ഥാറുകൾ മുരളുമ്പോൾ...

Mahindra Club Challenge

രാജ്യത്തുടനീളമുള്ള ഥാര്‍ വാഹന ഉടമകളുടെ ഏറ്റവും വലിയ സംഗമമാണ് ഥാര്‍ ഫെസ്റ്റ്. ഇത്തവണത്തെ ഥാർ ഫെസ്റ്റും ക്ലബ് ചലഞ്ചും 14, 15 തീയതികളിൽ കൊച്ചിയിലാണ്. ഫെസ്റ്റിന്റെ ഭാഗമായി മോഡിഫൈഡ് ഥാര്‍ കോണ്‍ടെസ്റ്റ്, ഓഫ് റോഡിങ് ഫണ്‍ ആന്‍ഡ് എക്‌സ്‌പേര്‍ട്ട് സെക്ഷന്‍, ഥാര്‍ പരേഡ്, അഡ്വേഞ്ചര്‍ എക്‌സ്‌പോ, ഫണ്‍ ആന്‍ഡ് ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങള്‍ നടക്കും.

∙ മുതുമുത്തച്ഛൻ: വിദേശത്തുനിന്നും നാട്ടിൽ നിന്നുമായി ഇന്ത്യയിൽ ഇന്നിറങ്ങുന്ന എല്ലാ ഒാഫ് റോഡിങ് വാഹനങ്ങളുടെയും മുതുമുത്തച്ഛൻ മഹീന്ദ്രയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ ഒാഫ് റോഡിങ് എന്ന സങ്കൽപം മഹീന്ദ്ര  ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. അതും ലോകത്ത് ഇന്നു വരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും ഒാഫ് റോഡർ വില്ലീസ്. അമേരിക്കയിൽ നിന്നുള്ള വില്ലീസ് മുംെെബ തുറമുഖത്ത് ക്രെയിനിൽ തൂങ്ങി ഇറങ്ങുമ്പോൾ കൂടെ പുതിയൊരു ഒാഫ് റോഡിങ് സംസ്കാരം പിറക്കുകയായിരുന്നു.

∙ ജോലിക്കാരൻ: ജീപ്പിെൻറ ഒാഫ് റോഡിങ് ശേഷി ആദ്യകാലത്ത് അതിെൻറ ജോലിയെടുക്കൽ ശേഷിയായി മാത്രമാണ് വിലയിരുത്തിയിരുന്നത്. പട്ടാളത്തിനും പൊലീസിനും മറ്റനവധി സർക്കാർ ഉപയോഗങ്ങൾക്കും ജീപ്പ് പിഴയ്ക്കാതെ പണിയെടുക്കുന്ന വണ്ടിക്കാളയായി. കാലങ്ങൾ സർക്കാരിനെ സേവിച്ചിട്ടും തളരാെത അനേക കരങ്ങൾ മറിഞ്ഞ് ഗ്രാമങ്ങളിലും നഗരങ്ങളിലും അതിലും കടുത്ത പണികൾ തുടർന്നു. അന്നൊക്കെ ജീപ്പിെൻറ ഒാഫ് റോഡിങ് കരുത്ത് കണ്ടറിഞ്ഞവരും അനുവഭിച്ചറിഞ്ഞവരും കുറവ്. കാരണം സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.

∙ പുതുമോടി: മാരുതി തുടങ്ങി വച്ച പുതുമോടി വാഹനങ്ങളുടെ വരവിനു ശേഷമാണ് ജീപ്പ് അതിെൻറ ശരിയായ മുഖം പുറത്തെടുക്കാനാരംഭിച്ചത്. വീട്ടുമുറ്റത്തു കിടക്കുന്ന ഈ പഴഞ്ചൻ പണിയായുധം ഒാഫ് റോഡിങ്ങ് തമ്പുരാനാണെന്ന്് ചിലരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങി. ജീപ്പിന് രണ്ടാം ജന്മവുമായി. പഴയ നാലു വീൽ ജീപ്പുകൾ പരിഷ്കരിച്ച് പറത്തെടുക്കുന്നത് ട്രെൻഡായതോടെ മഹീന്ദ്രയും അതേ വഴിയിൽ ചിന്തിച്ചു തുടങ്ങി.

∙ ക്ലാസിക്: ജീപ്പിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനൊപ്പം ക്ലാസിക് സ്വഭാവം പുനസ്ഥാപിക്കുന്നതിനും മഹീന്ദ്ര ശ്രമിച്ചു എന്നതാണ് വിജയം. തൊണ്ണൂറുകളിൽ ക്ലാസിക് എന്ന പേരിൽ പരമ്പരാഗത ജീപ്പ് ഇറക്കിയതിൽ തുടങ്ങിയ ശ്രമം പൂർണതയിലെത്തിയത് എതാനും കൊല്ലം മുമ്പ് അവതരിപ്പിച്ച ഥാർ മോഡലുകളിലൂടെയാണ്. വില്ലീസ് വിഭാവനം ചെയ്ത ശരിയായ ക്ലാസിക് ജീപ്പ്. വലിയ മാറ്റങ്ങളൊന്നുമില്ലാതെ കാലികമായ ചെറിയ പരിഷ്കാരങ്ങളുമായി വീണ്ടും. ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു പരീക്ഷണം നടന്നിട്ടില്ല.

∙ ഒാഫ് റോഡിങ്: എവിടെയും കയറാൻ കരുത്തുള്ള ക്ലാസിക് ജീപ്പിനു പറ്റിയ തട്ടകം വേണ്ടേ? അതുമുണ്ടായി. ഥാർ ഫെസ്റ്റ്. രാജ്യത്തെ ഥാർ ഉടമസ്ഥരുടെ കൂട്ടായ്മയാണ് ഥാർ ഫെസ്റ്റ്. ഫെസ്റ്റിന്റെ രണ്ടാം എഡിഷനാണ് കൊച്ചിയിൽ. ആദ്യ പതിപ്പ് ഗോവയിൽ നടന്നു. ഥാറിന്റെ ഓഫ് റോ‍ഡ് കഴിവുകളും മോഡിഫൈഡ് ഥാറുകളും പ്രദർശിപ്പിക്കുന്നതിനുള്ള അവസരമാണ് ഥാർ ഫെസ്റ്റ്. മനോഹരമായി മോ‍ഡിഫൈ ചെയ്ത ഥാറിന് സമ്മാനമുണ്ട്. കളികളും ഥാർ അക്സസറീസിൽ വാങ്ങാനുള്ള അവസരവും വൈകീട്ട് ലൈവ് മ്യൂസിക്കും നടക്കും.

∙ ക്ലബ് ചലഞ്ച്: ഓഫ് റോഡ് ക്ലബുകളെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയാണ് ഓഫ് റോ‍‍ഡ് ചലഞ്ച്. 2015 ൽ ആരംഭിച്ച ക്ലബ് ചലഞ്ചിന്റെ മൂന്നാം എഡിഷനാണ് കൊച്ചിയിൽ. 12 പ്രമുഖ ഓഫ് റോ‍ഡ് ക്ലബുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ആദ്യ ദിനം നൈറ്റ് സ്റ്റേജും രണ്ടാം ദിനം ഡേ സ്റ്റേജും നടക്കും. പ്രോ സ്റ്റോക്, മോഡിഫൈഡ്, പ്രോ മോഡിഫൈഡ് എന്നിങ്ങനെ തരം തിരിവുകളുണ്ട്.

∙ മലയാളി അ‍ഡ്വഞ്ചർ: മലയാളിയും ഇന്ത്യയിലെ ആദ്യകാല വാഹന പത്രപ്രവർത്തകനുമായ ബിജോയ് കുമാറാണ് മഹീന്ദ്രയുടെ അഡ്വഞ്ചർ വിഭാഗം നയിക്കുന്നത്. 2011 ൽ ബിജോയുടെ നേതൃത്വത്തിൽ മഹീന്ദ്ര അഡ്വഞ്ചർ സ്ഥാപിതമായി. ഇന്ന് രാജ്യത്തെ പ്രധാന വാഹന അഡ്വഞ്ചർ മത്സരങ്ങളുടെ വേദിയാണ് മഹീന്ദ്ര അഡ്വഞ്ചർ. ഗ്രേറ്റ് എസ്കേപ്പ്, മോണാസ്ട്രി എസ്കേപ്പ് (10 ദിവസം), റോയൽ എസ്കോപ്പ് (6 ദിവസം), ഓതന്റിക്  ഭൂട്ടാൻ (8 ദിവസം), ഹിമാലയൻ സ്പിറ്റ് എസ്കേപ്പ് (7 ദിവസം), ഓതന്റിക് മ്യാൻമാർ തായ്‌ലന്റ് (12 ദിവസം) ഓതന്റിക് നോർത്ത് ഈസ്റ്റ് എസ്കേപ് (മേഘാലയ, ആസാം, അരുണാചൽ പ്രദേശ്–10 ദിവസം) തുടങ്ങിയ അ‍ഡ്വഞ്ചർ ഇവന്റുകൾ മഹീന്ദ്ര സംഘടിപ്പിക്കുന്നു. ഓഫ് റോ‍ഡ്  പരീശീലിക്കാൻ താൽപര്യമുള്ളവർക്ക്  മഹീന്ദ്ര അ‍ഡ്വഞ്ചർ ഇഗത്പൂരിൽ ഓഫ് റോഡ് ട്രെയിനിങ് അക്കാദമിയും നടത്തുന്നുണ്ട്.