ഇനി ‘വെന്റോ ഹൈലൈൻ പ്ലസും’; വില 11.39 ലക്ഷം മുതൽ

Vento Highline Plus

ഇന്ത്യയിലെ മോഡൽ ശ്രേണിയിലെ മുന്തിയ വകഭേദമായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ‘ഹൈലൈൻ പ്ലസ്’ വീണ്ടും അവതരിപ്പിച്ചു. ഡേ ടൈം റണ്ണിങ് ലാംപ് (ഡി ആർ എൽ)സഹിതമുള്ള എൽ ഇ ഡി ഹെഡ്ലൈറ്റുകളാണ് പുതിയ വകഭേദത്തിന്റെ പ്രധാന സവിശേഷത. മുമ്പും ഇന്ത്യയിൽ ‘ഹൈലൈൻ പ്ലസ്’ വകഭേദം ഫോക്സ്‌വാഗൻ അവതരിപ്പിച്ചിരുന്നു; എന്നാൽ പിന്നീട് പിൻവലി്കുകയായിരുന്നു. സെഡാനായ ‘വെന്റോ’യിലാണു പുത്തൻ വകഭേദം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. നിലവിലെ മുന്തിയ വകഭേദമായ ‘ഫോക്സ്‌വാഗൻ വെന്റോ ഹൈലൈൻ’ സെഡാനു മുകളിലാവും ‘2017 ഫോക്സ്‌വാഗൻ വെന്റോ ഹൈലൈൻ പ്ലസ്’ ഇടംപിടിക്കുകയെന്നു കമ്പനി വ്യക്തമാക്കുന്നു. പിന്നാലെ ‘പോളോ’യുടെയും ‘അമിയൊ’യുടെയും ‘ഹൈലൈൻ പ്ലസ്’ പതിപ്പുകൾ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

ഡി ആർ എല്ലുള്ള എൽ ഇ ഡി ഹെഡ്‌ലാംപിനു പുറമെ സ്റ്റാൻഡേഡ് വ്യവസ്്ഥയിൽ റിവേഴ്സ് കാമറയും‘2017 ഫോക്സ്‌വാഗൻ വെന്റോ ഹൈലൈൻ പ്ലസി’ൽ ഫോക്സ്‌വാഗൻ ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം ഹൈലൈൻ വകഭേദത്തിലെ സവിശേഷതകളെല്ലാം നിലനിർത്തുന്ന ‘2017 ഫോക്സ്‌വാഗൻ വെന്റോ ഹൈലൈൻ പ്ലസി’ന് 80,000 രൂപയാണ് ഫോക്സ്‌വാഗൻ അധികവിലയായി ഈടാക്കുന്നത്. ടി എസ് ഐ എൻജിനൊപ്പം ഡി എസ് ജി ഗീയർബോക്സുള്ള കാറുകളാണ് ആദ്യ ബാച്ചിൽ ‘ഹൈലൈൻ പ്ലസ്’ വകഭേദത്തിൽ ഷോറൂമുകളിലെത്തിയിരിക്കുന്നത്. ആറ് ആഴ്ചയ്ക്കകം മറ്റ് എൻജിൻ/ഗീയർബോക്സ് സങ്കലനത്തിലും ഈ വകഭേദം വിൽപ്പനയ്ക്കെത്തുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. 75,000 രൂപ മുൻകൂർ ഈടാക്കിയാണു ഡീലർഷിപ്പുകൾ ‘2017 ഫോക്സ്‌വാഗൻ വെന്റോ ഹൈലൈൻ പ്ലസി’നുള്ള ബുക്കിങ് സ്വീകരിക്കുന്നത്.

‘2017 ഫോക്സ്വാഗൻ വെന്റോ ഹൈലൈൻ പ്ലസി’ന്റെ വിവിധ വകഭേദങ്ങളുടെ മുംബൈയിലെ ഷോറൂം വില(ലക്ഷം രൂപയിൽ):
1.6 പെട്രോൾ എം ടി: 11.39
1.5 ടി ഡി ഐ എം ടി: 12.81
1.2 ടി എസ് ഐ ഡി എസ് ജി: 12.67
1.5 ടി ഡി ഐ ഡി എസ് ജി: 14.09