന്ന കണ്ണുകളിലെ തിളക്കം.. 

കാർ എന്റെ ഡിപ്പാർട്മെന്റ് അല്ല

സിനിമയ്ക്കു വേണ്ടി ഡ്രൈവ് ചെയ്യുമെങ്കിലും പൊതുവേ ഡ്രൈവിങ് ആസ്വദിക്കാറില്ല. കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന്റെ ചുവടുകൾ ആഭ്യസിച്ച അനുവിന് വാഹനങ്ങൾ ഇഷ്ടമാണ്, എന്നാൽ ഭ്രമം ഇല്ല. വെഹിക്കിൾ ഡിപ്പാർട്മെന്റ്, ഭർത്താവും ഫാഷൻ ഫൊട്ടോഗ്രഫറുമായ വിഷ്ണു പ്രസാദിന്റെ ഡ്യൂട്ടിയാണ്. വിഷ്ണുവിന്റെ സിലക്‌ഷനാണ് സുസുക്കി എസ്–ക്രോസ്. സിനിമ, ഡാൻസ് പ്രോഗ്രാമുകൾ, സ്റ്റേജ്ഷോ എന്നിങ്ങനെ തിരക്കോടു തിരക്കായപ്പോൾ ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 മാറ്റാം എന്നു തീരുമാനിച്ചത്. ഓടിക്കാൻ സുഖം, ദീർഘദൂര യാത്രകൾ ആകുമ്പോൾ വളരെ സൗകര്യം, ക്ഷീണം അറിയുകയേയില്ല.. ഹൈവേ യാത്രകളിൽ ക്രൂസ് കൺട്രോൾ ഒക്കെ ഇട്ടു പോകുമ്പോൾ ഡ്രൈവിങ് കൂടുതൽ റിലാക്സ്ഡ് ആകും. വിഷ്ണുവോ കസിൻസോ ആയിരിക്കും എപ്പോഴും ഡ്രൈവ് ചെയ്യുക. യാത്രകളിൽ ഉറങ്ങാതെ കമ്പനി നൽകി വിഷ്ണുവിന് അനു കൂട്ടിരിക്കും. 

anu-sithra-2 Anu Sithara, Photos: Vishnu Prasad

ആദ്യ വാഹനം സ്കൂട്ടി

എന്റെ ആദ്യ വാഹനം സ്കൂട്ടിയാണ്. വയനാട്ടിലെ കൽപ്പറ്റയിലാണ് വീട്. ഈ ചുറ്റുവട്ടത്തൊക്കെ കറങ്ങാൻ ഈ സ്കൂട്ടി മാത്രം മതി. ഇപ്പോഴും അതു കൂടെയുണ്ട്. പിന്നീട് ഗ്രാൻഡ് ഐ10 വാങ്ങി. എസ് ക്രോസ് സ്വന്തമാക്കിയിട്ട് ഒരു വർഷം ആയതേയുള്ളൂ.   

രാത്രി യാത്രകൾ

സിനിമാ മേഖലയായതിനാൽ യാത്രകൾ എപ്പോഴും ഉണ്ടാകും. അതും മിക്കവാറും രാത്രിയിൽ. ഇഷ്ടമുണ്ടായിട്ടല്ല രാത്രിപോകുന്നത്. മിക്കവാറും ഷൂട്ടിങ്ങെല്ലാം കഴിയുമ്പോഴേക്കും ഒരുപാടു നേരമാകും. ബ്രൈറ്റ് ലൈറ്റ് ഇട്ടു കാർ ഓടിക്കുന്നവരാണ് തൊണ്ണൂറു ശതമാ

നം ആളുകളും. ഉറക്കച്ചടവിൽ തീവ്ര പ്രകാശം കൂടിയാകുമ്പോൾ.. എന്റെ അഭിപ്രായത്തിൽ ഉറക്കമൊഴിച്ചുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. ഒന്നു കണ്ണടച്ചാൽ മതിയല്ലോ വണ്ടി പാളാൻ. നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ്. ഓരോ ആക്സിഡന്റും നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ കെയർഫുൾ ആകാൻ.. എന്നും പത്രത്തിലും മറ്റും കാണുന്ന കാര്യമല്ലേ. നമ്മൾ ശ്രദ്ധിച്ചാൽ ഒരുപാടുപേരുടെ ജീവൻ രക്ഷിക്കാം.    

anu-sithra-1 Anu Sithara, Photos: Vishnu Prasad

ഞങ്ങളെന്തിനാ യാത്ര പോകുന്നേ..

‘അവധി ദിവസം കിട്ടുമ്പോൾ എങ്ങോട്ടാ യാത്ര‌ എന്നെല്ലാവരും ചോദിക്കും. ഞാൻ തിരിച്ചങ്ങോട്ടു ചോദിക്കും’ ‘ഞങ്ങളെന്തിനാ ടൂർ പോകുന്നേ..? എല്ലാരും ഇങ്ങോട്ടല്ലേ വരുന്നേ..’ വയനാട്ടിലെ കൽപറ്റയിലാണു വീട്. ചുറ്റും നല്ല രസകരമായ കാഴ്ചകൾ ഉള്ളപ്പോൾ യാത്രപോകേണ്ടതായി തോന്നിയിട്ടില്ല. ഇവിടെനിന്ന് എങ്ങോട്ടു പോകുന്നതും ഒരു യാത്രതന്നെയാണ്. എവിടെ ഷൂട്ടിനു പോയാലും വയനാടിന്റെ മടിത്തട്ടിലേക്ക് ഓടിയെത്താൻ തോന്നും. വേഗം വീടണയാൻ നോക്കും. പക്ഷേ, ‘രാമന്റെ ഏദൻതോട്ടം’ ചെയ്യുമ്പോൾ ലൊക്കേഷനായ വാഗമൺ ശരിക്കും ആസ്വദിച്ചു. വാഗമണ്ണിലെ കാലാവസ്ഥ ശരിക്കും വയനാട്ടിലേതുപോലെ തന്നെ.. 

ഏദൻതോട്ടത്തിലെ ആ ഡ്രൈവിങ്.. എനിക്കു സത്യം പറഞ്ഞാൽ പേടിയുണ്ടായിരുന്നു. അത്യാവശ്യം സ്പീഡിൽ ഡ്രൈവ് ചെയ്യണമായിരുന്നു. എതിരെ കാർ വരുമ്പോൾ വെട്ടിച്ച് തിരിഞ്ഞു കാർ മറിയുന്ന സീൻ. അത് ഷൂട്ട് ചെയ്യുമ്പോൾ..കാർ ബ്രേക്ക് ചെയ്യുമ്പോൾ നിന്നില്ലെങ്കിലോ എന്നൊക്കെയായിരുന്നു എന്റെ ചിന്തകൾ. സെറ്റിൽ എല്ലാവരും നല്ല ധൈര്യം തന്നു. സിനിമയിലെ മാലിനി എന്ന വേഷം ചെയ്തു പ്രതിഫലിപ്പിക്കാൻ പറ്റുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, റിലീസ് ആയശേഷം എല്ലാവരും നല്ലതാണെന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നി’. 

2013 ൽ ആണ് ആദ്യ പടം ചെയ്യുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ, മറുപടി, ഹാപ്പി വെഡ്ഡിങ്, ഫുക്രി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഈ മാസം റിലീസ് ആകുന്ന ക്യാപ്റ്റൻ ആണ് പുതിയ ചിത്രം. മുൻ കേരള  ഫുട്ബോൾ താരമായിരുന്ന വി.പി. സത്യന്റെ കഥ പറയുന്ന സിനിമ. ജയസൂര്യയാണു നായകൻ. ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന സിനിമ വിനീത് ശ്രീനിവാസനോടൊപ്പമുള്ള ‘ആന അലറലോടലറൽ’. ഷൂട്ടിങ് തിരക്കുകൾക്കിടയിലെ ഇടവേളകളിൽ വിഷ്ണുവുമൊന്നിച്ചുള്ള യാത്രകൾക്കായി കാത്തിരിക്കുകയാണ് അനു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.