അമ്പരപ്പിക്കുന്ന വിലയിൽ ടാറ്റ നെക്സോൺ വിപണിയിൽ

Tata Nexon

കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് വിപണി പിടിക്കാൻ അമ്പരപ്പിക്കുന്ന വിലയിൽ ടാറ്റ നെക്സോൺ. പെട്രോൾ പതിപ്പിന് 5.85 ലക്ഷം രൂപ മുതൽ 8.59 ലക്ഷം രൂപ വരെയും ഡീസൽ പതിപ്പിന് 6.85 ലക്ഷം മുതൽ 9.44 ലക്ഷം രൂപവരെയുമാണ് ന്യൂഡൽഹി എക്സ്ഷോറൂം വില. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര ടിയുവി 300 തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് നെക്സോൺ മത്സരിക്കുക.

നേരത്തെ നെക്സോണിന്റെ പ്രീ ബുക്കിങ് ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 5,000  മുതൽ 11,000 രൂപ വരെ മുൻകൂർ ഈടാക്കിയാണു കമ്പനി ‘നെക്സോൺ’ ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്. സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാത്ത ‘നെക്സോണി’ൽ റിസ്റ്റ് ബാൻഡ് കീ, ഡ്രൈവിങ് മോഡ്, സ്ലൈഡിങ് ടാംബൂർ തുടങ്ങി ഈ വിഭാഗത്തിൽ തന്നെ ഇതാദ്യമായി ഇടംപിടിക്കുന്ന പുതുമകളും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Tata Nexon

മികച്ച സുരക്ഷ ഉറപ്പാക്കാൻ ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ആധുനിക ഡ്യുവൽ പാത്ത് സസ്പെൻഷൻ, കോണർ സ്റ്റെബിലിറ്റി, റിയർവ്യൂ പാർക്കിങ് സെൻസർ, കാമറ, ഐസോഫിക്സ് റിയർ ഔട്ട്ബോഡ് എന്നിവയൊക്കെ ‘നെക്സണി’ലുണ്ടാവും. ഷാർക് ഫിൻ ആകൃതിയുള്ള ആന്റിന, സഹയാത്രികയ്ക്കായി വാനിറ്റി മിറർ, മുന്നിലും പിന്നിലും 12 വോൾട്ട് പവർ ഔട്ട്പുട്ട്, സമ്പൂർണ പവർ വിൻഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ, ഫോൾഡബ്ൾ ഔട്ടർ റിയർവ്യൂ മിറർ എന്നിവയും ഈ എസ് യു വിയിലുണ്ട്.

Tata Nexon

മുൻ വാതിലുകളിൽ രണ്ട് കുടകൾ സൂക്ഷിക്കാനുള്ള ഇടവും ടിൽറ്റ് സ്റ്റീയറിങ് സഹിതം ഇ പി എസും ഇലക്ട്രിക് ടെയിൽ ഗേറ്റ് അൺലോക്കും അപ്രോച്ച് ലാംപും സഹിതം റിമോട്ട് കീയും സ്റ്റൈൽ സമ്പന്നമായ റൂഫ് റയിലുമൊക്കെ ‘നെക്സ’ന്റെ സവിശേഷതകളാണ്. അകത്തളത്തിൽ ആവശ്യത്തിനു സ്ഥലസൗകര്യത്തിനൊപ്പം 31 സംഭരണ സ്ഥലങ്ങളാണു വാഹനത്തിൽ ടാറ്റ മോട്ടോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘നെക്സോൺ’ വിൽപ്പനയ്ക്കെത്തും. ‘റെവോട്രോൺ’ ശ്രേണിയിൽ പുതിയ 1.2 ലീറ്റർ പെട്രോൾ എൻജിനും ‘റെവോടോർക്’ ശ്രേണിയിൽ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനും ഉയർന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവുമാണ്ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. 

Tata Nexon

നാലു സിലിണ്ടർ ഡീസൽ എൻജിന് 3,750 ആർ പി എമ്മിൽ 110 പി എസ് വരെ കരുത്തും 1,500 — 2,750 ആർ പി എം നിലവാരത്തിൽ 260 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആർ പി എമ്മിലെ 110 പി എസ് ആണ്. 2,000 — 4,000 ആർ പി എമ്മിലെ 170 എൻ എമ്മാണ് ഈ എൻജിന്റെ പരമാവധി ടോർക്. പെട്രോൾ എൻജിനു ലീറ്ററിന് 18 കിലോമീറ്ററും ഡീസൽ എൻജിന് 23 കിലോമീറ്ററുമാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.