‘വെന്റോ’യ്ക്ക് ‘ഹൈലൈൻ പ്ലസു’മായി ഫോക്സ്‌വാഗൻ

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗന്റെ കോംപാക്ട് സെഡാനായ ‘വെന്റോ’യുടെ മുന്തിയ വകഭേദമായ ‘ഹൈലൈൻ പ്ലസ്’ വിൽപ്പനയ്ക്കെത്തി. കാറിന്റെ പെട്രോൾ വകഭേദങ്ങൾക്ക് മുംബൈ ഷോറൂമിൽ 10.84 ലക്ഷം രൂപയാണു വില. 1.5 ടി ഡി ഐ ഡീസൽ വകഭേദങ്ങൾക്ക് 12.20 ലക്ഷം രൂപ മുതൽ 13.42 ലക്ഷം രൂപ വരെയാണു വില. കരുത്തേറിയ 1.2 ലീറ്റർ ടി എസ് ഐ പെട്രോളിനാവട്ടെ 12.06 ലക്ഷം രൂപയാണു വില.

പൂർണ എൽ ഇ ഡി ഹെഡ്ലാംപ്, എൽ ഇഡി ഡേടൈം റണ്ണിങ് ലാംപ്, റിയർവ്യൂ കാമറ തുടങ്ങിയവയെല്ലാമായാണ് ‘വെന്റോ ഹൈലൈൻ പ്ലസി’ന്റെ വരവ്. ഒ വി ആർ എം ടേൺ ഇൻഡിക്കേറ്റർ, സിർകൊണിയ അലോയ്വീൽ, ഓട്ടമാറ്റിക് റെയിൻ സെൻസിങ് വൈപ്പർ തുടങ്ങിയവയും കാറിലുണ്ട്. അകത്തളത്തിലാവട്ടെ എയർ കണ്ടീഷനിങ് വെന്റ്, ഓട്ടോ ഡിമ്മിങ് ഐ വി ആർ എം, കൂൾഡ് ഗ്ലൗ ബോക്സ്, മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ തുടങ്ങിയവയുണ്ട്. 

ഫോക്സ്‌വാഗന്റെ ഇന്ത്യയിലെ ഉൽപന്ന ശ്രേണിയിലെ അനിവാര്യ ഘടകമാണ് ‘വെന്റോ’യെന്നു ഫോക്സ്വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ മാനേജിങ് ഡയറക്ടർ തിയറി ലെസ്പിയൊക് അഭിപ്രായപ്പെട്ടു. ഫോക്സ്വാഗന്റെ സവിശേഷ ഡി എൻ എയും ആകർഷക രൂപകൽപ്പനയും മുന്തിയ സാങ്കേതികവിദ്യയും മികച്ച സുരക്ഷാ സംവിധാനങ്ങളുമൊക്കെയായി ‘വെന്റോ ഹൈലൈൻ പ്ലസ്’ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2010ൽ ഇന്ത്യയിലെത്തിയ ‘വെന്റോ’യുടെ കഴിഞ്ഞ 2016 ഏപ്രിൽ — 2017 ഫെബ്രുവരി കാലത്തെ വിൽപ്പന 8,977 യൂണിറ്റായിരുന്നു.