അഞ്ച് മൈലേജ് താരങ്ങൾ

സ്പോർട്സ് ബൈക്കുകളും സൂപ്പർ ബൈക്കുകളും ക്രൂസറുകളുമൊക്കെ ധാരാളം ഇറങ്ങിയെങ്കിലും ഇന്നും ബൈക്കുകൾ സാധാരണക്കാരൻറെ വാഹനമാണ്. ദൈനംദിന ഉപയോഗങ്ങൾക്കുള്ള, ചിലവു കുറഞ്ഞ വാഹനം. ഇന്ത്യയിൽ മാത്രമല്ല, വികസിത രാജ്യങ്ങളിലെല്ലാം ഇതു തന്നെ സ്ഥിതി. പണ്ടൊക്കെ ജാപ്പനീസ് ബൈക്കുകളും പിന്നെ ചൈനീസ് ബൈക്കുകളുമായിരുന്നു വിലക്കുറവും ഇന്ധനക്ഷമതയും നൽകിയിരുന്നതെങ്കിൽ ഇന്നിപ്പോൾ ഇന്ത്യൻ ബൈക്കുകൾ ഇന്ത്യ വിട്ടു വിദേശത്തേക്ക് ചേക്കേറിത്തുടങ്ങി. എന്നു മാത്രമല്ല, തെക്കെ അമേരിക്കൻ രാജ്യങ്ങളിൽ പലയിടത്തും ഏറ്റവുമധികം വിൽക്കപ്പെടുന്ന ബൈക്ക് ബ്രാൻഡ് നമ്മുടെ ബജാജും ടി വി എസുമൊക്കെയാണ്.

ഭൂരിപക്ഷം ഇരുചക്ര ഉപഭോക്താക്കൾക്കും ഇന്ധനക്ഷമത തന്നെയാണ് പ്രാഥമിക പരിഗണന. കുറഞ്ഞ പരിപാലനച്ചിലവും വിലക്കുറവും മറ്റു രണ്ടു ഘടകങ്ങൾ. ഏറ്റവും കൂടുതൽ ഇന്ധനക്ഷമത അവകാശപ്പെടുന്ന അഞ്ച് ബൈക്കുകൾ ഇവയൊക്കെ:

Hero Splendor iSmart

ഹീറോ സ്പ്ലെൻഡർ ഐ സ്മാർട്ട്: ഹീറോ നിരയിൽ ഏറ്റവുമധികം മൈലേജുള്ള വാഹനമാണ് സ്പ്ലെൻഡർ. ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഐ സ്മാർട്ടിന് ലിറ്ററിന് 102.5 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. കാറുകളിൽ മാത്രം കണ്ടു ശീലിച്ച സ്റ്റാർട്ട് സ്റ്റോപ് ടെക്നോളജി ആദ്യമായി ഇരുചക്രവാഹനങ്ങളിലേയ്ക്ക് എത്തിയതും ഐ സ്മാർട്ടിലൂടെയാണ്. 97.2 സിസി കപ്പാസിറ്റി എൻജിനുള്ള ബൈക്കിന് 8.3 പിഎസ് കരുത്തും, 8.05 എൻഎം ടോർക്കുമുണ്ട്. 51,500 രൂപ മുതൽ 52,517 രൂപ വരെയാണ് എക്സ്ഷോറൂം വില.

Bajaj CT 100

ബജാജ് സിടി 100: ഏറ്റവുമധികം വിൽപനയുള്ള ബജാജ് മോഡലുകളിലൊന്ന്. ഇന്ധനക്ഷമതയിൽ മുന്നിലായിരുന്ന ബൈക്ക് ഇടയ്ക്കൊന്നു പിൻവലിക്കപ്പെട്ടു. രണ്ടാമതും വിപണിയിലെത്തിയത് 2015 ലാണ്. ലിറ്ററിന് 99.1 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. 99.27 സിസി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിന് 8.1 ബിഎച്ച്പി. വില 32,290 രൂപ മുതൽ 39,965 രൂപ വരെ.

Bajaj Plantina

ബജാജ് പ്ലാറ്റിന 100 ഇഎസ്: ഇന്ധനക്ഷമതയുടെ കണക്കുകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബൈക്കാണ് പ്ലാറ്റിന 100 ഇഎസ്. ലിറ്ററിന് 96.9 കിലോമീറ്റർ. യാത്രാസുഖവും ഇന്ധനക്ഷമതയും ഒരുപോലെ തരുമെന്ന് അവകാശപ്പെടുന്ന പ്ലാറ്റിനയിൽ 102 സിസി എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 7500 ആർപിഎമ്മിൽ 8.2 പി എസ് കരുത്തും 5000 ആർപിഎമ്മിൽ 8.6 എൻഎം ടോർക്കും നൽകുന്ന എൻജിനാണ് ബൈക്കിൽ. 44,760 മുതൽ 46,860 രൂപ വരെയാണ് ബൈക്കിന്റെ എക്സ് ഷോറൂം വില.

TVS Sport

ടിവിഎസ് സ്പോർട്ട്: സ്പോർട്ടി ലുക്കുള്ള കമ്യൂട്ടർ. കണ്ടു മടുത്ത രൂപമുള്ള എൻട്രി ലെവൽ കമ്യൂട്ടർ വിഭാഗത്തിൽ വ്യത്യസ്ത രൂപമുള്ള ബൈക്കാണ് സ്പോർട്ട്. 95 കിലോമീറ്ററാണ് മൈലേജ്. 99.7 സിസി എൻജിൻ. 7500 ആർപിഎമ്മിൽ 7.8 പിഎസ് കരുത്തും 5500 ആർപിഎമ്മിൽ 7.8 എൻഎം ടോർക്കുമുണ്ട്. 41,144 രൂപ മുതൽ 48,093 രൂപവരെയാണ് എക്സ് ഷോറൂം വില.

Hero Splendor Pluse

ഹീറോ സ്പ്ലെൻഡർ പ്ലസ്: ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള ബൈക്കാണ് സ്പ്ലെൻഡർ. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ സ്പ്ലെൻഡർ പല തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായി. ലിറ്ററിന് 93.2 കിലോമീറ്റർ മൈലേജ്.. 97.2 സിസി എൻജിനുള്ള ബൈക്ക് 8000 ആർപിഎമ്മിൽ 8.36 ബിഎച്ച്പി കരുത്തും 5000 ആർപിഎമ്മിൽ 8.05 എൻഎം ടോർക്കും നൽകും. 46,850 രൂപ മുതൽ 49,500 രൂപ വരെയാണ് എക്സ്ഷോറൂം വില.