ഉത്സവാകലത്ത് ‘ടിയാഗൊ വിസു’മായി ടാറ്റ

Tiago Wizz Limited Edition

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ പരിമിതകാല പതിപ്പ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി; ‘ടിയാഗൊ വിസ്’ എന്നാണ് പുതിയ മോഡലിന്റെ പേര്.  മറ്റു നിർമാതാക്കളുടെ ശൈലി കടമെടുത്ത് സാധാരണ ‘ടിയാഗൊ’യ്ക്കൊപ്പം പുത്തൻ അക്സസറി കിറ്റ് ലഭ്യമാക്കിയാണു ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ വിസ്’ യാഥാർഥ്യമാക്കുന്നത്. ‘ടിയാഗൊ’യുടെ സ്പോർട്ടി പതിപ്പായി വാഴ്ത്തപ്പെടുന്ന ‘വിസി’ന്റെ പെട്രോൾ വകഭേദത്തിന് 4.52 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഡീസൽ ‘വിസ്’ ലഭിക്കാൻ 5.30 ലക്ഷം രൂപ മുടക്കണം.

കറുപ്പ് റൂഫ് — സ്പോയ്ലർ, ബെറി റെഡ് ഗ്രിൽ ഹൈലൈറ്റ്, കറുപ്പ് നിറമടിച്ച ബി പില്ലർ, ചുവപ്പ് അക്സന്റോടെ ഇരട്ട വർണ വീൽ കവർ തുടങ്ങി കാറിനെ സ്പോർട്ടിയാക്കാനുള്ള ശ്രമങ്ങളാണു ‘ടിയാഗൊ വിസി’ന്റെ ബാഹ്യഭാഗത്തു പ്രകടം. പിയാനൊ ബ്ലാക്ക് ഫിനിഷിനൊപ്പം സ്പോർട്ടി റെഡ് അക്സന്റും ചേർന്ന് ഇരട്ട വർണമുള്ള അകത്തളത്തിലാവട്ടെ പുതിയ പാറ്റേണിലുള്ള സീറ്റ് ഫാബ്രിക്കും ഇടംപിടിക്കുന്നു. റൂഫ് റയിലന്റി വരവും കാറിനു കൂടുതൽ കാഴ്ചപ്പകിട്ടു പകരുന്നുണ്ട്.സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ടിയാഗൊ വിസി’ന്റെയും വരവ്. 1.2 ലീറ്റർ പെട്രോൾ, 1.05 ലീറ്റർ ഡീസൽ എൻജിനുകളാണു കാറിനു കരുത്തേകുക. 

‘ടിയാഗൊ’യുടെ വിജയം ആഘോഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഉത്സവകാലത്ത് ‘ടിയാഗൊ വിസ്’ എന്ന പരിമിതകാല പതിപ്പ് പുറത്തിറക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് വിശദീകരിച്ചു. ടാറ്റയെ സംബന്ധിച്ചിടത്തോളം കളിനിയമങ്ങൾ പൊളിച്ചെഴുതുന്ന പ്രകടനമാണു ‘ടിയാഗൊ’ കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അരങ്ങേറ്റ വേള മുതൽ മികച്ച സ്വീകാര്യത കൈവരിച്ച ‘ടിയാഗൊ’ മാസം തോറും വിൽപ്പന വർധിപ്പിച്ചാണു മുന്നേറുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.