തണുപ്പിന്റെ സസ്പെൻസ്

Representative Image

ഒാട്ടൊ എക്സ്പൊ എന്നും തണുപ്പിലാണ്. ന്യൂഡൽഹി കുളിരണിഞ്ഞു നിൽക്കുന്ന ജനുവരി, അല്ലെങ്കിൽ ഫെബ്രുവരി. അതാണ് എക്സ്പൊയുടെ കാലം. ഇക്കൊല്ലം എക്സ്പൊയ്ക്ക് തണുപ്പു തെല്ലു കൂടുതലാണെന്നു വാദിക്കുന്നവരുണ്ട്. അവർ പറയുന്നു. മേളയ്ക്ക് കൊഴുപ്പു പോരാ. കാരണം. പലരുമില്ല. ഫോർഡ്, നിസ്സാൻ, ഫോക്സ് വാഗൻ, സ്കോഡ, ഒൗഡി. മുൻ നിരയിൽ നിന്ന് ഇത്രയും പേർ ഗ്രേറ്റർനോയ്ഡയിലെ രാജ്യാന്തര നിലവാരമുള്ള പവ്​ലിയനിൽ നിരക്കാനില്ല.

ശരിയാണ്. എന്നാൽ ഈ വാദത്തിനു കഴമ്പില്ലെന്ന് എക്സ്പൊ വാദികൾ. കാരണം ഒരു കാലത്തും ഒാട്ടൊ എക്സ്പൊ ഫുൾ ഹൗസായിട്ടില്ല. കുറെപ്പേർ വിട്ടു നിൽക്കും. പ്രത്യേകിച്ച് കാര്യമായ മോഡലുകൾ ഇനി വരാനില്ലാത്തവരും അടുത്ത കൊല്ലങ്ങളിലേക്കുള്ള തന്ത്രങ്ങൾ തീർച്ചയില്ലാത്തവരും. ആവശ്യമില്ലാതെ 20 കോടിയെങ്കിലും വെറുതെ കളയാൻ ഒരു ധൂർത്തൻ കമ്പനിയും തയാറാവില്ലല്ലൊ. പ്രത്യേകിച്ച് മുണ്ടു മുറുക്കിയുടുത്ത് ചെലവു നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ.

അതുകൊണ്ട് 2018 ഒാട്ടൊ എക്സ്പോയ്ക്ക് കൊഴുപ്പില്ലെന്നു പറയുന്നവർ ക്ഷമിക്കുക. കൊഴുപ്പിക്കാൻ ഇഷ്ടം പോലെ വകയുണ്ട് പതിവു പോലെ ഇത്തവണയും. 24 പുതിയ വാഹനങ്ങളും അതിന്റെ ഇരട്ടിയോളം കൺസപ്റ്റ് മോഡലുകളും ഈ എക്സ്പോയിൽ ഇറങ്ങും. കൂട്ടത്തിൽ നാം ഏതാനും എക്സ്പോകളായി കാത്തിരിക്കുന്ന ചില വാഹനങ്ങളും വരും. അവയുടെ വിശേഷങ്ങൾ വരും ദിനങ്ങളിൽ വായിക്കാം. വെറുതെ ഇപ്പോൾ നിരത്തുന്നില്ല.

സത്യത്തിൽ ഇത്തവണത്തെ എക്സ്പോയുടെ പ്രത്യേകത ഇതൊന്നുമല്ല. ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ ശരിയായ സ്പന്ദനങ്ങൾ ഇവിടെ കേൾക്കാം എന്നതാണ്. അതായത്, ഇന്ത്യയിൽ നിന്നുള്ള രണ്ടു പ്രമുഖ നിർമാതാക്കൾ രാജ്യാന്തര നിലവാരത്തിലേക്കുള്ള കാൽ വയ്പുകൾ ഇവിടെ നടത്തുന്നു. ടാറ്റയും പിന്നെ മഹീന്ദ്രയും. രണ്ടു നിർമാതാക്കളും രാജ്യാന്തര സ്വന്തമാക്കലുകളിൽ നിന്നുൾക്കൊണ്ട പാഠങ്ങളിൽ നിന്നു വാഹനങ്ങൾ എത്തിക്കുന്നു. മെഴ്സെഡിസിന്റെ ഉപസ്ഥാപനമായിരുന്ന സാങ് യോങിെൻറ റെക്സ്റ്റൻ പ്ലാറ്റ്ഫോമിൽ നിന്നൊരു എസ് യു വി കൊണ്ടുവരുമ്പോൾ ടാറ്റ ജാഗ്വാർ ലാൻഡ് റോവർ പാരമ്പര്യത്തിൽ നിന്ന് ഉൾക്കൊണ്ട വാഹനമാണ് അവതരിപ്പിക്കുക. വില ലാൻഡ് റോവറിന്റെ പാതി പോലുമെത്തില്ലത്രെ.

ഹ്യുണ്ടേയ് പുതിയ കുറെ കാറുകൾ അവതരിപ്പിക്കുമ്പോൾ അവരുടെ സ്വന്തം കിയ ന്യൂഡൽഹിയിൽ തിരനോട്ടം നടത്തുന്നു. ഇന്ത്യയിലേക്ക് എത്തുന്ന ഒരു പുതിയ നിർമാതാവ് കൂടി. ഷെവർലെ പോലെ വലിയൊരു വിടവുണ്ടായപ്പോൾ അതു നികത്തുക എന്ന കാവ്യനീതി നടപ്പാകുന്നുവെന്നു കരുതിയാൽ മതി. ഗൾഫിലോ യൂറോപ്പിലോ അമേരിക്കയിലോ ഒരു തവണയെങ്കിലും പോയവർക്കറിയാം കിയ എന്ന കമ്പനിയുടെ രൂപകൽപനാ മികവ്.

അടുത്തയിടെ ദുബായിൽ സഞ്ചരിക്കവെ പാഞ്ഞു മറി കടക്കുന്ന ഒരു കിയ കണ്ട് ദുബായ്ക്കാരൻ സുഹ‍ൃത്തു പറഞ്ഞു. കണ്ടോ പോകുന്നത് ? റോൾസ് റോയ്സിനു ലംബോർഗിനിയിൽ ജനിച്ച പോലില്ലേ? ശരിയായ വിലയിരുത്തൽ. കൊറിയനാണെന്നു കുറച്ചു പറയാൻ പലരും കൊതിക്കുമെങ്കിലും സംഗതി സംഭവമാണ്. കൊറിയൻ ഹ്യുണ്ടേയ് വിലസുന്ന നാട്ടിൽ കിയ കൂടി വിലസട്ടെ. ഉറപ്പായും വിലസും.

അഭാവം കൊണ്ടു ശ്രദ്ധേയരാകുന്നത് ഒരേയൊരു സ്ഥാപനം മാത്രം. സായ്ക് മോട്ടോഴ്സ്. െെചനാക്കാരാണ്. അതേസമയം ബ്രിട്ടീഷുമാണ്. ടാറ്റ ജെ എൽ ആർ സ്വന്തമാക്കിയതു പോലെ തന്നെ. എം ജി എന്ന െഎതിഹാസിക ബ്രിട്ടീഷ് ബ്രാൻഡ് സ്വന്തമാക്കി െെചനയിൽ നിന്ന് ഉത്പാദിപ്പിച്ച് മാരുതിയുടെ വിലയിൽ മെഴ്സെഡിസ് വിൽക്കുന്നതിനു സമാന സ്ഥിതിവിശേഷമുണ്ടാക്കിയ കമ്പനി. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം ഇത്തവണ എക്സ്പെയിൽ എത്തുമെന്നു പ്രതീക്ഷിച്ചു. വന്നില്ല. സാരമില്ല. കാത്തിരിക്കാം.

അവസാനിപ്പിക്കും മുമ്പ് മാരുതി സ്വിഫ്റ്റ്, ടൊയോട്ട യാരിസ് സെഡാൻ, റഷ്, ഹോണ്ടയുടെ പുതിയ അമേയ്സ് എന്നിവ ഒാട്ടൊ എക്സ്പെയാൽ അനാവരണം ചെയ്യപ്പെടും എന്ന് വിശ്വസിക്കാം. ഒപ്പം രണ്ടു ഡസനോളം പുതു വാഹനങ്ങളും. എല്ലാം പറഞ്ഞു രസം കൊല്ലുന്നില്ല, സസ്പെൻസ് കിടക്കട്ടെ. മാത്രമല്ല, ഇതു വരെ കേട്ടറിവേയുള്ളു... കണ്ടറിയട്ടെ...