വഴി തെറ്റിക്കാനായൊരു വഴികാട്ടി

കോട്ടയവും കുമളിയുമില്ലാത്ത കേരളത്തിൻറെ ഭൂപടം കണ്ടിട്ടുണ്ടോ ? വഴികാട്ടാനായി സൃഷ്ടിക്കപ്പെട്ട മാപ് മൈ ഇന്ത്യ നാവിഗേറ്റർ വാങ്ങിയാൽ കോട്ടയവുമില്ല, കുമളിയുമില്ല. പകരം കൊട്ടിയാം ഉണ്ട് കുമ്പിളിയുമുണ്ട്. ഭാഗ്യം കുമ്പിടിയില്ല. ഉണ്ടായിരുന്നെങ്കിൽ ഏതു സ്ഥലം തെരഞ്ഞാലും കുമ്പിടിയായേനേ.

ഈ നാവിഗേറ്ററിന്റെ പൊതു അവസ്ഥ ഇതു തന്നെ. വിശ്വസിച്ചു യാത്രയായാൽ വഴി തെറ്റിക്കും, ഉറപ്പ്. 8500 രൂപ വിലയുള്ള മാപ് മൈ ഇന്ത്യ എൽ എക്സ് 340 ധാരാളം സൗകര്യങ്ങഉുണ്ടെന്ന് അവകാശപ്പെടുന്ന ഉപകരണമാണ്. മാപ് മാത്രമല്ല വിഡിയോ, സംഗീതം, ഇ ബുക്ക്, ഗെയിം എന്നു വേണ്ട എല്ലാം ഉണ്ടത്രെ. മാപ് പോലും നേരേ ചൊവ്വേ പ്രവർത്തിക്കാത്തതുകൊണ്ട് ബാക്കി സൗകര്യങ്ങളിലേക്കൊന്നും കൈ വച്ചതേയില്ല. കൂടുതൽ വിശേഷങ്ങളിലേക്ക്.

മുഖ്യപ്രശ്നം മാപ്പിന് വളരെക്കുറച്ച് റോഡുകളെപ്പറ്റിയും സ്ഥാപനങ്ങളെപ്പറ്റിയും മാത്രമേ അറിവുള്ളു എന്നതാണ്. ഉദാഹരണത്തിന് കോട്ടയത്തു നിന്ന് (കൊട്ടിയാം തന്നെ) എറണാകുളത്തിനു പോകാൻ മൂന്നോ നാലോ വഴികളുണ്ടെങ്കിൽ മാപ്പിന് വൈക്കം വഴി മാത്രമേ അറിയൂ. എന്നു മാത്രമല്ല, മറ്റു വഴികളുലൂടെയെങ്ങാനും പോയാൽ എറണാകുളം എത്തും വരെ പഴയ വഴിയിലേക്ക് യു ടേൺ എടുക്കൂ, എടുക്കൂ എന്നു പറഞ്ഞു കൊണ്ടേയിരിക്കും. റൂട്ട് റീ കാൽകുലേറ്റ് ചെയ്ത് വിടുന്ന പരിപാടിയില്ല എന്നർത്ഥം. മാത്രമല്ല, ദൂരം കുറഞ്ഞ റൂട്ടോ, ട്രാഫിക് കുറഞ്ഞ റൂട്ടോ നൽകി ഉപദേശിക്കാൻ മാപ്പിൽ സൗകര്യവുമില്ല. ഒരു വഴി പറയും, 100 കിലോമീറ്റർ അധികം ഓടേണ്ടിവന്നാലും അതു വഴി പൊയ്ക്കൊള്ളണം. അതാണു സ്ഥിതി.

ഇനി സ്ഥലം വല്ലതും തിരഞ്ഞാൽ കുടുങ്ങിയതു തന്നെ. കോട്ടയത്തു കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു ക്ലബ് തിരഞ്ഞപ്പോൾ മാപ്പിനറിയില്ല. ഒട്ടു മിക്ക കടകളും സ്ഥാപനങ്ങളും ഒരു പിടിയുമില്ല. ചില സ്ഥാപനങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടാൽ അവർക്കു വേണമെങ്കിൽ മാപ് മൈ ഇന്ത്യക്കെതിരേ കേസു കൊടുക്കാം. ഉദാഹരണം. പയസ് ടെൻസ് കോൺവന്റ്. മാപ്പിലെ പേര് അഭയ പയസ് ടെൻത് കോൺവൻറ്. സിസ്റ്റർ അഭയ അപമൃത്യുവടഞ്ഞത് എല്ലാവരും മറക്കാനാഗ്രഹിച്ചാലും മാപ് വിടില്ല.

എന്തെങ്കിലും തകരാറുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത് എന്നു കരുതി സർവീസ് സ്റ്റേഷനിൽ കൊടുത്തു വിട്ടതും തമാശയായി. അതിൽപ്പിന്നെ എപ്പോഴും എവിടെപ്പോയി നിന്നാലും നിൽക്കുന്ന ഇടം സർവീസ് സ്റ്റഷൻ തന്നെ.

കൂടുതൽ വർണിക്കുന്നില്ല, ഗൂഗിൾ മാപ് എത്രയോ മഹത്തരം. നാവിഗേറ്ററുകളുടെ കാലം കഴിഞ്ഞു.