മെഴ്സീഡിസിന്റെ 2 ‘കൺവെർട്ടബിള്‍’ ഇന്ത്യയിലും

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യ രണ്ടു കൺവെർട്ടബിള്‍ കാറുകൾ കൂടി വിൽപ്പനയ്ക്കെത്തിച്ചു. ഫോൾഡ് എവേ സോഫ്റ്റ് ടോപ് സഹിതമാണ് ‘സി 300 കബ്രിയോളെ’യും ‘എസ് 500 കബ്രിയോളെ’യും വിപണിയിലെത്തിയത്.‘സി 300 കൺവെർട്ടബിളി’ന് 60 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില; ‘എസ് 500 സോഫ്റ്റ് ടോപ്പി’നാവട്ടെ 2.25 കോടി രൂപയും. ഇതോടെ ‘സി ക്ലാസ്’ വിഭാഗത്തിൽ നാലു വകഭേദങ്ങളും ‘എസ് ക്ലാസി’നു കീഴിൽ മൂന്നു മോഡലുകളുമാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്.

രണ്ടു ഡോറുള്ള ‘സി 300 കബ്രിയോളെ’യിലെ ഫോൾഡ് എവേ സോഫ്റ്റ് ടോപ്പും പരിഷ്കരിച്ച ടെയിൽലൈറ്റുകളും ഒഴിവാക്കിയാൽ കാർ ഇന്ത്യയിൽ നിലവിൽ വിൽപ്പനയ്ക്കുള്ള ‘സി ക്ലാസ്’ വകഭേദങ്ങൾക്കു സമാനമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെയുള്ള വേഗത്തിനിടെ വെറും 20 സെക്കൻഡിൽ മടക്കി നീക്കാവുന്ന സോഫ്റ്റ് ടോപ് ആണു കാറിന്റെ പ്രധാന സവിശേഷത. കാറിനു കരുത്തേകുന്നത് രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ്; പരമാവധി 244 പി എസ് കരുത്തും 370 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മറ്റു ‘സി ക്ലാസ്’ മോഡലുകളിൽ ഏഴു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഇടംപിടിക്കുമ്പോൾ റിയൽ വീൽ ഡ്രൈവ് ലേ ഔട്ടുള്ള‘സി 300 കബ്രിയോളെ’യുടെ ഗീയർബോക്സ് നയൻ ജി ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.

നിലവിലുള്ള ‘എസ് ക്ലാസ്’ സെഡാൻ ആധാരമാക്കിയുള്ള ‘എസ് 500 കബ്രിയോളെ’യെ ലോകത്തെ തന്നെ ഏറ്റവും നിശ്ശബ്ദമായ കൺവെർട്ടബിള്‍ എന്നാണു മെഴ്സീഡിസ് ബെൻസ് വിശേഷിപ്പിക്കുന്നത്. 4.7 ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണു കാറിലുള്ളത്; 455 പി എസ് വരെ കരുത്തും 700 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. റിയൽ വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിലും ട്രാൻസ്മിഷൻ നയൻ ജി ട്രോണിക് ഓട്ടമാറ്റിക് ഗീയർ ബോക്സാണ്. 45 വർഷത്തിനു ശേഷം മെഴ്സീഡിസ് ബെൻസ് രൂപകൽപ്പന ചെയ്ത ആദ്യ ‘എസ് ക്ലാസ് കൺവെർട്ട്ബ്ൾ’ എന്നതും ‘എസ് 500 കബ്രിയോളെ’യുടെ സവിശേഷതയാണ്.