ജീപ്പ് കോംപസിന്റെ ഭീഷണിയെ ചെറുക്കാൻ ആഡംബരം നിറച്ച് പുതിയ എക്സ്‌യുവി 500

XUV 500

ജീപ്പ് എന്നും ഇന്ത്യക്കാരുടെ ആവേശമായിരുന്നു. മഹീന്ദ്രയുടെ തോളേറി ഇന്ത്യയിൽ എത്തിയ അമേരിക്കൻ നിർമാതാക്കളായ ജീപ്പ് ഇന്ത്യയിൽ മഹീന്ദ്രയുടേതായി മാറി. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ജീപ്പ് തിരിച്ചെത്തിയപ്പോൾ ഭീഷണിയാകുന്നത് രാജ്യത്തെ ഏറ്റവും വലിയ യുട്ടിലിറ്റി വെഹിക്കിൽ നിർമാതാക്കളായ മഹീന്ദ്രയ്ക്കു തന്നെ. വിലകൊണ്ട് വിപണിയെ ഞെട്ടിച്ച ചെറു ജീപ്പ് കോംപസിന്റെ വരവ് ഏറ്റവും അധികം ബാധിച്ച വാഹനങ്ങളിലൊന്നായിരുന്നു എക്സ്‌യുവി 500 എന്ന മഹീന്ദ്രയുടെ ഗ്ലോബൽ എസ്‌യുവി.

വിപണിയിൽ തരംഗമായി മുന്നേറുന്ന കോംപസ് ഉയർത്തുന്ന ഭീഷണി മറികടക്കാൻ എക്സ്‌യുവിക്ക് പുതിയ വകഭേദവുമായി എത്തിയിരിക്കുന്നു മഹീന്ദ്ര. ഡബ്ല്യു 9 എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റെ മാനുവൽ പതിപ്പിന് 15.45 ലക്ഷം രൂപയുടെ ഓട്ടമാറ്റിക്ക് പതിപ്പിന് 16.53 ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.

മുന്തിയ വകഭേദമായ ഡബ്ല്യു 10ൽ ഉള്ള ഫീച്ചറുകളുമായിട്ടാണ് പുതിയ മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്. ആന്റി പിഞ്ച് ഫീച്ചറോടു കൂടിയ ഇലക്ട്രിക്ക് സൺറൂഫ്, ഡയനാമിക് അസിസ്റ്റോടു കൂടിയ റിവേഴ്സ് ക്യാമറ, ഏഴ് ഇ‍ഞ്ച്  ടച്ച് സ്ക്രീൻ ഇൻഫോടെൻമെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളുമായിട്ടാണ് ഡബ്ല്യു 9 എത്തിയിരിക്കുന്നത്. എൻജിനിൽ‌ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.2 ലീറ്റർ എൻജിന് 140 ബിഎച്ച്പി കരുത്തും 330 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് ഓട്ടമാറ്റിക്ക് മാനുവൽ ഗിയർ‌ബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ജീപ്പ് കോംപസിനെ കൂടാതെ ഹ്യുണ്ടേയ് ക്രേറ്റ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് എക്സ്‌യുവി മത്സരിക്കുക.