‘സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡ്’ വില 9.32 ലക്ഷം

Ducati Scrambler Desert Sled

ഇറ്റാലിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി ഇന്ത്യയുടെ ‘സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡ്’ വിൽപ്പനയ്ക്കെത്തി; 9.32 ലക്ഷം രൂപയാണു വില. ഇതോടൊപ്പം മലിനീകരണ നിയന്ത്രണത്തിൽ യൂറോ നാല് നിലവാരം പാലിക്കുന്ന‘സ്ക്രാംബ്ലർ ഐകൺ’, ‘സ്ക്രാംബ്ലർ ക്ലാസിക്’ ബൈക്കുകളും ഡ്യുകാറ്റി അവതരിപ്പിച്ചിട്ടുണ്ട്; യഥാക്രമം 7.23 ലക്ഷം രൂപയും 8.48 ലക്ഷം രൂപയുമാണ് ഇവയുടെ ഷോറൂം വില.   കലിഫോണിയയിലെ പർവതനിരകളിലും മരുഭൂമികളിലുമൊക്കെ 1960 — 70 കാലഘട്ടത്തിൽ യു എസ് മോട്ടോർ സൈക്ലിങ് ഇതിഹാസം രചിച്ച  ഓഫ് റോഡ് ബൈക്കുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ‘സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡി’ന്റെ വരവ്.  

മലിനീകരണ നിയന്ത്രണത്തിൽ യൂറോ നാല് നിലവാരം പാലിക്കുന്ന, 803 സി സി, ഇരട്ട സിലിണ്ടർ, എയർ ആൻഡ് ഓയിൽ ഓയിൽ കൂൾഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. 8,250 ആർ പി എമ്മിൽ 75 ബി എച്ച് പി വരെ കരുത്തും 5,750 ആർ പി എമ്മിൽ 68 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ഓഫ് റോഡ് ശേഷി മെച്ചപ്പെടുത്താനായി പരിഷ്കരിച്ച ഫ്രെയിം, സസ്പെൻഷൻ, ഉയർന്ന മഡ്ഗാഡ്, ടൈപ് അപ്രൂവ്ഡ് ഹെഡ്ലൈറ്റ് മെഷ് ഗാഡ്, എൻജിൻ സ്കിഡ് പ്ലേറ്റ് എന്നിവയൊക്കെ ‘സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡി’ൽ ഡ്യുകാറ്റി ഘടിപ്പിച്ചിട്ടുണ്ട്. മുൻ — പിൻ സസ്പെൻഷനുകൾക്ക് 200 എം എം അധിക ട്രാവൽ ഉറപ്പാക്കിയതോടെ റൈഡിങ് പൊസിഷനിലും കാര്യമായ വ്യത്യാസമുണ്ട്. 

ഓഫ് റോഡിങ് അനായാസം സാധ്യമാക്കുന്ന വിഭാഗത്തിൽ ഇടംപിടിക്കുന്ന മോട്ടോർ സൈക്കിളാണു പുതിയ അവതരണമായ ‘സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡ്’ എന്നു ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ സെർജി കനൊവാസ് ഗാരിഗ അഭിപ്രായപ്പെട്ടു. രണ്ട് വീലും വീതിയേറിയ ഹാൻഡിൽ ബാറും അലങ്കാരങ്ങളിലാത്ത എൻജിനും അന്തമില്ലാത്ത ആഹ്ലാദവുമാണ് ‘ഡസേർട്ട് സ്ലെഡ്’ വാഗ്ദാനം ചെയ്യുന്നത്. നിരത്തില്ലാത്ത സ്ഥലങ്ങളിലെ യാത്രകൾക്കു മാത്രമല്ല, നഗരവീഥികൾക്കും ഈ ബൈക്ക് അനുയോജ്യമാണെന്ന് ഗാരിഗ അവകാശപ്പെട്ടു. സവിശേഷ അക്സസറി, അപ്പരൽ ശ്രേണി സഹിതമാണു ‘സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡി’ന്റെ വരവ്.