‘ക്വിഡ് എ എം ടി’ എത്തി; വില 4.25 ലക്ഷം രൂപ

എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പ് ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ പുറത്തിറക്കി. പ്രാരംഭ വിലയെന്ന നിലയിൽ 4.25 ലക്ഷം രൂപയ്ക്കാണ് ‘ക്വിഡ് എ എം ടി’ ഡൽഹി ഷോറൂമിൽ വിൽപ്പനയ്ക്കെത്തുന്നത്. ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’നെ അപേക്ഷിച്ച് മുപ്പതിനായിരത്തോളം രൂപ വില കൂടുതലാണു ‘ക്വിഡ് എ എം ടി’ക്ക്.
ഉപയോക്താക്കളുടെ മാറുന്ന അഭിരുചി പരിഗണിക്കുമ്പോൾ കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ എ എം ടി സാങ്കേതികവിദ്യ ജനപ്രിയമാവുകയാണെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു. ഈ ശ്രേണിയിലേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായാണു കമ്പനി ‘ക്വിഡ് എ എം ടി’ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിരത്തിലെത്തി ഒരു വർഷത്തിനകം ഒരു ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചാണു ‘ക്വിഡി’ന്റെ മുന്നേറ്റം. അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയിൽ അഞ്ചു ശതമാനം നേടുകയെന്ന ലക്ഷ്യം ‘ക്വിഡി’ലൂടെ കൈവരിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു സാഹ്നി അറിയിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കാർ ‘റെനോ ക്വിഡ് ഈസി ആർ — എ എം ടി’ എന്ന പേരിലാണു വിപണിയിലുള്ളത്. കാറിന്റെ മുന്തിയ വകഭേദങ്ങളായ ‘ആർ എക്സ് ടി’, ‘ആർ എക്സ് ടി (ഒ)’ എന്നിവയാവും എ എം ടിയോടെ എത്തുന്നത്. ഏഴ് ഇഞ്ച് മീഡിയനാവ് ടച് സ്ക്രീൻ ഡിസ്പ്ലേ, റെഡ് ഇൻസർട്ട് സഹിതം ഫാബ്രിക് സീറ്റ് അപ്ഹോൾസ്ട്രി, മുൻ പവർ വിൻഡോ, ഓപ്ഷനൽ ഡ്രൈവർ എയർബാഗ് എന്നിവയെല്ലാം കാറിലുണ്ട്.

ഷിഫ്റ്റ് കൺട്രോൾ ഡയലോടെ എത്തുന്ന കാറിൽ മൂന്നു ഡ്രൈവ് മോഡുകളുണ്ട്: റിവേഴ്സ്, ന്യൂട്രൽ, ഡ്രൈവ് എന്നിവ. ത്രോട്ടിൽ വഴിയുള്ള നിർദേശമില്ലാതെ കാറിനെ മുന്നോട്ടും പിന്നോട്ടും നീങ്ങാൻ അനുവദിക്കുന്ന ‘ക്രോൾ’ ഫംക്ഷനുമുണ്ടാവും. ‘മാരുതി ഓൾട്ടോ കെ ടെന്നി’ലെ ഓട്ടോ ഗീയർ ഷിഫ്റ്റിൽ നിന്നു വ്യത്യസ്തമായി പരമ്പരാഗത രീതിയിലുള്ള ഗീയർ സെലക്ടറോ മാനുവൽ ഷിഫ്റ്റിങ് മോഡോ ഇല്ലാതെയാണു ‘ക്വിഡി’ലെ എ എം ടിയുടെ വരവ്; പകരം സെന്റർ കൺസോളിൽ ഘടിപ്പിച്ച ഡൽ വഴിയാവും ഡ്രൈവ് മോഡ് സെലക്ഷൻ.
ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’നായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഈസി — ആർ എ എം ടി’ യൂണിറ്റാണു കാറിൽ ഇടംപിടിക്കുന്നത്. കാറിലെ 999 സി സി എൻജിനു പരമാവധി 68 പി എസ് വരെ കരുത്തും 91 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മാനുവൽ ട്രാൻസ്മിഷനുള്ള ‘ക്വിഡി’ന് ലീറ്ററിന് 23.01 കിലോമീറ്ററാണ് ഇന്ധനക്ഷമത; എ എം ടി ട്രാൻസ്മിഷൻ സഹിതവും ഇതേ ഇന്ധനക്ഷമത ലഭിക്കുമെന്നാണു പ്രതീക്ഷ.