കരുത്തൻ ക്വിഡ് എത്തി, വില 3.82 ലക്ഷം

ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള കാറുമായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ‘ക്വിഡ്’ ശ്രേണി വിപുലീകരിച്ചു. കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചതാണെന്നും റെനോ ഇന്ത്യ വ്യക്തമാക്കി. ശേഷിയേറി ഒരു ലീറ്റർ എസ് സി ഇ എൻജിനോടെ ‘ക്വിഡി’ന്റെ രണ്ടു വകഭേദങ്ങളാണ് റെനോ പുറത്തിറക്കിയത്: ആർ എക്സ് ടി 1.0, ആർ എക്സ് ടി 1.0 (ഒ). ‘ആർ എക്സ് ടി’ക്ക് 3,82,776 രൂപയാണു ഡൽഹി ഷോറൂമിൽ വില; ‘ആർ എക്സ് ടി 1.0 (ഒ)’ സ്വന്തമാക്കാൻ 3,95,776 രൂപ മുടക്കണം.

കോംപാക്ട് ഹാച്ച്ബാക്കി വിഭാഗത്തിൽ കരുത്തേറിയ എൻജിനുള്ള കാർ ആഗ്രഹിക്കുന്നവരെയാണു പുതിയ ‘ക്വിഡി’ലൂടെ റെനോ നോട്ടമിടുന്നത്. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 800 സി സി എൻജിനുള്ള ‘ക്വിഡി’നെ അപേക്ഷിച്ച് വെറും 22,000 രൂപ മാത്രം അധികമായി ഈടാക്കിയാണു കമ്പനി ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’ന്റെ അടിസ്ഥാന വകഭേദം ലഭ്യമാക്കുന്നത്. നിലവിൽ 800 സി സി എൻജിനോടെയെത്തുന്ന എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന് 2.62 ലക്ഷം മുതൽ 3.67 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില.

പ്രധാനമായും മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’, മാരുതി സുസുക്കി ‘വാഗൻ ആർ’ എന്നിവയോടും പുത്തൻ മോഡലായ ടാറ്റ ‘ടിയാഗൊ’യോടുമാണു ‘ക്വിഡി’ന്റെ മത്സരം.ഇന്ത്യയിലെ സാന്നിധ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം റെനോ കുടുംബത്തിലേക്കു കൂടുതൽ ഇടപാടുകാരെ വരവേൽക്കാനാണു പുതിയ ‘ക്വിഡ്’ അവതരിപ്പിച്ചതെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം ആഗോളതലത്തിലുള്ള സംഘങ്ങൾ ചേർന്നു നിർവഹിച്ച രൂപകൽപ്പനയാണു ‘ക്വിഡി’ന് ആഗോളതലത്തിൽ സ്വീകാര്യത സമ്മാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച പ്രകടനം ഉറപ്പാക്കുംവിധത്തിലാണു റെനോ പുതിയ ഒരു ലീറ്റർ എസ് സി ഇ എൻജിൻ രൂപകൽപ്പന ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയിൽ ‘ക്വിഡ്’ തകർപ്പൻ ജനപ്രീതി കൈവരിച്ച സാഹചര്യത്തിൽ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഇക്കൊല്ലം അവസാനിക്കുംമുമ്പ് 270 ആയി ഉയർത്തുമെന്നു കഴിഞ്ഞ ദിവസം റെനോ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ റെനോയ്ക്ക് ഇന്ത്യയിൽ 205 ഡീലർമാരാണ് ഉണ്ടായിരുന്നത്; ഇപ്പോഴിത് 220 ആയി ഉയർന്നു. പുതിയ ഡീലർഷിപ്പുകളിൽ 70 ശതമാനത്തോളം ചെറുകിട പട്ടണങ്ങളിലാണു തുടങ്ങുന്നതെന്നും റെനോ വ്യക്തമാക്കുന്നു.