ഹൈബ്രിഡായി സ്കോർപിയൊ

ഇന്ധനക്ഷമത ഉയർത്തുന്ന മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായ ‘ഇന്റെലി — ഹൈബ്രിഡി’ന്റെ പിൻബലമുള്ള ‘സ്കോർപിയൊ’ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കി. ഈ സാങ്കേതികവിദ്യ സഹിതമെത്തുന്ന പുതുതലമുറ ‘സ്കോർപിയൊ’യുടെ വിവിധ വകഭേദങ്ങൾക്ക് 9.74 മുതൽ 14.01 ലക്ഷം രൂപ വരെയാണു മുംബൈ ഷോറൂമിൽ വില. മുന്തിയ വകഭേദമായ ടു വീൽ ഡ്രൈവ് ‘എസ് 10’ എസ് യു വിയിൽ ‘ഇന്റെലി — ഹൈബ്രിഡ്’ കൂടിയാവുന്നതോടെ വില 12.84 ലക്ഷം രൂപയാവും.

‘സ്കോർപിയൊ’യുടെ ഇന്ധന ഉപയോഗത്തിൽ ഏഴു ശതമാനത്തോളം കുറവാണ് ‘ഇന്റെലി — ഹൈബ്രിഡ്’ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത വേഗ പരിധി പിന്നിടുമ്പോൾ വൈദ്യുത മോട്ടോറിൽ നിന്നുള്ള കരുത്ത് എൻജിനിലെത്തിച്ചും വാഹനം നിശ്ചലാവസ്ഥയിലെത്തുമ്പോഴൊക്കെ എൻജിന്റെ പ്രവർത്തനം നിർത്തിവച്ചുമൊക്കെയാണ് ‘ഇന്റെലി — ഹൈബ്രിഡ്’ ഇന്ധനം ലാഭിക്കുക. ഒപ്പം ബ്രേക്കിങ് വേളയിൽ സൃഷ്ടിക്കുന്ന ഊർജം പാഴായിപ്പോവാതെ ബാറ്ററി ചാർജ് ചെയ്യാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.

സുസ്ഥിര പരിസ്ഥിതിസൗഹൃദ നടപടികൾ വ്യാപിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ സ്ഥാപനമെന്ന നിലയിൽ ‘സ്കോർപിയൊ’യിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവും പ്രസിഡന്റുമായ പ്രവീൺ ഷാ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തലമുറ ‘സ്കോർപിയൊ’യിൽ തന്നെ മൈക്രോ ഹൈബ്രിഡ് സ്റ്റാർട് സ്റ്റോപ് സാങ്കേതികവിദ്യ ലഭ്യമായിരുന്ന കാര്യവും ഷാ ഓർമിപ്പിച്ചു.

‘സ്കോർപിയൊ’യുടെ 2.2 ലീറ്റർ എം ഹോക്ക് എൻജിനൊപ്പം ‘എസ് ഫോർ’, ‘എസ് ഫോർ പ്ലസ്’, ‘എസ് ഫോർ പ്ലസ് ഫോർ വീൽ ഡ്രൈവ്’, ‘എസ് സിക്സ് പ്ലസ്’, ‘എസ് എയ്റ്റ്’, ‘എസ് 10 — ടു വീൽ ഡ്രൈവ്’(മാനുവൽ ട്രാൻസ്മിഷൻ), ‘എസ് 10 ഫോർ വീൽ ഡ്രൈവ്’ (മാനുവൽ ട്രാൻസ്മിഷൻ) വകഭേദങ്ങളിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യം ഇടംപിടിക്കുന്നുണ്ട്.