മികച്ച അഞ്ച് ബഡ്ജെറ്റ് ബൈക്കുകൾ

ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള ഇരുചക്രവാഹനങ്ങളാണ് വിലക്കുറവുള്ള കമ്യൂട്ടർ ബൈക്കുകൾ. മികച്ച ഇന്ധനക്ഷമതയും ഭേദപ്പെട്ട യാത്രാസുഖവും നൽകുന്ന ഈ സെഗ്‌മെന്റാണ് നമ്മുടെ ഇരുചക്ര വിപണിയുടെ നട്ടെല്ല്. വർഷവും നിരവധി ബൈക്കുകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇന്നും ഈ സെഗ്‌മെന്റിലെ താരങ്ങൾ നമ്മുടെ വിശ്വസ്ത ബൈക്കുകൾ തന്നെ. വിൽപ്പനയുടെ കാര്യം മാത്രം പരിഗണിച്ചാൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ബഡ്ജെറ്റ് ബൈക്കുകളെ പരിചയപ്പെടാം.

ഹീറോ സ്പ്ലെന്‍ഡർ

1994 മുതൽ ഇന്ത്യയിലെ ജനപ്രിയനാണ് സ്പ്ലെൻഡർ. ഇരുപത് വർഷം ഇന്ത്യൻ ബൈക്കു വിപണിയിലെ മുൻ നിര താരമായി സ്പ്ലെൻഡർ നിലനിന്നെങ്കിൽ ബൈക്കിന്റെ മികവുകൊണ്ടു മാത്രമാണത്. ഹോണ്ടയുടെ സ്കൂട്ടറായ ആക്ടീവ ഒന്നാം സ്ഥാനം കൈയ്യടക്കിയെങ്കിലും വിൽപ്പനയിൽ അധികം പിറകിലൊന്നുമല്ല ഈ എൻട്രി ലെവൽ കമ്യൂട്ടർ. കഴിഞ്ഞ ഓക്ടോബറിൽ മാത്രം ഏകദേശം 2.36 സ്പ്ലെൻഡറുകളാണ് ഇന്ത്യയിൽ വിറ്റത്. 97.2 സിസി നാല് സ്ട്രോക്ക് എഞ്ചിനുള്ള സ്പ്ലെൻഡറിന് 8000 ആർപിഎമ്മിൽ‌ 8.36 പിഎസ് കരുത്തും 5000 ആർപിഎമ്മിൽ 8.05 എൻഎം ടോർക്കുമുണ്ട്.

ഹീറോ എച്ച് എഫ് ഡിലക്സ്

ഹീറോയുടെ ഇരുചക്ര ശ്രേണിയിലെ ഏറ്റവും ചെറിയ ബൈക്കുകളിലൊന്നാണ് എച്ച് എഫ് ഡിലക്സ്. ചെറുതാണെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ അത്രെ ചെറുതല്ല ഡിലക്സ് ഇന്ത്യന്‍ വിപണിയിലുള്ള ബൈക്കുകളിൽ ഏറ്റവും മികച്ച വിൽപ്പനയുള്ള മൂന്നാമത്തെ ബൈക്കാണ് എച്ച് എഫ് ഡിലക്സ്. 97.2 സിസി എഞ്ചിനുള്ള ഡിലക്സ് 8000 ആർപിഎമ്മിൽ‌ 8.36 പിഎസ് കരുത്തും 5000 ആർപിഎമ്മിൽ 8.05 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം 1.07 ലക്ഷം എച്ച് എഫ് ഡിലക്സുകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റത്.

ഹീറോ പാഷൻ

ഹീറോയുടെ ജനപ്രിയനായ മറ്റൊരു കമ്യൂട്ടറാണ് പാഷൻ. പുറത്തിറങ്ങിയ കാലം തൊട്ട് ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുള്ള പാഷൻ കമ്യൂട്ടർ സെഗ്മെന്റിൽ വ്യത്യസ്ത ലുക്കുള്ള ബൈക്കാണ്. യുവാക്കളെ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന പാഷന് ഭേദപ്പെട്ട കരുത്തും മൈലേജുമുണ്ട്. 97.2 സിസി എഞ്ചിനുള്ള പാഷൻ 8000 ആർപിഎമ്മിൽ‌ 8.36 പിഎസ് കരുത്തും 5000 ആർപിഎമ്മിൽ 8.05 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. 95,883 പാഷനുകളാണ് ഓക്ടോബറിൽ മാത്രം ഇന്ത്യയിൽ വിറ്റത്.

ഹോണ്ട സി ബി ഷൈൻ

ഹോണ്ടയുടെ സ്പോർട്ടി കമ്യൂട്ടറാണ് സിബി ഷൈൻ. 125 സി സി സെഗ്‌മെന്റിലെ ഏറ്റവും വിൽപ്പനയുള്ള താരം. എൻട്രിലെവൽ കമ്മ്യൂട്ടറേക്കാൾ കരുത്തും ഭംഗിയും കൂടുതലുള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച ബൈക്കുകളിലൊന്നാണ് സിബി ഷൈൻ. 2006 ലാണ് ഷൈൻ ഇന്ത്യൻ വിപണിയിലെത്തിയത്. 124.7 സിസി കപ്പാസിറ്റിയുള്ള ഷൈനിന്റെ എഞ്ചിൻ 7500 ആർപിഎമ്മിൽ 10.30 ബിഎച്ച്പി കരുത്തും 5500 ആർപിഎമ്മിൽ 10.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഷൈനിന്റെ 90168 യൂണിറ്റുകളാണ് ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ വിറ്റത്.

ബജാജ് സി ടി 100

ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള ആറാമത്തെ ഇരുചക്രവാഹനവും അഞ്ചാമത്തെ ബൈക്കുമാണ് സി ടി 100. ഇതു മാത്രം മതി ഈ ബൈക്കിന്റെ മികവ് അളക്കാൻ. മൈലേജാണ് സിടി 100 ന്റെ ബ്രഹ്മാസ്ത്രം. 99.27 സിസി കരുത്തുള്ള എഞ്ചിൻ 7500 ആർപിഎമ്മിൽ 8.2 പിഎസ് കരുത്തും 4500 ആർപിഎമ്മിൽ 8.05 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 66517 യൂണിറ്റ് സിടി 100 ബൈക്കുകളാണ് കഴിഞ്ഞ ഓക്ടോബറിൽ മാത്രം ഇന്ത്യയിൽ വിറ്റുപോയത്.