ബി എസ് ഫോർ നിലവാരത്തോടെ ‘ആക്ടീവ ഫോർ ജി’

Activa 4G

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള ‘ആക്ടീവ ഫോർ ജി’ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) നിരത്തിലിറക്കി. പരിഷ്കരിച്ച 110 സി സി എൻജിനുള്ള ഗീയർരഹിത സ്കൂട്ടറിന് 50,730 രൂപയാണ് ഡൽഹിയിലെ ഷോറൂം വില. ബി എസ് നാല് നിലവാരമുള്ള എൻജിനൊപ്പം ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ) സൗകര്യവുമായാണു പുതിയ ‘ആക്ടീവ ഫോർ ജി’യുടെ വരവ്. മൊബൈൽ ചാർജിങ് സോക്കറ്റ്, ഇക്വലൈസർ സാങ്കേതികവിദ്യയുള്ള കോംബി ബ്രേക്ക് തുടങ്ങിയവയും സ്കൂട്ടറിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറുന്ന വിഭാഗമാണു 110 സി സി ഓട്ടമാറ്റിക് സ്കൂട്ടറുകൾ. ഈ വിപണിയിൽ 58% വിഹിതമാണ് എച്ച് എം എസ് ഐ അവകാശപ്പെടുന്നത്; ഇതുവരെ ഒന്നര കോടി ‘ആക്ടീവ’യാണ് ഹോണ്ട ഇന്ത്യയിൽ വിറ്റത്. രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ഗീയർരഹിത സ്കൂട്ടറാണ് ‘ആക്ടീവ’യെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ഒന്നര കോടിയോളം ഇന്ത്യക്കാരാണ് ‘ആക്ടീവ’യിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്. 2016ൽ ഇന്ത്യയിലെന്നല്ല ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം വിൽപ്പന നേടിയ സ്കൂട്ടറാണ് ‘ആക്ടീവ’യെന്നും ഗുലേറിയ അവകാശപ്പെട്ടു.