സ്കൂട്ടറിനും ബൈക്കിനുമിടയിൽ ‘ക്ലിക്ക്’

Honda Cliq

യുവജനങ്ങളെ ലക്ഷ്യമിട്ടും സ്കൂട്ടർ വിപണിയിൽ സ്വാധീനം ശക്തമാക്കാനും ലക്ഷ്യമിട്ടു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ‘ക്ലിക്’ പുറത്തിറക്കി. 110 സി സി എൻജിനുള്ള ‘ക്ലിക്കി’ന് 42,499 രൂപയാണ് ഡൽഹി ഷോറൂമിൽ വില.

കയറ്റുമതിയടക്കം എച്ച് എം എസ് ഐയുടെ മൊത്തം വിൽപ്പനയിൽ 61 ശതമാനവുമെത്തുന്നതു സ്കൂട്ടർ വിഭാഗത്തിൽ നിന്നാണ്. സ്കൂട്ടർ വിപണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ളതാവട്ടെ ഹോണ്ടയുടെ ‘ആക്ടീവ’യ്ക്കാണ്. സ്കൂട്ടറിനും ബൈക്കിനുമിടയിൽ സ്ഥാനം പിടിക്കുന്ന ‘നവി’യടക്കം അഞ്ചു ഗീയർരഹിത സ്കൂട്ടറുകളാണ് എച്ച് എം എസ് ഐയുടെ ഉൽപന്ന ശ്രേണിയിലുള്ളത്. ഈ മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ‘ക്ലിക്കി’ന്റെ വരവ്.

ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളിൽ പകുതിയോളം 100 — 110 സി സി എൻജിനുള്ള വിഭാഗത്തിലുള്ളവയാണെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ വെളിപ്പെടുത്തി. ഓട്ടമാറ്റിക് സ്കൂട്ടറുകളുടെ വിൽപ്പനയാവട്ടെ കഴിഞ്ഞ വർഷങ്ങൾക്കിടയിൽ കുതിച്ചുയർന്നിട്ടുണ്ട്. അധിക മൂല്യവും സൗകര്യവും യാത്രാസുഖവുമൊക്കെ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്കൂട്ടറാണ് ‘ക്ലിക്’ എന്നും അദ്ദേഹം അവകാശപ്പെട്ടു.രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിൽ നിർമിക്കുന്ന ‘ക്ലിക്’ തുടക്കത്തിൽ രാജസ്ഥാനിൽ മാത്രമാണു വിൽപ്പനയ്ക്കുണ്ടാവുക. ക്രമേണ മറ്റു സംസ്ഥാനങ്ങളിലും സ്കൂട്ടർ വിൽപ്പനയ്ക്കെത്തും. ഉത്സവകാലത്തോടെ ‘ക്ലിക്’ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നാണു ഹോണ്ടയുടെ പ്രതീക്ഷ.

പിന്നിൽ കാരിയർ, വീതിയേറിയ ഫുട്ബോർഡ്, സീറ്റിനടിയിൽ ആവശ്യത്തിനു സംഭരണസ്ഥലം തുടങ്ങിയവയ്ക്കൊപ്പം അധിക ഗ്രിപ്പിനായി ഇതാദ്യമായി ബ്ലോക്ക് പാറ്റേൺ ടയറുകളും എച്ച് എം എസ് ഐ ‘ക്ലിക്കി’ൽ ലഭ്യമാക്കുന്നുണ്ട്. ആകർഷക രൂപകൽപ്പനയിലൂടെ സ്ത്രീ, പുരുഷ ഭേദമില്ലാതെ യുവാക്കളെ ആകർഷിക്കാൻ ‘ക്ലിക്കി’നു കഴിയുമെന്നാണ് എച്ച് എം എസ് ഐയുടെ പ്രതീക്ഷ. മലിനീകര നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന 110 സി സി എൻജിനാണു ‘ക്ലിക്കി’ലുള്ളത്; എട്ടു ബിച്ച് പി വരെ കരുത്തും 8.94 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. നാലു നിറങ്ങളിലാണു ‘ക്ലിക്’ വിപണിയിലുള്ളത്.