പുതിയ ഹോണ്ട സിറ്റി വിപണിയിൽ, വില 8.49 ലക്ഷം മുതൽ

Honda City 2017

ഹോണ്ടയുടെ ജനപ്രിയ സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. വില 8.49 ലക്ഷം മുതൽ 13.56 ലക്ഷം രൂപ വരെ. പുറത്തും അകത്തും മാറ്റങ്ങളുമായാണ് പുതിയ സിറ്റി പുറത്തിറങ്ങിയിരിക്കുന്നത്. 1998 ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സിറ്റിയുടെ നാലാം തലമുറയുടെ ഫെയ്സ് ലിഫ്റ്റ് വേർഷനാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 2013 ൽ വിപണിയിലെത്തിയ നാലാം തലമുറയുടെ 2.20 ലക്ഷം യൂണിറ്റുകൾ പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Honda City 2017 Price

പുതിയ മുൻ-പിന്‍ ബംബറുകളും ഗ്രില്ലുമാണ് പ്രധാന മാറ്റങ്ങൾ. എൽഇഡി ഡേ ടൈം റണ്ണിങ് ലാംപുകൾ എല്ലാ വകഭേദങ്ങളിലും നൽകിയിട്ടുണ്ട്. കൂടാതെ എൽഇഡി ഫോഗ്‌ ലാംപുമുണ്ട്. ഉയർന്ന വകഭേദത്തിൽ എൽഇഡി ഹെ‍ഡ്‌ ലാംപുകളും ടെയ്ൽ ലാംപുകളുമാണ് ഉപയോഗിക്കുന്നത്. 16 ഇ‍ഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും റീഡിസൈൻഡ് ഇന്റീരിയറുമുള്ള പുതിയ സിറ്റിയിൽ ഫീച്ചറുകളും സൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

Honda City 2017

വാഹനത്തെ കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്‍മെന്റിലെ തങ്ങളുടെ മേധാവിത്വം നിലനിർത്താനായിരിക്കും ഹോണ്ട ശ്രമിക്കുന്നത്. എല്ലാ വകഭേദത്തിലും രണ്ട് എയർബാഗും എബിഎസും നൽകുമ്പോൾ ഉയർന്ന വകഭേദത്തിൽ ആറ് എയർ‌ബാഗുകൾ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ സിറ്റി പുറത്തിറക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Honda City 2017

ഹോണ്ടയുടെ കോംപാക്ട് സെ‍ഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലീറ്റർ ഡീസൽ എൻജിനും 1.5 ലീറ്റർ പെട്രോൾ എൻജിനുമാണ് ഉണ്ടാകുക. 100 പിഎസ് കരുത്തും 25.6 കിലോമീറ്റർ മൈലേജും നൽകും ഡീസൽ എൻജിൻ. 119 പിഎസ് കരുത്ത് നൽകും 1.5 ലീറ്റർ‌ പെട്രോൾ എന്‍ജിൻ. പെട്രോൾ, ഡീസൽ വകഭേദങ്ങൾ കൂടാതെ മിഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സിറ്റിയും ഇന്ത്യയിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഹൈബ്രിഡ് വകഭേദം കമ്പനി പുറത്തിറക്കിയിട്ടില്ല.