ചരിത്രത്തിന് ഒരു ബുള്ളറ്റ് സന്ദേശം

സ്വാഡ്വൺ ബ്ലൂ ഡെസ്പാച്ച്

ചരിത്രത്തിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കിക്കൊണ്ട് മൂന്നു റോയൽ എൻഫീൽഡ് ബൈക്കുകൾ. ക്ലാസിക് 500 മോഡലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നു യുദ്ധ കാല മോഡലുകളാണ് ലിമിറ്റഡ് എഡിഷനായി ഇറങ്ങുന്നത്. ഇതിൽ രണ്ടെണ്ണമേ ഇന്ത്യയിൽ കിട്ടൂ. മൂന്നാമത്തേത് ഇന്ത്യൻ കരസേന ഇപ്പോഴും ഉപയോഗിക്കുന്ന ഡെസ്പാച്ചർ ബൈക്കുകളുമായുള്ള സാമ്യം മൂലം വിദേശത്തു മാത്രമേ ലഭിക്കൂ. മൂന്നു മോഡലുകളും ഓൺ ലൈൻ വഴി മാത്രമായിരിക്കും ബുക്കിങ്. ഷോറൂമിൽപ്പോയി കാണാൻ നിവൃത്തിയില്ല.

റോയൽ എൻഫീൽഡിൻറെ ബ്രിട്ടീഷ് പാരമ്പര്യത്തിൻറെ തുടർച്ചയായാണ് ഈ ബൈക്കുകളുടെ വരവ്. ലോക യുദ്ധകാലത്ത് ആശയവിനിയമത്തിൽ നിർണായക പങ്ക് വഹിച്ച വാഹനങ്ങളാണ് ഡസ്പാച്ച് ബൈക്കുകൾ. അവശ്യ സന്ദേശങ്ങൾ ഏതു ദുർഘടമായ അവസ്ഥകളിലും കൃത്യമായി ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് ഡെസ്പാച്ചർമാരുടെ പണി. അതിനായി ഉപയോഗിക്കുന്ന പ്രത്യേക ബൈക്കുകളാണ് ഡെസ്പാച്ചർ ബൈക്കുകൾ. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷ് ആർമിയുടെ റോയൽ എൻജിനിയേഴ്സ് സിഗ്നൽ സർവീസിനു കീഴിലായിരുന്നു ഈ ഡെസ്പാച്ചർ സംഘം. രണ്ടാം ലോകയുദ്ധകാലത്ത് റോയൽ കോർ ഓഫ് സിഗ്നൽസ് ഈ ദൗത്യം ഏറ്റെടുത്തു.

ഡെസേർട്ട് സ്റ്റോം ഡെസ്പാച്ച്

റോയൽ എയർഫോഴ്സും റോയൽ നേവിയും സമാന ഡെസ്പാച്ചർ സേവനങ്ങൾ ഉപയോഗിച്ചിരുന്നതായാണ് ചരിത്രം. ട്രയംഫ്, നോർട്ടൻ, ബി എസ് എ, മാച്ച്ലെസ്, ഏരിയൽ എന്നിവയ്ക്കൊപ്പം റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളും ലോകയുദ്ധകാലത്ത് പലേടത്തും ഡെസ്പാച്ചർ വേഷമണിഞ്ഞിട്ടുണ്ടെന്നതാണ് ഈ ചരിത്രത്തെ ഇപ്പോൾ ബുള്ളറ്റുമായി ബന്ധിപ്പിക്കുന്നത്.

രണ്ടാം ലോകയുദ്ധമായപ്പോഴേക്കും കമ്പിയില്ലാക്കമ്പി കൂടുതൽ പ്രചാരത്തിലായെങ്കിലും ഡെസ്പാച്ചർ ബൈക്കുകളുടെയും സാഹസികന്മാരായ സന്ദേശവാഹകന്മാരുടെയും പ്രസക്തി കുറഞ്ഞില്ല. ഇന്നും പല സാഹചര്യങ്ങളിലും വ്യത്യസ്ഥമായ ആവശ്യങ്ങൾക്കായി ഡെസ്പാച്ചർ ബൈക്കുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഏതു പ്രതിസന്ധിയും നേരിടാനാവുംവിധം അവശ്യം സ്പെയർ പാർട്സുകളും മുഖമുദ്രയായ ഡെസ്പാച്ചർ പൗച്ചുകളും ബാഗുകളുമൊക്കെയാണ് ഡെസ്പാച്ചർ മോഡലുകളുടെ പ്രത്യേകത. റോയൽ എൻഫീൽഡ് ഇതേ പ്രത്യേകതകൾ പുതിയ ബൈക്കുകളിലും കൊണ്ടുവരുന്നു. ഇത്തരത്തിൽപെട്ട 600 ബൈക്കുകൾ മാത്രമാണു വിൽപ്പനയ്ക്കെത്തുക.

മൂന്നു നിറങ്ങളിലാണു വിൽപനയ്ക്കെത്തുക; ഓരോ നിറത്തിലും 200 ബൈക്ക് വീതം വിൽപനയ്ക്കുണ്ടാവും. ഇതിൽ ഡെസേർട്ട് സ്റ്റോം ഡെസ്പാച്ച്, സ്വാഡ്വൺ ബ്ലൂ ഡെസ്പാച്ച് നിറങ്ങൾ ഇന്ത്യയിൽ കിട്ടും. ബാറ്റിൽ ഗ്രീൻ ഡെസ്പാച്ച് എന്ന മൂന്നാം നിറമാണ് വിദേശ വിപണികളിൽ മാത്രം ലഭിക്കുക. ഇതിനു പുറമെ ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന തുകൽ ജാക്കറ്റുകളും ആങ്കിൾ ഗാർഡുള്ള ഷൂസുമൊക്കെ വിൽപനയ്ക്കെത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറമെ നിലവിൽ കമ്പനിക്കു സാന്നിധ്യമുള്ള 50 വിദേശ വിപണികളിലും ഇവ ലഭിക്കും.

അക്സസറികൾ

ബൈക്കുകളുടെ പരിമിതകാല പതിപ്പിനൊപ്പം റൈഡിങ് ഗീയർ, അക്സസറികൾ എന്നിവയുടെ പുത്തൻ ശേഖരം ആഭ്യന്തര, വിദേശ വിപണികളിൽ അവതരിപ്പിക്കാനും റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്. ഓൺലൈൻ ഗീയർ സ്റ്റോറുകളിൽ ബുക്ക് ചെയ്യുന്ന പരിമിതകാല പതിപ്പിന്റെ വിതരണം ജൂലൈ മധ്യത്തിൽ ആരംഭിക്കുമെന്ന് റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ് ലാൽ അറിയിച്ചു. ഇന്ത്യയിൽ ഇപ്പോൾ നാനൂറോളം വിപണന കേന്ദ്രങ്ങളാണുള്ളത്. ഇതിൽ 250 സ്ഥലങ്ങളിലാണ് ഗീയറും അക്സസറികളും വിൽപനയ്ക്കുള്ളത്. വർഷാവസാനത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം 500 ആയും അക്സസറി വിൽപനകേന്ദ്രങ്ങളുടെ എണ്ണം 400 ആയും ഉയർത്താനാണു പദ്ധതി. വിദേശത്ത് യൂറോപ്പിലും അമേരിക്കയിലും തെറ്റില്ലാത്ത സാന്നിധ്യമുള്ളതിനാൽ തെക്കെ അമേരിക്കയും ദക്ഷിണ പൂർവ ഏഷ്യയും പോലുള്ള മേഖലകളിലാണു കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.