ബി എസ് നാല് ട്രക്കിനു വില കൂട്ടാതെ ഭാരത് ബെൻസ്

Bharat Benz BS 4

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള ട്രക്കുകൾ ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ്(ഡി ഐ സി വി) പുറത്തിറക്കി. സാധാരണ മോഡലുകളെ അപേക്ഷിച്ചു വില വർധന ഇല്ലാതെയാണ് ഡി ഐ സി വി ‘ബി എസ് നാല്’ ട്രക്കുകൾ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നതെന്ന സവിശേഷതയുണ്ട്. ബി എസ് നാല് നിലവാരം പാലിക്കുന്ന ബസ്സുകളുടെ കാര്യത്തിലും കമ്പനി സമാന തന്ത്രം പിന്തുടരുമെന്നാണു സൂചന.

ബി എസ് നാല് നിലവാരം പുലർത്തുന്ന വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി സുസജ്ജമാമെന്നു ഡി ഐ സി വി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസ്സെൽഹോഫ് വ്യക്തമാക്കി. മാത്രമല്ല, 2020ൽ പ്രാബല്യത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ബി എസ് ആര് നിലവാരമുള്ള വാഹനങ്ങളും ഡെയ്മ്ലറിന്റെ പക്കലുണ്ട്. മലിനീകരണ നിയന്ത്രണ നിലവാരം ഉയർന്നതിന്റെ പേരിൽ വാഹന വില വർധിപ്പിക്കാൻ എതിരാളികൾ തീരുമാനിച്ചിരുന്നു. ബി എസ് നാല് നിലവാരം ഉറപ്പാക്കാനുള്ള അധിക ചെലവ് പരിഗണിച്ചു വാഹന വില ഏഴു മുതൽ 10% വരെ ഉയരുമെന്നായിരുന്നു വിവിധ നിർമാതാക്കളുടെ പ്രതികരണം.  ഈ പശ്ചാത്തലത്തിലാണ് പഴയ മോഡൽ വാഹനങ്ങളുടെ വിലയ്ക്കു തന്നെ ബി എസ് നാല് നിലവാരമുള്ള ട്രക്കുകൾ വിൽക്കുമെന്നു ഡി ഐ സി വി പ്രഖ്യാപിച്ചിരിക്കുന്നത്. 

വിലയുടെ കാര്യത്തിൽ അസൗകര്യമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു നെസ്സെൽഹോഫ് അഭിപ്രായപ്പെട്ടു. ഭാവിയിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാവും വാഹന വിൽപ്പനയെന്നും അദ്ദേഹം വിലയിരുത്തുന്നു. ഭാരത് സ്റ്റേജ് നാല് നിലവാരമില്ലാത്ത വാഹനങ്ങളുടെ വിൽപ്പന നിരോധിച്ച സുപ്രീം കോടതി തീരുമാനം തികച്ചും ബുദ്ധിപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി വിധി വരുമ്പോൾ ബി എസ് മൂന്ന് നിലവാരമുള്ള 97,000 വാഹനങ്ങൾ കെട്ടിക്കിടക്കാൻ ഇടയായത് ആകസ്മികമല്ലെന്നും നിർമാതാക്കൾ കരുതിക്കൂട്ടിയെടുത്ത തീരുമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

വർധന ഉപേക്ഷിച്ചതോടെ ഭാരത് ബെൻസ് ട്രക്കുകളും എതിരാളികളുമായി വിലയിലുള്ള അന്തരം കുറയുമെന്നതാണു കമ്പനി പ്രതീക്ഷിക്കുന്ന നേട്ടം. അതേസമയം തന്നെ ട്രക്കിന്റെ പ്രീമിയം ബ്രാൻഡ് പ്രതിച്ഛായയിൽ ഇടിവനുള്ള സാധ്യതയില്ലെന്നും ഡി ഐ സി വി വിലയിരുത്തുന്നു. പ്രകടനക്ഷമതയാണു കമ്പനിയുടെ ട്രക്കുകൾക്ക് പ്രീമിയം പ്രതിച്ഛായ സമ്മാനിക്കുന്നതെന്നായിരുന്നു ഡി ഐ സി വി വൈസ് പ്രസിഡന്റ്(ഡൊമസ്റ്റിക് സെയിൽസ്, പ്രോഡക്ട് മാനേജ്മെന്റ് ആൻഡ് നെറ്റ്വർക്ക്) സൗമിന്ദ്ര സിങ്ങിന്റെ പ്രതികരണം.