ലക്സസ് ‘എൽ എക്സ് 450 ഡി’ ഇന്ത്യയിൽ; വില 2.32 കോടി

Lexus LX 450D

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലക്സസിന്റെ എസ് യു വിയായ ‘എൽ എക്സ് 450 ഡി’ ഇന്ത്യയിൽ വിൽപ്പന തുടങ്ങുന്നു. 2.32 കോടി രൂപയാവും ‘എൽ എക്സ് 450 ഡി’ക്ക് ഇന്ത്യയിലെ ഷോറൂമിൽ വില. ഇതോടെ രണ്ടു സങ്കര ഇന്ധന മോഡലുകളും ഡീസൽ എൻജിനുള്ള എസ് യു വിയുമാണ് ലക്സസിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണിയിലുള്ളത്.

 ടൊയോട്ട ‘ലാൻഡ് ക്രൂസറി’നെ പോലെ ലാഡർ ഓൺ ഫ്രെയിം ഷാസിയാണു ലക്സസ് ‘എൽ എക്സ് 450 ഡി’യുടെയും അടിത്തറ. 4.5 ലീറ്റർ, വി എയ്റ്റ് ഡീസൽ എൻജിനാണു വാഹനത്തിനു കരുത്തേകുന്നത്; പരമാവധി 261 ബി എച്ച് പി വരെ കരുത്തും 650 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. എല്ലാ വകഭേദത്തിലും ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘എൽ എക്സ് 450 ഡി’യുടെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. നിലവിൽ ഇന്ത്യയിൽ ലക്സസ് വിൽക്കുന്ന മോഡലുകളിൽ സങ്കര ഇന്ധന സാങ്കേതികവിദ്യ ലഭ്യമല്ലാത്തത് ‘എൽ എക്സ് 450 ഡി’യിൽ മാത്രമാണ്.

നേരത്തെ മൂന്നു മോഡലുകളുമായാണ് ലക്സസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്: ‘ആർ എക്സ് ഹൈബ്രിഡി’ന് 1.07 കോടി രൂപയും ‘ആർ എക്സ് എഫ് സ്പോർട് ഹൈബ്രിഡി’ന് 1.09 കോടി രൂപയും സെഡാനായ ‘ഇ എസ് 300 എച്ച് ഹൈബ്രിഡി’ന് 55.27 ലക്ഷം രൂപയുമായിരുന്നു ഡൽഹി ഷോറൂമിലെ വില. ആഡംബര കാറുകൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ലക്സസിനെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. ഒപ്പം ആഡംബര വാഹനങ്ങൾ മോഹിക്കുന്ന ടൊയോട്ട ഉപയോക്താക്കളെയും കമ്പനി ലക്സസിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഡൽഹി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു ഡീലർഷിപ്പുകൾ വഴിയാവും ലക്സസ് ഇന്ത്യയിലെ കാർ വിൽപ്പന ആരംഭിക്കുക. ഇതൊടൊപ്പം ചണ്ഡീഗഢ്, ഹൈദരബാദ്, ചെന്നൈ, കൊച്ചി നഗരങ്ങളിൽ കാർ സർവീസിങ്ങിനുള്ള സൗകര്യവും ഏർപ്പെടുത്തും.