ഹോണ്ട ‘ആഫ്രിക്ക ട്വിൻ’ ഇന്ത്യയിൽ; വില 12.9 ലക്ഷം

Honda Africa Twin DCT

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ പ്രീമിയം മോട്ടോർ സൈക്കിളായ ‘ഹോണ്ട ആഫ്രിക്ക ട്വിൻ’ ഇന്ത്യൻ വിപണിയിലെത്തി. അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽപെട്ട ബൈക്കിന് 12.90 ലക്ഷം രൂപയാണ് ഡൽഹി ഷോറൂമിൽ വില. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ജൂലൈയോടെ ‘ആഫ്രിക്ക ട്വിൻ’ കൈമാറുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ആദ്യഘട്ടത്തിൽ 50 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ടാവുകയെന്നു ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. 22 വിങ് വേൾഡ് ഡീലർഷിപ്പുകൾ വഴിയാവും ‘ആഫ്രിക്ക ട്വിൻ’ വിൽപ്പന. പ്രാദേശികമായി അസംബ്ൾ ചെയ്തു വിൽപ്പനയ്ക്കെത്തുന്ന ബൈക്ക് വിക്ടറി റെഡ് നിറത്തിൽ മാത്രമാണ് ഇന്ത്യയിൽ ലഭിക്കുക.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ എച്ച് എം എസ് ഐ പ്രദർശിപ്പിച്ച ‘ആഫ്രിക്ക ട്വിന്നി’നു കരുത്തേകുക 998 സി സി, പാരലൽ ട്വിൻ എൻജിനാണ്; പരമാവധി 95.3 പി എസ് കരുത്തും 98 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇരട്ട ക്ലച് ട്രാൻസ്മിഷനാണു ഗീയർബോക്സ്. ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിൽ തന്നെ ആന്റി ലോക്ക് ബ്രേക്കും ട്രാക്ഷൻ കൺട്രോളുമൊക്കെ ലഭ്യമാണ്. ഉയരം ക്രമീകരിക്കാവുന്ന സീറ്റും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റുമാണു ബൈക്കിലുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റാലിയായ ഡാകർ റാലിയുമായി അഭേദ്യബന്ധമുള്ള ബൈക്കാണ് ‘ആഫ്രിക്ക ട്വിൻ’ എന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തുന്ന ‘ആഫ്രിക്കൻ ട്വിന്നി’ന്റെ ആദ്യ 50 ബുക്കിങ്ങുകൾ സ്വന്തമാക്കുന്നവരെ യഥാർഥ സാഹസികതയാണു കാത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക വിപണിയിൽ ട്രയംഫ് ‘ടൈഗർ’ സുസുക്കി ‘ വി ക്രോസ്’, വൈകാതെ നിരത്തിലെത്തുന്ന ഡ്യുകാറ്റി ‘മൾട്ടിസ്ട്രാഡ 950’ തുടങ്ങിവയാണ് ഹോണ്ട ‘ആഫ്രിക്ക ട്വിന്നി’ന്റെ എതിരാളികൾ.