ആര്യ മുതൽ ഹെക്സ വരെ

Tata Hexa

ആര്യയിൽ നിന്നു ഹെക്സയിലേക്ക് വളരെയേറെ ദൂരമുണ്ട്. ടാറ്റയുടെ സൂപ്പർ പ്രീമിയം ക്രോസ് ഓവറായ ആര്യയുടെ പുതിയ മോഡലല്ല ഹെക്സ. ആര്യയുടെ പ്ലാറ്റ്ഫോമും ഘടകങ്ങളും ഉപയോഗിക്കുന്ന പുതിയൊരു വാഹനം. അഞ്ചു കൊല്ലം പിന്നിട്ട ആര്യ പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്നുയർന്ന പുതുവാഹനം ഒരു മാസത്തിനകം വിപണിയിലെത്തും. ഹെക്സയെപ്പറ്റി സമൂഹ മാധ്യമങ്ങളിലും ടാറ്റ മോട്ടോഴ്സ് വിവരണങ്ങളിലും നിന്നു ലഭിക്കുന്ന ചില കണ്ടെത്തലുകൾ ഇതാ. ഇക്കൊല്ലം ആദ്യം ന്യൂഡൽഹി ഓട്ടൊ എക്സ്പൊയിൽ ഹെക്സ പ്രദർശിപ്പിച്ചിരുന്നു. നവംബർ ഒന്നു മുതൽ ബുക്കിങ് ആരംഭിക്കും. വില 10 ലക്ഷത്തിനു തെല്ലു മുകളിലായിരിക്കുമെന്നാണറിവ്.

∙ ആര്യ, ഹെക്സ: എന്തൊക്കെയായാലും ആര്യ വിട്ടൊരു ഹെക്സയില്ലെന്നു പറയാം. കാരണം ബോഡി ഘടകങ്ങളും മെക്കാനിക്കൽ ഭാഗങ്ങളും ധാരാളം പുനരുപയോഗം ചെയ്തിട്ടുണ്ട്. മുന്നിലും പിന്നിലും വശങ്ങളിലെ ക്ലാഡിങ്ങുകളിലും മറ്റും മാത്രമേ പുതുമ കൊണ്ടു വന്നിട്ടുള്ളു. പ്ലാറ്റ്ഫോമും ആര്യയിൽ നിന്ന് ഉൾക്കൊണ്ടു.

Tata Hexa

∙ വലിയ മാറ്റങ്ങൾ: ഇങ്ങനെയാണെങ്കിലും വളരെ വലിയ മാറ്റങ്ങളുമുണ്ട്. എൻജിൻ, ഗിയർബോക്സ് എന്നിവ തനി പുത്തൻ. നേരത്തെ സഫാരി സ്ട്രോമിൽ നിന്നുള്ള എൻജിൻ കടം കൊള്ളുന്നു എന്നു വാർത്തയുണ്ടായിരുന്നെങ്കിലും വാഹനം ഇറങ്ങാറായപ്പോൾ കേൾക്കുന്നത് പുതിയ എൻജിനാണെന്നാണ്.

∙ ലാൻഡ്റോവർ: മറ്റൊരു മുഖ്യ സവിശേഷത ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവറിൽ നിന്ന് ധാരാളം സാങ്കേതികതകൾ കടം കൊണ്ടിട്ടുണ്ടെന്നതാണ്. ഇതു തന്നെയാണ് ഹെക്സയുടെ മികവും. സ്റ്റെലിങ്ങ് മുതൽ മുഖ്യ ഘടകങ്ങൾ വരെ ലാൻഡ് റോവർ നിലവാരത്തിലാണ്.

Tata Hexa

∙ കാഴ്ച: പുതിയ ബോഡി ക്ലാഡിങ്ങുകളും തികച്ചും വ്യത്യസ്തമായ മുൻവശവും ഹെക്സയെ ആര്യയിൽ നിന്നു മാറ്റി നിർത്തുന്നു. ചെറു കാറുകൾക്കടക്കം നൽകിയിരുന്ന കുടംബമുഖം മാറിയത് ഹെക്സയ്ക്ക് ഗൗരവം കൂട്ടിയിട്ടുണ്ട്. ദൂരെ നിന്നു നോക്കുമ്പോൾ ആര്യയും ടാറ്റയുടെ ചെറുകാറുകളും ഒരേപോലെയിരിക്കുന്നുവെന്ന കുറവ് ഇല്ലാതായി.

∙ ഉൾവശം: ലാൻഡ് റോവറുകളെ അനുസ്മരിപ്പിക്കുന്ന ഉൾവശം. ഫിനിഷ് ആഗോള നിലവാരത്തിൽ. ലെതർ ഫിനിഷ് എന്നു തോന്നിപ്പിക്കും വിധത്തിലാണ് സോഫ് ടച്ച് ഡോർ ട്രിമ്മും ഡാഷ് ബോർഡും മറ്റും. മൂന്നു നിര സീറ്റുകൾ. മുന്നിൽ രണ്ട്, മധ്യത്തിൽ മൂന്ന്, ഏറ്റവും പിന്നിൽ രണ്ട്. ലെഗ് റൂം ആദ്യത്തെ രണ്ടു നിരകൾക്കും ധാരാളം. മൂന്നാം നിരയ്ക്ക് ആവശ്യത്തിന്. എ സി വെൻറുകൾ എല്ലാവർക്കുമുണ്ട്.

Tata Hexa Super Drive Modes

∙ സൗകര്യങ്ങൾ: ഓട്ടമാറ്റിക് എ സി. ടു ഡിൻ സ്റ്റീരിയോ. ഇൻ ഡാഷ് നാവിഗേഷൻ സിസ്റ്റം. ജി പി എസ് അധിഷ്ഠിത സംവിധാനം. റിവേഴ്സ് ക്യാമറ, റെയിൻ സെൻസറുള്ള വൈപ്പർ, ഇരുട്ടായാൽ ഓണാകുന്ന ഹെഡ്‌ലാംപ്, ഓൺ ബോർഡ് കംപ്യൂട്ടർ ഡിസ്പ്ലേ, അപ്രോച്ച് ലൈറ്റ്, തണുപ്പിക്കുന്ന ഗ്ലൗവ് കംപാർട്മെൻറ്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ.

∙ എൻജിൻ: 154 ബി എച്ച് പി നാലു സിലണ്ടർ എൻജിൻ ഡൈകോർ സീരീസിനെക്കാൾ പുതിയതത്രെ. വാരികോർ 400 സീരീസ് എൻജിന് 400 എൻ എം ടോർക്കുമുണ്ട്. ശബ്ദവും വിറയലും തീരെ കുറവ്. പെട്രോൾ എൻജിൻ മോഡലില്ല. അഞ്ചു വേരിയൻറുകൾക്കും ഡീസൽ എൻജിനുകളാണ്.

Tata Hexa

∙ 4 വീൽ ഡ്രൈവ്: രണ്ടു നാലു വീൽ ഡ്രൈവ് മോഡലുകളുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, ആറു വീൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ. അത്യാധുനികമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ.

∙ സുരക്ഷ: എല്ലാ മോഡലിനും എ ബി എസും എയർ ബാഗും. ഉയർന്ന മോഡലുകൾക്ക് ഇ എ സ് പിയും ആറ് എയർ ബാഗുകളും. ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ഡൈനാമിക് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസൻറ് കൺട്രോൾ, ഹിൽ ഹോൾഡ് തുടങ്ങി എല്ലാ സംവിധാനങ്ങളും. മൂന്നു ഡ്രൈവ് മോഡുകൾ.