‘റേഞ്ച് റോവറി’ന് ‘എസ്‌വി ഓട്ടോബയോഗ്രഫി’ പതിപ്പ്

Range Rover Autobiography

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറിൽ നിന്ന് ‘റേഞ്ച് റോവറി’ന്റെ മുന്തിയ വകഭേദമായ ‘എസ് വി ഓട്ടോബയോഗ്രഫി ഡൈനമിക്’ വിൽപ്പനയ്ക്കെത്തി. 2.78 കോടി രൂപയാണു കാറിന്റെ ഇന്ത്യയിലെ ഷോറൂം വില. ആഡംബരവും സാഹസികതയും സമന്വയിക്കുന്ന പാക്കേജാണ്  ഈ ‘റേഞ്ച് റോവറി’ൽ ജെ എൽ ആർ അവതരിപ്പിക്കുന്നത്. സാധാരണ വീൽ ബേസുള്ള ‘റേഞ്ച് റോവർ’ അടിത്തറയാക്കി സ്പെഷൽ വെഹിക്കിൾ ഓപ്പറേഷൻസ്(എസ് വി ഒ) ആണ് ‘റേഞ്ച് റോവർ എസ് വി ഓട്ടോബയോഗ്രഫി ഡൈനമിക്’ യാഥാർഥ്യമാക്കുന്നത്.

കാറിനു കരുത്തേകുന്നത് അഞ്ചു ലീറ്റർ സൂപ്പർ ചാർജ്ഡ് വി എയ്റ്റ് എൻജിനാണ്; പരമാവധി 550 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.ഗ്രാഫൈറ്റ് അറ്റ്ലസ് അക്സന്റ്, ചുവപ്പ് ബ്രെംബൊ ബ്രേക്ക് കാലിപ്പർ, പുത്തൻഅലോയ് വീൽ എന്നിവയൊക്കെ ‘റേഞ്ച് റോവർ എസ് വി ഓട്ടോബയോഗ്രഫി ഡൈനമിക്കി’ൽ ജെ എൽ ആർ ലഭ്യമാക്കുന്നുണ്ട്. അകത്തളത്തിലാവട്ടെ നാലു നിറങ്ങളിലുള്ള ഡയണ്ട് ക്വിൽറ്റഡ് സീറ്റ്, റോട്ടറി ഷിഫ്റ്ററിൽ ചുവപ്പ് കീ ലൈൻ, ഗ്രാൻഡ് ബ്ലാക്ക് നിറത്തിലുള്ള മുൻ പിൻ ഡോർ വെനീർ തുടങ്ങിയവയുമുണ്ട്. 

എസ് വി ഒ ശ്രേണിയിൽ ജെ എൽ ആർ ഇന്ത്യയിൽ ലഭ്യമാക്കുന്ന നാലാമതു മോഡലാണ് ‘റേഞ്ച് റോവർ എസ് വി ഓട്ടോബയോഗ്രഫി ഡൈനമിക്’; നേരത്തെ ‘ലാൻഡ് റോവർ എസ് വി ഓട്ടോബയോഗ്രഫി’, ‘റേഞ്ച് റോവർ സ്പോർട് എസ് വി ആർ’, ‘ജഗ്വാർ എഫ് ടൈപ് എസ് വി ആർ’ എന്നിവ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ ‘മെഴ്സീഡിസ് ബെൻസ് ജി 63 എ എം ജി’യാവും ‘റേഞ്ച് റോവർ എസ് വി ഓട്ടോബയോഗ്രഫി ഡൈനമിക്കി’ന്റെ എതിരാളി.