‘കൂൾ’ ക്രൂസറുമായി സുസുക്കി

Suzuki intruder

ക്രൂസർ വിപണിയിൽ ബജാജ് അവഞ്ചറിന് ഭീഷണിയുമായി സുസുക്കി. നിലവിൽ ബജാജിന്റെ ‘അവഞ്ചർ’ മാത്രമുള്ള വിപണിയിൽ പുതിയ ബൈക്ക് പുറത്തിറക്കുന്നത് സുസുക്കിക്ക് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂസർ മേഖലയിലേക്കുള്ള തങ്ങളുടെ ചുവടുവയ്പ്പാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുസുക്കി ടൂ വീലേഴ്‌സ് പുതിയ  ഇൻട്രൂഡറിനെ അവതരിപ്പിച്ചത്.

155 സിസി കപ്പാസിറ്റിയുള്ള എൻജിൻ ഉപയോഗിക്കുന്ന ബൈക്ക് 8000 ആർപിഎമ്മിൽ 14 ബിഎച്ച്പി കരുത്തും 6000 ആർപിഎമ്മിൽ 14 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 44 കിലോമീറ്ററാണ് ഇന്ധന ക്ഷമത. സ്റ്റാൻഡേർഡ് എബിഎസ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എസ്ഇപി എൻജിൻ, ഇരട്ട എക്‌സ്‌ഹോസ്റ്റ്് തുടങ്ങിയ സവിശേഷതകളും ഇൻട്രൂഡറിലുണ്ട്. വലിയ വീൽ ബെയ്‌സ്, ഉയരം കുറഞ്ഞതും നീളമേറിയതുമായ ബോഡി, താഴ്ന്ന സീറ്റുകൾ എന്നിവ ദൈനംദിന - വാരാന്ത്യ ആവശ്യങ്ങൾക്ക് ഒരുപോലെ ഉതകും. ഡൽഹി ഷോറൂം വില 98,340 രൂപ.